തന്നെ ഉന്നംവെച്ച് രവി മോഹൻ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി നടി ഖുശ്ബു. മുൻഭാര്യ ആരതി രവിയുമായുള്ള ദാമ്പത്യപ്രശ്‌നത്തിൽ ഇടപെട്ട് പരാമർശം നടത്തുന്നുവെന്ന് ഒരു നടിക്കെതിരേ പേരുപറയാതെ രവി മോഹൻ ആരോപണം ഉന്നയിച്ചിരുന്നു. 'ഇഡ്ഡലി നടി' എന്ന വിശേഷണത്തോടെയായിരുന്നു രവി മോഹന്റെ പരാമർശം. ഇതിന് മറുപടിയുമായെത്തിയ ഖുശ്ബു, താൻ ശരിയായിരുന്നുവെന്ന് തെളിയിച്ചതിന് നന്ദി എന്ന് സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.

To advertise here,

'ചിലർ അവരുടെ ജനിതകം തെളിയിക്കാൻ പരമാവധി ശ്രമിക്കുന്നു. ഞാൻ ശരിയാണെന്ന് തെളിയിച്ചതിന് നന്ദി', എന്നായിരുന്നു ഖുശ്ബുവിന്റെ കുറിപ്പ്.

മൂന്നക്ഷരത്തിൽ പേരുള്ള ഒരു നടി തന്റെ ജീവിതത്തിൽ ഇടപെടുകയാണെന്നായിരുന്നു രവി മോഹൻ കഴിഞ്ഞദിവസത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. 'മൂന്നക്ഷരത്തിൽ പേരുള്ള ഒരു നടിയുണ്ടല്ലോ, ഇഡ്ഡലി നടികൈ. അവരും എന്റെ പേര് നേരിട്ട് പരാമർശിക്കാതെയാണ് ഓരോന്ന് പറയുന്നത്. അവർ തങ്ങളുടെ കുടുംബം നശിപ്പിച്ചുവെന്ന് അവരുടെ തലമുറയിൽപ്പെട്ട മൂന്ന് സീനിയർ നായകന്മാർ എന്നോട് പറഞ്ഞിട്ടുണ്ട്. അവരാണ് ഇപ്പോൾ എന്റെ ജീവിതത്തെക്കുറിച്ച് പറയാൻ വരുന്നത്. വേറെ എന്തെങ്കിലും പ്രശ്‌നം വന്നാൽ, ഉടനേ ഞാൻ ഫെമിനിസ്റ്റ് ആണെന്ന് പറഞ്ഞു വഴുതി മാറും. ഇതൊക്കെ എന്തു നാടകമാണ്. എന്നെക്കുറിച്ച് പറയാൻ ഇവർക്കെന്താണ് യോഗ്യത', എന്നായിരുന്നു രവി മോഹന്റെ പരാമർശം.

അതേസമയം, കഴിഞ്ഞദിവസം ആരതി പങ്കുവെച്ച കുറിപ്പിന് പിന്തുണയുമായെത്തിയ ഖുശ്ബുവിനെതിരേ സാമൂഹികമാധ്യമങ്ങളിൽ വലിയ വിമർശനം ഉയരുന്നുണ്ട്.

'ഉറങ്ങിക്കിടക്കുന്ന സിംഹത്തെ ഉണർത്താൻ ശ്രമിക്കരുത്. അവളൊരു പെൺസിംഹമാണെങ്കിൽ നിങ്ങളെ രക്ഷിക്കാൻ ദൈവം തന്നെ വരേണ്ടി വരും. എന്റെ മാന്യമായ നിശബ്ദതയെ ഒരിക്കലും ബലഹീനതയായി കാണരുത്. അത് ചൂഷണം ചെയ്യാനും നോക്കരുത്. എന്റെ മക്കളേയും എന്റെ അന്തസ്സിനേയും സംരക്ഷിക്കാൻ വേണ്ടി ഈ സുരക്ഷാവലയത്തിൽനിന്ന് പുറത്തുകടക്കാൻപോലും ഞാൻ തയ്യാറാണ്. സത്യവുമായി ഈ ലോകത്തെ ഞാൻ നേരിടും. കാരണം സത്യം എപ്പോഴും വിജയിക്കുക തന്നെ ചെയ്യും', എന്നായിരുന്ന ആരതിയുടെ കുറിപ്പ്.

'ഒരു അമ്മയോടും ഏറ്റുമുട്ടാൻ നിൽക്കരുത്. അവൾ അവളുടെ കുഞ്ഞുങ്ങളോടൊപ്പമുള്ള പെൺസിംഹമാണ്. എന്റെ കുഞ്ഞേ... നിനക്ക് കൂടുതൽ ശക്തിയുണ്ടാകട്ടെ', എന്ന് ആരതിയുടെ പോസ്റ്റിന് ഖുശ്ബു കമന്റ് ചെയ്തു.

പിന്നാലെ, വിജയ്‌യുടേയും രവി മോഹന്റേയും കുടുംബപ്രശ്‌നങ്ങളിൽ ഖുശ്ബു ഇരട്ടത്താപ്പ് സ്വീകരിക്കുകയാണെന്നാണ് ഒരുവിഭാഗം ആരാധകർ ആരോപിക്കുന്നത്. വിജയ്‌യുമായി ചേർത്ത് നടക്കുന്ന പ്രചാരണങ്ങളിൽ തൃഷയെ പിന്തുണയ്ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് വിമർശനം.

രണ്ടുവർഷം മുമ്പാണ് ആരതിയുമായി വേർപിരിഞ്ഞതായി രവി മോഹൻ വെളിപ്പെടുത്തിയത്. ആരതി തന്നെ വീട്ടിൽനിന്ന് പുറത്താക്കിയെന്നും കുട്ടികളെ കാണാൻ അനുവദിക്കുന്നില്ലെന്നും രവി മോഹൻ ആരോപിച്ചു. പിന്നാലെ ഏതാനും മാസങ്ങൾക്കുശേഷം കെനീഷയും രവി മോഹനും പൊതുപരിപാടികളിൽ ഉൾപ്പെടെ ഒന്നിച്ചെത്താറുണ്ടായിരുന്നു. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചു. ഇരുവരേയും പരോക്ഷമായി ഉന്നമിട്ട് ആരതി സാമൂഹികമാധ്യമങ്ങളിൽ പ്രതികരണം നടത്താറുണ്ടായിരുന്നു. പാലക്കാട് പല്ലശന മീങ്കുളത്തി ഭഗവതി ക്ഷേത്രത്തിൽ കെനീഷയും രവി മോഹനും ഒന്നിച്ചെത്തിയതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആരതിയുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയായാൽ മാത്രമേ ഇനി തന്റെ ചിത്രങ്ങൾ പുറത്തിറങ്ങൂവെന്ന് കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ രവി മോഹൻ പറഞ്ഞിരുന്നു.