രണ്ട് ദിവസങ്ങൾക്ക് മുൻപായിരുന്നു നടി ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദർ സിയുടേയും മകൾ അവന്തികയുടെ വിവാഹം. ഗോവയിൽ താരനിബിഡമായ ചടങ്ങിലായിരുന്നു ആഘോഷപൂർവമുള്ള വിവാഹം. തമിഴ്, തെലുങ്ക്, ഹിന്ദി ചലച്ചിത്ര താരങ്ങൾ പങ്കെടുത്ത വിവാഹച്ചടങ്ങിൽനിന്നുള്ള ഒരു ദൃശ്യം ഇപ്പോൾ വൈറലാകുകയാണ്. താലി കെട്ടുന്നതിന് മുൻപ് താലിയും പിടിച്ച് വിതുമ്പിക്കരയുന്ന വരൻ ശ്രാവണിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

To advertise here,

വിവാഹസമയത്ത് വധു വൈകാരികമായി പ്രതികരിക്കുന്നത് പതിവുകാഴ്ചയാണ്. ഇതിൽനിന്നെല്ലാം വ്യത്യസ്തമായിരുന്നു അവന്തികയുടേയും ശ്രാവണിന്റെയും വിവാഹച്ചടങ്ങ്. ശ്രാവൺ ആദ്യം ഒരു മാല അവന്തികയെ അണിയിക്കുന്നതാണ് പുറത്തുവന്ന ദൃശ്യത്തിന്റെ തുടക്കം. ഇതിനുശേഷം സമീപത്തുണ്ടായിരുന്ന ഒരാൾ മറ്റൊരു മാല കൈമാറുമ്പോൾ ഇതും വാങ്ങി ശ്രാവൺ മണ്ഡപത്തിലിരുന്ന് കരയുകയായിരുന്നു. വരന്റെ കരച്ചിൽ കണ്ട് അവന്തിക ചിരിക്കുന്നതും വീഡിയോയിലുണ്ട്.

ഇങ്ങനെയൊരു കാഴ്ച അപൂർവ്വമാണെന്നാണ് പലരും സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്. ശ്രാവൺ ശ്രീനിവാസ് എന്നാണ് അവന്തികയുടെ ഭർത്താവിന്റെ പേര്. മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് ശ്രാവൺ. ഇരുവരും പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം തീരുമാനിച്ചത്.

മകളുടെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് ഖുശ്ബു

വിവാഹങ്ങൾ സ്വർഗ്ഗത്തിൽവെച്ച് നടക്കുന്നു എന്ന് ഞങ്ങൾ എപ്പോഴും വിശ്വസിച്ചിരുന്നു എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഖുശ്ബു കുറിച്ചത്. ഞങ്ങളുടെ മകൾ അവന്തിക സുന്ദർ 2026 ജൂൺ 25-ന് ശ്രാവൺ ശ്രീനിവാസനെ വിവാഹം കഴിച്ചെന്ന വാർത്ത സന്തോഷത്തോടും കൃതജ്ഞതയോടും കൂടി പങ്കുവെക്കുകയാണ്. ഞങ്ങളുടെ കണ്ണുകൾ ഇപ്പോഴും ഈറനണിഞ്ഞിരിക്കുകയാണ്, ഹൃദയം സന്തോഷത്താലും കൃതജ്ഞതയാലും നിറഞ്ഞിരിക്കുന്നു.- ഖുശ്ബു പറഞ്ഞു. ഖുശ്ബുവിനും സുന്ദർ സിക്കും അവന്തികയെ കൂടാതെ അനന്ദിത എന്നൊരു മകൾ കൂടി ഉണ്ട്.

താരസമ്പന്നമായി വിവാഹം

ഗോവയിലെ ഒരു ആഡംബര റിസോർട്ടിൽവെച്ചാണ് അവന്തിക സുന്ദറും ശ്രാവൺ ശ്രീനിവാസുമായുള്ള വിവാഹം നടന്നത്. ദക്ഷിണേന്ത്യൻ ചലച്ചിത്ര ലോകത്തെ വൻതാരനിരയാണ് വിവാഹത്തിൽ പങ്കെടുക്കാൻ ഗോവയിൽ എത്തിയത്. തെലുങ്ക് സൂപ്പർ താരങ്ങളായ ചിരഞ്ജീവി, നാഗാർജുന അക്കിനേനി, വെങ്കിടേഷ് എന്നിവരും അമല അക്കിനേനി, തൃഷ കൃഷ്ണൻ തുടങ്ങിയവരും ചടങ്ങിൽ സജീവ സാന്നിധ്യമായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ ചെന്നൈയിലെ വസതിയിലെത്തി നേരിട്ട് ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം  ചടങ്ങിൽ പങ്കെടുത്തില്ല. പ്രമുഖ താരങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനകംതന്നെ വൈറലായിക്കഴിഞ്ഞു

ബോളിവുഡിൽനിന്നു ജാക്കി ഷ്രോഫ്, അനിൽ കപൂർ എന്നിവരും വിവാഹത്തിൽ പങ്കെടുത്ത് അതിഥികളുമായി സംവദിച്ചു. പരമ്പരാഗത ദക്ഷിണേന്ത്യൻ വേഷമായ മുണ്ടും വേഷ്ടിയും ധരിച്ചാണ് താരങ്ങൾ ചടങ്ങിൽ എത്തിയത് എന്നത് ശ്രദ്ധേയമായി. വിവാഹത്തിന് മുന്നോടിയായി ഖുശ്ബുവും സുന്ദർ സിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ട് ക്ഷണം നൽകിയിരുന്നു. ഡൽഹിയിൽവെച്ച് നടന്ന ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഖുശ്ബു സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും പ്രധാനമന്ത്രിയുടെ അനുഗ്രഹത്തിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.