
സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറിയെ സ്വാധീനിക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ശ്രമിച്ചെന്ന ആരോപണം ആവർത്തിച്ച് സംവിധായകൻ വിനയൻ. ജൂറി അംഗമായ നേമം പുഷ്പരാജിന്റെ ശബ്ദസന്ദേശം വിനയൻ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു. തന്റെ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന് പുരസ്കാരം ലഭിക്കാതിരിക്കാൻ രഞ്ജിത് ഇടപെട്ടുവെന്ന് നേരത്തെ വിനയൻ ആരോപിച്ചിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാനായി തുടരാൻ രഞ്ജിത്തിന് അർഹതയില്ലെന്നാണ് പുറത്തുവന്ന ശബ്ദസന്ദേശത്തിൽ നേമം പുഷ്പരാജ് പറയുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിനെ പുരസ്കാരങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിലേക്ക് ജൂറിയംഗങ്ങളിൽ ഭൂരിപക്ഷവും എത്തിയത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണെന്നാണ് നേമം പുഷ്പരാജ് ഓഡിയോ ക്ലിപ്പിൽ പറയുന്നത്. ഭൂരിപക്ഷത്തിനൊപ്പം നിൽക്കുക എന്നതാണ് ജനാധിപത്യത്തിലെ രീതി. പത്തൊമ്പതാം നൂറ്റാണ്ടിലേത് വളരെ മോശം ആർട്ട് ഡയറക്ഷനാണെന്ന് പറഞ്ഞപ്പോൾ ഉൾക്കൊള്ളാനായില്ല. എങ്കിലും ജനാധിപത്യം കണക്കിലെടുത്ത് എന്റെ അഭിപ്രായത്തെ മാറ്റി ഭൂരിപക്ഷത്തിനൊപ്പം നിൽക്കുകയായിരുന്നു. എങ്കിലും എന്റെ മനസിൽ അതൊരു സംഘർഷമായി നിന്നു. കാരണം അതൊരു അനീതിയാണെന്ന് എനിക്ക് തോന്നിയിരുന്നുവെന്ന് പുഷ്പരാജ് പറഞ്ഞു.
ഈ സമയത്താണ് എന്റെ കൂടെ കലാസംവിധാന സഹായിയായി ജോലി ചെയ്തിരുന്ന ഒരാളെന്നെ വിളിക്കുന്നത്. ചേട്ടനുംകൂടിയിരിക്കുന്ന ജൂറി പത്തൊമ്പതാം നൂറ്റാണ്ട് പോലൊരു ചിത്രത്തിലെ കലാസംവിധാനത്തിന് പുരസ്കാരം നൽകാതെ ഉപേക്ഷിച്ചിട്ട് വേറൊരു ചിത്രത്തിന് കൊടുത്തല്ലോ, എന്താണ് പറ്റിയത് എന്നാണ് അദ്ദേഹം ചോദിച്ചത്. മനസിലുണ്ടായിരുന്ന വിഷമം കാരണം തലേന്ന് ഉറങ്ങാൻപോലുമായില്ല. എനിക്ക് വിനയനുമായി അങ്ങനെ അടുപ്പമൊന്നുമില്ല. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആർട്ട് ഡയറക്ടർ ആരെന്നുപോലും ഞാൻ നോക്കിയിരുന്നില്ല. ചെയ്തതെങ്ങനെയുണ്ടെന്ന് നോക്കിയിട്ടാണ് പുരസ്കാരനിർണയം നടത്തുന്നത്.
പഴയ അസിസ്റ്റന്റിന്റെ ചോദ്യം കേട്ടപ്പോൾ നടന്നതെന്തെന്ന് കൃത്യമായി അയാളോടുപറഞ്ഞു. അയാളത് റെക്കോർഡ് ചെയ്യുന്ന കാര്യം ഞാനറിഞ്ഞില്ല. അങ്ങനെയായിരിക്കാം ഇക്കാര്യങ്ങൾ വിനയന്റെയടുത്തെത്തിയത്. എന്റെ മനസിലുണ്ടായിരുന്ന സംഘർഷങ്ങളാണ് ഞാൻ അയാളോട് പങ്കുവെച്ചത്. ഈ പറഞ്ഞ കാര്യങ്ങൾ ശരിയാണോ തെറ്റാണോയെന്ന് പറയേണ്ടത് രഞ്ജിത്താണ്. ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം വളരെ മഹനീയമായാണ് ഞാൻ കാണുന്നത്. അതിലിരിക്കാൻ യോഗ്യനല്ല എന്ന് രഞ്ജിത് തെളിയിച്ചിരിക്കുകയാണെന്ന് മാത്രമേ ഈയവസരത്തിൽ പറയുന്നുള്ളൂ.
കേരളത്തിലെ മുഴുവൻ സിനിമാക്കാരെയും പ്രതിനിധീകരിക്കുന്ന സ്ഥാപനമാണ് ചലച്ചിത്ര അക്കാദമി. അതിന്റെ സ്ഥാനത്തിരിക്കുന്നത് നീതിബോധമുള്ളയാളായിരിക്കണം. ഹിറ്റുകൾ ചെയ്തു എന്നത് മാത്രമല്ല അവിടെ പ്രസക്തം. അന്തസ് പുലർത്തുന്ന, മാന്യനായ, നീതിബോധമുള്ള ഒരാളായിരിക്കണം അവിടെ ഇരിക്കേണ്ടത്. അതിന് രഞ്ജിത്തിന് കഴിയില്ല എന്നാണ് എനിക്ക് ബോധ്യമായത്. ഇനി രഞ്ജിത്ത് എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അതിനുള്ള മറുപടിമാത്രം താൻ പറഞ്ഞുകൊള്ളാമെന്നും നേമം പുഷ്പരാജ് പറയുന്നു.
Content Highlights: kerala state film awards 2022, vinayan released nemam pushparaj's exclusive audio clip
Published: 01 Aug 2023, 10:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented