പട്ടാമ്പി: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കുമ്പോൾ പരുതൂർ സി.ഇ.യു.പി. സ്കൂളിൽ ക്ലാസെടുക്കുകയായിരുന്നു ബീനാ ആർ. ചന്ദ്രൻ. ക്ലാസെടുക്കുന്നതിനിടയിൽ പുരസ്കാര വിവരമറിഞ്ഞ സഹപ്രവർത്തകർ ഓടിയെത്തി. പിന്നീട് വിദ്യാർഥികൾക്കും സഹപ്രവർത്തകർക്കുമൊപ്പമുള്ള ആഹ്ലാദനിമിഷങ്ങൾ. 

To advertise here,

ഉച്ചയ്ക്കുശേഷം തന്റെ പൂർവവിദ്യാലയമായ പരുതൂർ ഹൈസ്കൂളിൽ ചെയ്യാമെന്നേറ്റിരുന്ന ഏകാംഗ നാടകത്തിന്റെ തിരക്കിലേക്ക് സംസ്ഥാനത്തെ മികച്ചനടി മുഴുകി. മൂന്നു പതിറ്റാണ്ടിലധികമായി അമെച്ചർ നാടകവേദികളിലെ സ്ഥിരംസാന്നിധ്യമാണ് ബീനാ ആർ. ചന്ദ്രൻ. നവാഗതസംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട പട്ടാമ്പിക്കാരനായ ഫാസിൽ റസാഖിന്റെ ‘തടവ്’ എന്ന സിനിമയിലെ പ്രകടനത്തിനാണ് ബീനയ്ക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്.

‘‘പുരസ്കാരം ലഭിക്കുമെന്ന് എല്ലാവരും പറഞ്ഞിരുന്നെങ്കിലും പ്രതീക്ഷയുണ്ടായിരുന്നില്ല. ഉർവശിയെപ്പോലുള്ള വലിയ നടിക്കൊപ്പം പേര് ചേർത്തുവന്നത് വലിയ അംഗീകാരമാണ്’’ -ബീന മാതൃഭൂമിയോട് പറഞ്ഞു. പരുതൂർ രോഷ്ണി നിവാസിൽ പി.ടി. രാമചന്ദ്രന്റെയും പരുതൂർ മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും റിട്ട. അധ്യാപികയുമായ ശാന്തകുമാരിയുടെയും മകളാണ്. കെ.എം. വിജയകുമാറാണ് ഭർത്താവ്.