ലോക്ഡൗണിനെത്തുടർന്ന് നാലു മാസങ്ങളായി തീയേറ്ററുകൾ അടഞ്ഞു കിടക്കുകയാണ്. വൈദ്യുതി ബിൽ അടയ്ക്കാനും ബാങ്ക് വായ്പ അടവുകൾക്കും ജീവനക്കാരുടെ മാസശമ്പളം നൽകുന്നതിനുമെല്ലാം തീയേറ്റർ ഉടമകൾ ബുദ്ധിമുട്ടുകയാണെന്നറിയിച്ച് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ. തീയേറ്റർ ഉടമകൾ നേരിടുന്ന പ്രതിസന്ധികളിൽ സർക്കാരിനോട് സഹായമഭ്യർഥിച്ച് കത്തെഴുതിയിരിക്കുകയാണ് സംഘടനയുടെ പ്രസിഡന്റ് ലിബർട്ടി ബഷീർ.

To advertise here,

കത്തിന്റെ പൂർണരൂപം

ബഹുമാനപ്പെട്ട മുഖ്യമന്ത്രി മുമ്പാകെ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ സമർപ്പിക്കുന്ന മെമ്മോറാണ്ടം

കേരളത്തിലെ സിനിമാ തീയേറ്റർ വ്യവസായം മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി ആദ്യം അടച്ചു (മാർച്ച് 10 മുതൽ). ഇപ്പോഴും എന്നു തുറക്കുമെന്നോ തുറന്നാൽ തന്നെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഏത് രീതിയിൽ നഷ്ടമില്ലാതെ പ്രവർത്തനം സാധ്യമാകുമെന്നോ ആശങ്കയോടെയാണ് തീയേറ്റർ ഉടമകൾ. ഒരു വരുമാനവുമില്ലാതെ അഞ്ചുമാസത്തിൽ അധികമായി ജീവനക്കാരുടെ ശമ്പളം പകുതിയെങ്കിലും നൽകുന്നു. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ വൈദ്യുതിയുടെ ഫിക്സഡ് ചാർജിൽ ഇളവ് അനുവദിച്ചെങ്കിലും തുടർന്ന് വന്ന മാസബില്ലുകൾ പലരും അടയ്ക്കാൻ മാർഗമില്ലാതെ വിഷമിക്കുന്നു. അടഞ്ഞു കിടക്കുന്ന തീയേറ്ററുകൾ നശിക്കാതെ സംരക്ഷിക്കാനോ കഷ്ടപ്പെടുന്നു. ബാങ്ക് വായ്പയുടെ മൊറട്ടോറിയത്തിന് അധിക പലിശ നൽകേണ്ടി വരും. വലിയ ഒരു പ്രതിസന്ധിയാണ് തീയേറ്റർ ഉടമയ്ക്കുമുന്നിൽ ഉയർന്നു നിൽക്കുന്നത്. ഇത് തരണം ചെയ്യാനുള്ള സഹായ അഭ്യർഥനയാണ് മുന്നോട്ടു വയ്ക്കുന്നത്.

1. തീയേറ്ററുകളിലെ വൈദ്യുതിയുടെ ഫിക്സഡ് ചാർജ്ജ് 2021 മാർച്ച് വരെ പൂർണമായി ഒഴിവാക്കുക.
2. വിനോദ നികുതി ഒരു വർഷത്തേക്ക് റദ്ദാക്കുക.
3. തീയേറ്ററുകളുടെ കെട്ടിട നികുതി 50% ഇളവ് നൽകുക.
4. 2020 മാർച്ച് 31ന് തീർന്ന തീയേറ്റർ ലൈസൻസ് ഉപാധികളില്ലാതെ 2021 മാർച്ച് 31 വരെ ദീർഘിപ്പിച്ചു നൽകുക.
5. സിനിമ തീയേറ്ററുകളിലെ പുതുക്കിയ മിനിമം വേതന ഉത്തരവ് ഒരു വർഷത്തേക്ക് മരവിപ്പിക്കുക.
6. ജി എസ് ടി ഒരു വർഷത്തേക്ക് ഒഴിവാക്കുക.
7. പ്രളയ സെസ് നിർത്തലാക്കുകയും ക്ഷേമനിധി ഒരു വർഷത്തേക്ക് പിൻവലിക്കുകയും ചെയ്യുക.

നിരവധി തീയേറ്ററുകൾ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നുണ്ട്. ബന്ധപ്പെട്ട വകുപ്പുമായി കൂടിയാലോചിച്ചാൽ മുകളിൽ ഉന്നയിച്ച ആവശ്യങ്ങൾ തികച്ചും ന്യായമാണ് എന്ന് ബോധ്യപ്പെടും. കേന്ദ്ര സർക്കാർ ഇളവുകൾ നൽകി തീയേറ്ററുകൾ തുറക്കാൻ അനുമതി ലഭിക്കുന്ന പക്ഷം പുതിയ സിനിമകളുടെ റിലീസ് ഉണ്ടാകാതെ വരും. പഴയ സിനിമകൾ പ്രദർശിപ്പിച്ച് തീയേറ്ററുകൾ ക്രമേണ പൂർവസ്ഥിതിയിലേക്ക് എത്തിക്കാൻ കഴിയുമോ എന്നുള്ള പരിശ്രമം നടത്തുകയാണ് ലക്ഷ്യം. ഈ അവസരത്തിൽ സർക്കാരിന്റെ പൂർണമായ സഹകരണം അപേക്ഷിക്കുന്നു.

കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനു വേണ്ടി
പ്രസിഡന്റ് / സെക്രട്ടറി
ലിബർട്ടി ബഷീർ

Content Highlights: Kerala Film Distributors Federation, Liberty Basheer writes letter, theatre owners threats lockdown