
വിവാദമായ 'ദ കേരള സ്‌റ്റോറി 2 ഗോസ് ബിയോണ്ട്' സിനിമയുടെ റിലീസ് തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്വാഗതംചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളിയാഴ്ച സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ മുഖ്യമന്ത്രി, ചിത്രത്തിനെതിരേ കോടതിയെ സമീപിച്ച ഹർജിക്കാരെ അഭിനന്ദിച്ചു. വിദ്വേഷം പടർത്തുന്ന വ്യാജനിർമിതികളെ പ്രതിരോധിക്കാൻ നിയമവഴികൾ തേടിയത് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
'കേരളത്തിന്റെ മതസൗഹാർദവും സാമൂഹിക കെട്ടുറപ്പും തകർക്കാൻ ലക്ഷ്യമിട്ട് നിർമിച്ച 'ദ കേരള സ്റ്റോറി 2' എന്ന സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ടുള്ള ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്വാഗതാർഹമാണ്. നമ്മുടെ നാടിനെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം വ്യാജപ്രചരണങ്ങൾക്കെതിരേ നിയമപോരാട്ടം നടത്തിയ ഹർജിക്കാരെ അവരുടെ സമയോചിതമായ ഇടപെടലിന് പ്രത്യേകം അഭിനന്ദിക്കുന്നു', അദ്ദേഹം കുറിച്ചു.
'ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു സംസ്ഥാനത്തെയാകെ അവഹേളിക്കാനും ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള നീക്കങ്ങൾ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവില്ല. കേരളം തീവ്രവാദികളുടെ നാടാണെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്ന ഇക്കാലത്ത്, വിവേകബുദ്ധിയോടെ സത്യം ഉയർത്തിപ്പിടിക്കാൻ ഓരോ വ്യക്തിയും ബാധ്യസ്ഥനാണ്. വിദ്വേഷം പടർത്തുന്ന ഇത്തരം വ്യാജ നിർമിതികളെ പ്രതിരോധിക്കാൻ നിയമവഴികൾ തേടിയത് മാതൃകാപരമായ പ്രവർത്തനമാണ്. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും കേരള മാതൃകയെ തകർക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ ഒറ്റക്കെട്ടായി ചെറുക്കാം', മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്യാനിരിക്കേയായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് പ്രദർശനം വിലക്കിയത്. ഇതിനു പിന്നാലെ സിനിമയുടെ നിർമാതാക്കൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. വ്യാഴാഴ്ച രാത്രി അപ്പീൽ പരിഗണിച്ച ജസ്റ്റിസ് സുശ്രുത് എ. ധർമാധികാരിയും ജസ്റ്റിസ് പി.വി. ബാലകൃഷ്ണനും അടങ്ങിയ ബെഞ്ച് രണ്ടുമണിക്കൂറോളം വാദം കേട്ട ശേഷം അപ്പീൽ ഉത്തരവിനായി മാറ്റി. സ്റ്റേ നീക്കണമെന്ന ആവശ്യം നിർമാതാക്കൾ ഉന്നയിച്ചെങ്കിലും ഉത്തരവിൽ പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞത്. വെള്ളിയാഴ്ച ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചേക്കും.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെ നിർമാതാക്കൾ അപ്പീൽ ഫയൽ ചെയ്യുകയായിരുന്നു. സിനിമയുടെ റിലീസിങ് തടയുന്നത് നിർമാതാവിനെ സാമ്പത്തികമായി ഇല്ലാതാക്കുമെന്നും ഏതെങ്കിലും മതത്തെയോ കേരളത്തെയോ മോശമായി ചിത്രീകരിക്കുന്നതല്ല സിനിമ എന്നുമായിരുന്നു അപ്പീലിലെ വാദം.
Content Highlights: Kerala CM Pinarayi Vijayan supports the High Court's stay on 'The Kerala Story 2'. The film is described as a 'fake creation' intended to spread hatred and disrupt social harmony. The Chief Minister praised the petitioners for pursuing legal action against the movie. The film's producers have appealed the single bench's decision to a division bench
Published: 27 Feb 2026, 01:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented