രവി മോഹനുമായി ചേർത്ത് തനിക്കുനേരെ സാമൂഹികമാധ്യമങ്ങളിൽ ഉയരുന്ന അധിക്ഷേപങ്ങൾക്ക് മറുപടിയുമായി ഗായിക കെനീഷ ഫ്രാൻസിസ്. രണ്ടുഭാഗങ്ങളായി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലാണ് കെനീഷയുടെ പ്രതികരണം. ആദ്യമായാണ് താൻ പ്രതികരിക്കുന്നതെന്നും ഇത് അവസാനത്തേതാവുമെന്നും കൂടുതലൊന്നും പറയാനില്ലെന്നും അവർ ഇൻസ്റ്റഗ്രാം സ്റ്റോറിയിലും വ്യക്തമാക്കി. പിന്നീട് ഇരു വീഡിയോകളും കെനീഷയുടെ ഇൻസ്റ്റഗ്രാമിൽനിന്ന് അപ്രത്യക്ഷമായി.

To advertise here,

കുടുംബം തകർത്തവളാണെന്ന തനിക്കെതിരായ ആക്ഷേപം തെറ്റാണെന്ന് കെനീഷ വീഡിയോയിൽ അവകാശപ്പെട്ടു. തന്റെ കഠിനമായ ഭൂതകാലത്തെക്കുറിച്ചും അനുഭവിച്ച പീഡനങ്ങളെക്കുറിച്ചും അവർ വീഡിയോയിൽ തുറന്നുപറഞ്ഞു. രവി മോഹൻ മാനസികമായി തകർന്നിരുന്ന സമയത്ത് അദ്ദേഹത്തെ സഹായിക്കുക മാത്രമാണ് ചെയ്തത്. തങ്ങളുടെ ബന്ധത്തെക്കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവർ മറ്റ് ഗൗരവമേറിയ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കണെന്നും കെനീഷ ആവശ്യപ്പെട്ടു. രവി മോഹന്റെ മുൻഭാര്യ ആരതിയ്ക്കുള്ള പരോക്ഷ മറുപടിയായാണ് കെനീഷയുടെ വാക്കുകൾ വ്യാഖ്യാനിക്കപ്പെടുന്നത്.

സാമൂഹികമാധ്യമങ്ങളിൽ തനിക്കെതിരേ നടക്കുന്ന വിദ്വേഷപ്രചാരണവും ചെറുപ്പകാലത്തുനേരിട്ട അതിക്രമങ്ങളും വിശദീകരിച്ചുകൊണ്ടാണ് കെനീഷയുടെ വീഡിയോ ആരംഭിക്കുന്നത്. നാലാം വയസ്സിൽ സ്വന്തം ബന്ധുക്കളിൽനിന്ന് ലൈംഗിക പീഡനം നേരിട്ടു. 18-ാം വയസ്സിൽ വിവാഹിതയായി. മാസങ്ങൾക്കുള്ളിൽ തന്നെ അത് ടോക്‌സിക്കായി മാറി. ഭർത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധങ്ങളുണ്ടായിരുന്നു. ശാരീരികവും മാനസികവുമായ ദുരിതത്തെത്തുടർന്ന് ഗർഭം അലസിപ്പോയെന്നും കെനീഷ വെളിപ്പെടുത്തി.

തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് അറിയാൻ ആളുകൾ ബെംഗളൂരുവിലേക്ക് ഡിക്ടറ്റീവുകളെ അയച്ചു. ഒരു ബാറിൽ പാട്ടുപാടിയതിന് പഴികേട്ടു. തൊഴിൽപരമായ നേട്ടങ്ങളുണ്ടാക്കാൻ ബന്ധങ്ങൾ ദുരുപയോഗംചെയ്‌തെന്ന് ആർക്കും തന്നെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും അവർ പറഞ്ഞു.

'ഗർഭാവസ്ഥയിൽ കുഞ്ഞിനെ നഷ്ടപ്പെട്ട ഒരുവൾ, മറ്റൊരാളെ കുടുംബത്തിൽനിന്നോ കുട്ടികളിൽനിന്ന് വേർപ്പെടുത്തുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ', എന്നായിരുന്നു കുടുംബം തകർത്തവളെന്ന് വിളിക്കുന്നതിനോട് കെനീഷയുടെ പ്രതികരണം.

മാനസികമായി തകർന്നുനിൽക്കുന്ന രവി മോഹൻ സഹായം തേടി വന്നപ്പോൾ തെറാപിസ്റ്റ് എന്ന നിലയിൽ അയാൾക്ക് മാനസിക പിന്തുണ നൽകുകമാത്രമാണ് ചെയ്തത്. തെറാപിസ്റ്റ് എന്ന നിലയിൽ ആദ്യം കുടുംബവുമായുള്ള പ്രശ്‌നങ്ങൾ തീർക്കണമെന്ന നിർദേശമാണ് നൽകിയത്. എന്നാൽ, അദ്ദേഹത്തിനുണ്ടായ മാനസികാഘാതം, കുടുംബബന്ധം പുനഃസ്ഥാപിക്കുക എന്നതിൽനിന്ന് അദ്ദേഹത്തെ പൂർണ്ണമായും അകറ്റിയിരുന്നു. തുടർന്നാണ് അദ്ദേഹവുമായി സുഹൃത്തായതെന്നും അതിന് കുടുംബം തകർക്കേണ്ട കാര്യമില്ലെന്നും അവർ അവകാശപ്പെട്ടു.

രവി മോഹനും താനും വെറും സുഹൃത്തുക്കൾ മാത്രമാണെന്നും ആളുകൾ തങ്ങളുടെ ബന്ധത്തെ തെറ്റിദ്ധരിച്ചുവെന്നും കെനീഷ പറഞ്ഞു. രവി മോഹനെ വ്യക്തിപരമായ പ്രശ്‌നങ്ങളിൽനിന്ന് രക്ഷിച്ചതിന് പലരും നന്ദി അറിയിച്ച് തന്നെ സമീപിക്കാറുണ്ടെന്നും കെനീഷ അവകാശപ്പെട്ടു.

രണ്ടുവർഷം മുമ്പാണ് ആരതിയുമായി വേർപിരിഞ്ഞതായി രവി മോഹൻ വെളിപ്പെടുത്തിയത്. ആരതി തന്നെ വീട്ടിൽനിന്ന് പുറത്താക്കിയെന്നും കുട്ടികളെ കാണാൻ അനുവദിക്കുന്നില്ലെന്നും രവി മോഹൻ ആരോപിച്ചു. പിന്നാലെ ഏതാനും മാസങ്ങൾക്കുശേഷം കെനീഷയും രവി മോഹനും പൊതുപരിപാടികളിൽ ഉൾപ്പെടെ ഒന്നിച്ചെത്താറുണ്ടായിരുന്നു. ഇരുവരേയും പരോക്ഷമായി ഉന്നമിട്ട് ആരതി സാമൂഹികമാധ്യമങ്ങളിൽ പ്രതികരണം നടത്താറുണ്ടായിരുന്നു.