'കശ്മീര്‍ ഫയല്‍സ്' എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്‍ പ്രകാശ് രാജ് നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. കശ്മീര്‍ ഫയല്‍സ് ഒരു കൊല്ലത്തിനപ്പുറവും അര്‍ബന്‍ നക്‌സലുകൾ‌ക്ക് ഉറക്കമില്ലാത്ത രാത്രി സമ്മാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രകാശ് രാജിനെ 'അന്ദകര്‍ രാജ്' എന്നാണ് വിവേക് അഗ്നിഹോത്രി അഭിസംബോധന ചെയ്തത്. 

To advertise here,

കശ്മീര്‍ ഫയല്‍സ് ഒരു അസംബന്ധമായ സിനിമയാണെന്നും അന്താരാഷ്ട്ര ജൂറി അതിനെ വിമര്‍ശിച്ചിരുന്നുവെന്നുമായിരുന്നു പ്രകാശ് രാജിന്റെ പ്രസ്താവന. ഓസ്‌കര്‍ അല്ല ഭാസ്‌കര്‍ പോലും കിട്ടാന്‍ പോകുന്നില്ലെന്നും കശ്മീര്‍ ഫയല്‍സ് ഒരു പ്രൊപഗണ്ട സിനിമയാണെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍'മൈ അദര്‍ ലൈഫ്' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകാശ് രാജിന്റെ ഈ പ്രസംഗത്തിന്റെ വീഡിയോയ്‌ക്കൊപ്പമാണ് വിവേക് അഗ്‌നിഹോത്രി ട്വിറ്ററിലൂടെ പ്രതികരിച്ചത്. കശ്മീര്‍ ഫയല്‍സ് ചെറിയ ആളുകളുടെ സിനിമയാണെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. ചിത്രത്തിന്റെ കാഴ്ചക്കാരെ കുരയ്ക്കുന്ന പട്ടികള്‍ എന്ന് പ്രകാശ് രാജ് വിളിച്ചുവെന്നും സംവിധായകന്‍ ആരോപിച്ചു. 1990 കളിലെ കശ്മീര്‍ പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ ആസ്പദമാക്കി വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത സിനിമയാണ് കശ്മീര്‍ ഫയല്‍സ്.