ചലച്ചിത്ര സംവിധായകൻ ആർ.ജെ. ബാലാജിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് സൂര്യ നായകനായ കറുപ്പ്. ബോക്സോഫീസിൽ ജൈത്രയാത്ര തുടരുന്ന കറുപ്പ് എട്ട് ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 250 കോടി രൂപ കളക്ഷൻ നേടിക്കഴിഞ്ഞു. എന്നാൽ ഈ ചിത്രം യഥാർഥത്തിൽ വിജയ് നായകനാകേണ്ടിയിരുന്നതാണെന്നും അത് യാഥാർഥ്യമായിരുന്നുവെങ്കിൽ കറുപ്പ് വിജയ്‍യുടെ അവസാന ചിത്രമാകുമായിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ആർ.ജെ. ബാലാജി. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബാലാജി ഇക്കാര്യം പറഞ്ഞത്.
നടനും ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്ക്ക് വേണ്ടിയാണ് തുടക്കത്തിൽ കറുപ്പ് എഴുതിയിരുന്നതെന്ന് ബാലാജി പറയുന്നു. "ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാകേണ്ടിയിരുന്നതാണ്. രണ്ടോ മൂന്നോ കൂടിക്കാഴ്ചകൾ ഇതിനുവേണ്ടി നടത്തിയിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശനവും ഏതായിരിക്കണം അവസാന പ്രൊജക്ട് എന്നുമെല്ലാം ചർച്ചയായി.
എന്നിരുന്നാലും, വിജയ് പിന്നീട് സിനിമയിൽനിന്ന് മാറി. ഇതിനുശേഷമാണ് ബാലാജി കറുപ്പിന്റെ കഥ സൂര്യയുമായി പങ്കുവെച്ചത്. കഥ ഇഷ്ടപ്പെട്ട അദ്ദേഹം മുന്നോട്ടുവെച്ച ചില മാറ്റങ്ങൾകൂടി ഉൾപ്പെടുത്തിയാണ് കറുപ്പിന്റെ അന്തിമ തിരക്കഥ തയ്യാറാക്കിയതെന്നുമാണ് വിവരം. ചിത്രത്തിൽനിന്ന് പിന്മാറാനുള്ള വിജയ്‍യുടെ തീരുമാനം ന്യായീകരിക്കാവുന്നതാണെന്ന് ബാലാജി പറഞ്ഞു.
അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നാണ് താൻ അദ്ദേഹത്തോട് പറഞ്ഞതെന്ന് ബാലാജി പറഞ്ഞു. "തനിക്ക് അനുയോജ്യമായ എന്തെങ്കിലും ഉണ്ടോ എന്ന് അദ്ദേഹം ചോദിച്ചതിനെത്തുടർന്ന് ഞാൻ രണ്ട് കഥകൾ അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്റെ ജോലിയോടും സർഗ്ഗാത്മകതയോടും കാണിക്കുന്ന വലിയൊരു ആദരവായിട്ടാണ് ഞാൻ അതിനെ കണക്കാക്കിയത്." ബാലാജി പറഞ്ഞു.
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കാത്തിരിക്കുന്ന ഒരു കൊച്ചുപെൺകുട്ടിയെ ചൂഷണം ചെയ്യുന്ന നിയമവ്യവസ്ഥയ്ക്കുള്ളിലെ അഴിമതിക്കെതിരെ പോരാടാൻ അഭിഭാഷകന്റെ വേഷം ധരിക്കുന്ന വേട്ടക്കറുപ്പ് എന്ന കാവൽദൈവത്തെ ചുറ്റിപ്പറ്റിയാണ് കറുപ്പ് എന്ന ഫാന്റസി ആക്ഷൻ ഡ്രാമ (Fantasy Action Drama) നീങ്ങുന്നത്. സൂര്യയ്ക്കൊപ്പം തൃഷ കൃഷ്ണൻ, ആർ.ജെ. ബാലാജി എന്നിവരും ഇന്ദ്രൻസ്, നട്ടി സുബ്രഹ്മണ്യം, സ്വാസിക, ശിവദ, സുപ്രീത് റെഡ്ഡി എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ അഭിനയിക്കുന്നു.
മേയ് 15-ന് റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽനിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യയിൽനിന്ന് മാത്രമായി 150 കോടിയിലധികം രൂപ ഉൾപ്പെടെ ലോകമെമ്പാടുനിന്നുമായി ₹253 കോടി കളക്ഷൻ നേടിയ ചിത്രം 2026-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് സിനിമയായി മാറിയെന്നുമാത്രമല്ല, സൂര്യയുടെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ ഹിറ്റായി മാറുകയും ചെയ്തു.
അതേസമയം എച്ച്. വിനോദ് സംവിധാനം ചെയ്ത ജനനായകൻ എന്ന ചിത്രമാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുമ്പ് വിജയ് അഭിനയിച്ച അവസാന ചിത്രം. കഴിഞ്ഞ പൊങ്കലിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം സെൻസർ ബോർഡുമായി (Sensor Board) ബന്ധപ്പെട്ട ചില തർക്കങ്ങളെ തുടർന്ന് ഇതുവരെ പ്രദർശിപ്പിക്കാനായിട്ടില്ല. വിജയ്ക്കൊപ്പം പൂജ ഹെഗ്ഡെ, മമിത ബൈജു, ബോബി ഡിയോൾ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ചിത്രം ഇനിയെന്ന് പുറത്തിറങ്ങുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും, ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമുകളിൽ ജനനായകൻ ജൂൺ 19-ന് പുറത്തിറങ്ങുമെന്നാണ് ഇപ്പോൾ കാണിക്കുന്നത്.
Content Highlights: Director RJ Balaji revealed that his latest 250-crore box office hit Karuppu, starring Suriya, was originally written for Thalapathy Vijay to be his final film before entering full-time politics.
Published: 27 May 2026, 08:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented