മമ്മൂട്ടിയെ സന്ദർശിച്ച് സംവിധായകൻ കാർത്തിക് സുബ്ബരാജ്. തന്റെ പുതിയ ചിത്രമായ 'ഡൊറോത്തി'യുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിലുള്ള സംവിധായകൻ, മമ്മൂട്ടിയെ വീട്ടിലെത്തി സന്ദർശിക്കുകയായിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച കാർത്തിക് സുബ്ബരാജ്, താരത്തിന് നന്ദിയും പറഞ്ഞു. ചിത്രത്തിലെ അഭിനേതാക്കളായ സനന്തും റിഷികാന്തും കാർത്തിക് സുബ്ബരാജിനൊപ്പമുണ്ടായിരുന്നു.

To advertise here,

'ഞങ്ങൾക്കൊപ്പം ചെലവഴിച്ച സമയത്തിനും 'ഡൊറോത്തി' സിനിമയ്ക്കുള്ള ആശംസയ്ക്കും പ്രചോദിപ്പിക്കുന്ന വാക്കുകൾക്കും നന്ദി മമ്മൂട്ടി സർ. നിങ്ങൾ എന്നും പ്രചോദനമാണ്', കാർത്തിക് സുബ്ബരാജ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു.

കീർത്തി സുരേഷ് നായികയായ 'ഡൊറോത്തി' തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രം റിലീസായതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിൽ വലിയ സൈബർ ആക്രമണം നടന്നിരുന്നു. സിനിമ ക്വീർ വിഭാഗത്തെ പിന്തുണയ്ക്കുന്നു എന്ന് ആരോപിച്ചായിരുന്നു വിമർശനം.

പിന്നാലെ, സംവിധായകൻ പരോക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തിയേറ്ററിൽനിന്നുള്ള പ്രേക്ഷകരുടെ പ്രതികരണത്തിന്റെ വീഡിയോ പങ്കുവെച്ച കാർത്തിക് സുബ്ബരാജ്, 'ശാന്തമായിരിക്കൂ, പ്രേക്ഷകരിൽ വിശ്വസിക്കൂ' എന്നും കുറിച്ചിരുന്നു.

ALSO READ | ബഹിഷ്കരണ ഭീതിയിൽ കാർത്തിക് സുബ്ബരാജിന്റെ ‘ഡൊറോത്തി’; വെള്ളിത്തിരയിൽ നിശബ്ദ വിപ്ലവമായ ചിത്രങ്ങൾ

കാർത്തിക് സുബ്ബരാജിന്റെ പത്താമത്തെ ചിത്രമാണ് ഡൊറോത്തി. 1990കളിലെ തമിഴ്‌നാടൻ ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടന്നത്. ഇളയരാജയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സൂര്യയെ നായകനാക്കി ഒരുക്കിയ 'റെട്രോ' ആയിരുന്നു കാർത്തിക് സുബ്ബരാജിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.