യഷിനെ നായകനാകുന്ന 'ടോക്‌സിക്' എന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികള്‍ ഉറ്റു നോക്കുന്നത്. കെ.ജി.എഫ് ഫ്രാഞ്ചൈസിലൂടെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരമായി വളര്‍ന്ന യഷ്, 'ലയേഴ്‌സ് ഡൈസ്', 'മൂത്തോന്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധനേടിയ ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നത് തന്നെയാണ് ഏറ്റവും കൗതുകമുയര്‍ത്തുന്നത്. 

To advertise here,

പാന്‍ ഇന്ത്യനായി ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു വലിയ താരനിര തന്നെയാണ് വേഷമിടുന്നത്. നടി കരീന കപൂറും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  അതേസമയം കരീന ചിത്രത്തില്‍ നിന്ന് പിന്‍മാറിയെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യഷിന്റെ കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷത്തിലാണ് കരീന അവതരിപ്പിക്കാനിരുന്നത്. നേരത്തേ കരാര്‍ ചെയ്തിരുന്ന സിനിമകളുടെ ഡേറ്റുകളും ടോക്‌സിക്കിന്റെ ഷെഡ്യൂളും ഒരേ സമയം വന്നതോടെ കരീന ചിത്രത്തില്‍ നിന്ന് പിന്‍മാറി. സിനിമയുടെ അണിയറ പ്രവര്‍ത്തകരുമായി സംസാരിച്ച് പരസ്പര ധാരണയിലെത്തിയ ശേഷമായിരുന്നു പിന്‍മാറ്റം- ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

'ടോക്‌സിക്കി'ല്‍ സഹോദരിയുടെ വേഷം ഏറെ പ്രാധാന്യമുള്ളതാണ്. ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുന്ന കഥാപാത്രമാണ്. കരീന പിന്‍മാറിയതോടെ മറ്റ് അഭിനേത്രികളുമായി അണിയറ പ്രവര്‍ത്തകര്‍ ചര്‍ച്ചയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സായ് പല്ലവി, നവാസുദ്ദീന്‍ സിദ്ദിഖി, സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സിനിമയിലെ അഭിനേതാക്കളെക്കുറിച്ചും അണിയറ പ്രവര്‍ത്തകരെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് സൂചനകള്‍. 

2022-ല്‍ റിലീസ് ചെയ്ത കെ.ജി.എഫ് രണ്ടാം ഭാഗത്തിന് ശേഷമുള്ള യഷിന്റെ പുതിയ ചിത്രമാണ് 'ടോക്‌സിക്'.  'ടോക്‌സിക് - എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ്' എന്നാണ് ചിത്രത്തിന്റെ പേര്. 

'ഞാന്‍ എപ്പോഴും എന്റെ ആഖ്യാന ശൈലിയില്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. ലയേഴ്‌സ് ഡൈസിനും മൂത്തോനും അന്താരാഷ്ട്ര തലത്തില്‍ നല്ല സ്വീകാര്യത ലഭിച്ചെങ്കിലും, എന്റെ രാജ്യത്ത് എന്റെ സ്വന്തം പ്രേക്ഷകരെ കണ്ടെത്താന്‍ ഞാന്‍ എപ്പോഴും കൊതിച്ചിരുന്നു. ആ ചിന്തയില്‍ നിന്നാണ് ഈ പദ്ധതി ഉടലെടുത്തത്. ഈ സിനിമ രണ്ട് വിപരീത ലോകങ്ങളുടെ സംയോജനമാണ്, കഥ പറയുന്നതിലെ സൗന്ദര്യശാസ്ത്രം കൂടിച്ചേര്‍ന്ന് ഞാന്‍ യഷിനെ കണ്ടെത്തി. ഞാന്‍ മനസ്സില്‍ കണ്ട ഏറ്റവും മിടുക്കനായ ഒരാള്‍ ആണ് യഷ്, ഞങ്ങളുടെ ടീം ഈ മാന്ത്രികയാത്ര ആരംഭിക്കുന്നതില്‍ ആവേശത്തിലാണ് ഞാന്‍.'- സിനിമയുടെ പ്രഖ്യാപനത്തോടനുബന്ധിച്ച് ഗീതു മോഹന്‍ദാസ് പറഞ്ഞത് ഇങ്ങനെയായിരുന്നു. 

കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം 2025 ഏപ്രില്‍ 10-ന് ലോകമെമ്പാടും റിലീസ് ചെയ്യും.