
മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർഹിറ്റ് കഥാപാത്രമായ സേതുരാമയ്യർ സിബിഐ വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നു. സംവിധായകൻ കെ മധു തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. തിരക്കഥാകൃത്ത് എസ്.എൻ സ്വാമിക്കൊപ്പമുള്ള അനുഭവം പങ്കുവയ്ക്കുന്ന കുറിപ്പിലാണ് മധുവിന്റെ വെളിപ്പെടുത്തൽ.
മധുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
എന്റെ ഗുരുനാഥൻ എം. കൃഷ്ണൻ നായർ സാറിന്റെ അനുഗ്രഹാശിസ്സുകളോടു കൂടി സംവിധായകൻ ജേസി സാറിനോടൊപ്പം ഞാൻ വർക്ക് ചെയ്യുന്ന കാലം. ജേസി സാറിന്റെ നിർദ്ദേശപ്രകാരം അദ്ദേഹത്തിൻറെ പുതിയ ചിത്രത്തിന്റെ കഥ കേൾക്കാനായി എറണാകുളത്ത് എയർലൈൻസ് ഹോട്ടലിൽ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിയുടെ മുറിയിൽ ഞാൻ എത്തി. ചിത്രം അകലത്തെ അമ്പിളി. ഇന്നു കാണുന്ന അതേ സ്വാമി തന്നെയാണ് അന്നും. അങ്ങനെയായിരുന്നു ഞങ്ങൾ ആദ്യം കണ്ടുമുട്ടുന്നത്.
പിന്നീട് ഞാൻ സംവിധായകനായി. മോഹൻലാലിനെ നായകനായി അരോമ മണി സാറിന് വേണ്ടി ഒരു ചിത്രം ചെയ്യാൻ ആലോചിച്ചപ്പോൾ തിരക്കഥാകൃത്തായി ആദ്യം സമീപിച്ചത് ഡെന്നിസ് ജോസഫിനെ ആയിരുന്നു. ഡെന്നീസ് എഴുത്തിൽ താരമായി നിൽക്കുന്ന കാലമാണ്. തിരക്കുണ്ടെങ്കിലും എന്നോടുള്ള അടുപ്പം മൂലം എഴുതാനാവില്ല എന്ന് പറയാൻ ഡെന്നീസ് മടിച്ചു. ഒരു പോംവഴിയായി ഡെന്നീസ് ആണ് എസ്.എൻ.സ്വാമിയുടെ പേര് നിർദേശിക്കുന്നത്.
എറണാകുളത്ത് എസ്.ആർ.എം. റോഡിലെ ഡെന്നീസിന്റെ ഓഫീസിലായിരുന്നു പിന്നീട് ചരിത്രമുഹൂർത്തം എന്ന് സ്വാമി ഇടയ്ക്കിടെ വിശേഷിപ്പിക്കുന്ന ഞങ്ങളുടെ ആ സംഗമം നടന്നത്. ഡെന്നീസ് ഒരു കുഞ്ഞു ചിന്ത മാത്രം പറഞ്ഞു. അത് കേട്ട ശേഷം സ്വാമി മൂകാംബികയിൽ പോയി മടങ്ങി വന്ന് എഴുത്തു തുടങ്ങി. കുടുംബചിത്രങ്ങൾ മാത്രം ചെയ്തിരുന്ന എന്റെയും സ്വാമിയുടെയും ചുവടുമാറ്റം ആയിരുന്നു ആ ചിത്രം. അങ്ങനെ ഇരുപതാംനൂറ്റാണ്ട് പിറന്നു.
പിന്നീട് സ്വാമി എനിക്കുവേണ്ടി ഹൃദയംകൊണ്ട് എഴുതുകയായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെ സ്വാമിയുടെ ഹൃദയത്തിൽ നിന്നും പിറന്ന, കൈകൾ പിന്നിൽ കെട്ടി, കുങ്കുമ കുറിയണിഞ്ഞ സേതുരാമയ്യർ എന്ന കുറ്റാന്വേഷകനെ അളന്നു തിട്ടപ്പെടുത്തി ചുവടുവച്ച് മലയാളസിനിമയിലേക്ക് ശ്രീ. മമ്മൂട്ടി എന്ന മഹാനടൻ മനസിൽ ആവാഹിച്ച് കടന്നു വന്നപ്പോൾ ഒരു പുതു ചരിത്രം കൂടി രചിക്കപ്പെട്ടു. ലോക സിനിമയിൽ ആദ്യമായി ഒരേ നായകനും, എഴുത്തുകാരനും, സംവിധായകനുമായി ചേർന്ന് ഒരു സിനിമയ്ക്ക് നാല് ഭാഗങ്ങൾ.
മമ്മൂട്ടിയും ഞാനും സ്വാമിയും ഒരുമിച്ചുള്ള ആ മുന്നേറ്റം തുടരുകയാണ്. സി.ബി.ഐ.ക്ക് ഒരു അഞ്ചാം ഭാഗം എന്ന സ്വപ്നം പൂവണിയാൻ പോകുന്നു. ഒപ്പം ഞാൻ നിർമ്മിച്ച 2 സി.ബി.ഐ. ചിത്രങ്ങളുടെയും വിതരണം നിർവ്വഹിച്ച സ്വർഗ്ഗചിത്ര അപ്പച്ചനും നിർമ്മാതാവായി ഞങ്ങളോടൊപ്പമുണ്ട്. ഡെന്നീസ് ജോസഫിന്റെ മുന്നിൽ വച്ച് ഞങ്ങൾ കണ്ടുമുട്ടിയ നിമിഷത്തെ ചരിത്രമുഹൂർത്തം എന്ന് സ്വാമി വിശേഷിപ്പിക്കുന്നത് പോലെ, ഞങ്ങൾക്കെല്ലാം ഇത് ചരിത്ര മുഹൂർത്തമാണ്. ഞങ്ങളെ സ്വീകരിച്ച് പ്രോത്സാഹിപ്പിച്ച പ്രേക്ഷകരാണ് ഇനി ഇതിനെ ചരിത്രമാക്കി മാറ്റേണ്ടത്. അതും സാധിക്കുമാറാകട്ടെ.
content highlights : K Madhu about sethuramayyar cbi 5 SN Swamy Mammootty
Published: 21 Oct 2021, 09:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented