
ആള്‍ക്കൂട്ട സിനിമകള്‍ മലയാളിക്ക് എന്നും ഹരമാണ്. ഐ.വി.ശശിയെപ്പോലെയുള്ള സംവിധായകര്‍ ആള്‍ക്കൂട്ടത്തെ വിദഗ്ധമായി സിനിമയില്‍ ഉപയോഗിച്ചവരുമാണ്. എവിടെ നിന്നാണ് ഈ ആള്‍ക്കൂട്ടം എന്ന് ചിന്തിച്ചിട്ടുണ്ടോ? അന്‍പതും, നൂറും മുതല്‍ അയ്യായിരമോ, അതില്‍ കൂടുതലോ പേരടങ്ങുന്ന ആള്‍ക്കൂട്ടങ്ങള്‍ ചില സിനിമകളില്‍ ആവശ്യമായി വരാറുണ്ട്. ഇവിടെയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ പ്രസക്തി.
സിനിമയുടെ ആവശ്യമനുസരിച്ച്, കുട്ടികള്‍, വൃദ്ധന്‍മാര്‍, സ്ത്രീകള്‍, തല മുണ്ഡനം ചെയ്തവര്‍, പോലീസുകാര്‍, ജാഥാംഗങ്ങള്‍, സംഘര്‍ഷങ്ങള്‍ക്കുള്ള ആളുകള്‍ ഇങ്ങനെ പല ഗണത്തില്‍ ആളുകളെ ആവശ്യം വരും. രേഖ പ്രകാരം 2500 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് കേരളത്തില്‍ ഉള്ളത്. അതില്‍ കൂടുതല്‍ ആവശ്യം വന്നാല്‍ പുറമേ നിന്ന് താത്ക്കാലികമായി ആളുകളെ വിളിക്കാറാണ് പതിവ്. ഇവരെ കോ ഓര്‍ഡിനേറ്റ് ചെയ്യുന്ന 35 പേരും കേരളത്തിലുണ്ട്.
എറണാകുളം, വാത്തുരുത്തി, വൈപ്പിന്‍, ഒറ്റപ്പാലം, തൊടുപുഴ, ഷൊര്‍ണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, വടക്കഞ്ചേരി, പെരുമ്പാവൂര്‍, ആലപ്പുഴ, തിരുവനന്തപുരം ഭാഗങ്ങളില്‍ നിന്നാണ് കൂടുതലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വരുന്നത്. ഇവരുടെ ശരാശരി ദിവസ വേതനം 700 രൂപയാണ്. ചില ഘട്ടങ്ങളില്‍ അത് 650. പ്രത്യേകതയുള്ള ഫിഗര്‍ ആണ് വേണ്ടതെങ്കില്‍ ഉദാ: റിച്ച് ലുക്ക് ആണ്‍കുട്ടി/പെണ്‍കുട്ടി , തുക ആയിരത്തിനു മുകളിലാവും ചിലപ്പോള്‍.

ഇവരില്‍ പലരും വേതനം മുന്നില്‍ കണ്ടല്ല രംഗത്ത് നില്‍ക്കുന്നത്. എന്നെങ്കിലുമൊരിക്കല്‍ നല്ലൊരു വേഷം ലഭിച്ച് സിനിമയില്‍ ഒരു താരമാകാനുള്ള അടങ്ങാത്ത അഭിനിവേശമാണ് പലരേയും ഈ രംഗത്ത് നിലനിര്‍ത്തുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായെത്തി താരമായി സംസ്ഥാന അവാര്‍ഡ് നേടിയവരും, വലിയ താരമായി സ്വന്തമായി നിര്‍മ്മാണ വിതരണ കമ്പനികള്‍ തുടങ്ങിയവരും ഉണ്ട്.
എങ്കിലും ബഹുഭൂരിഭാഗത്തിനും നിരാശയാണ് ഫലം. സിനിമയിലെ അവസരങ്ങള്‍ക്കായി ദൂര സ്ഥലങ്ങളില്‍ നിന്നും എറണാകുളത്തെത്തി ഹോസ്റ്റലുകളിലും, മറ്റ് പേയിംഗ് ഗസ്റ്റ് സെന്ററുകളിലും സ്ഥിരമായി കഴിയുന്നവരും ഉണ്ട്. ചിലപ്പോള്‍ ഒരു സിനിമയില്‍ ഒരുദിവസത്തെ ആവശ്യത്തിനായിരിക്കും ഇവരെ വിളിക്കുക. അടുത്ത സിനിമ കിട്ടാന്‍ ചിലപ്പോള്‍ പിന്നീട് രണ്ടോ, മൂന്നോ അതിലധികമോ ദിവസങ്ങള്‍ എടുക്കും. അപ്പോഴും സിനിമയോടുള്ള അടങ്ങാത്ത മോഹം ഉള്ളിലൊതുക്കി കിട്ടിയ തുച്ഛ വരുമാനത്തില്‍ ഇവര്‍ പ്രതീക്ഷയോടെ കഴിയും. ഉള്‍പ്രദേശങ്ങളില്‍ നിന്നും വരുന്ന സ്ത്രീകളും, പ്രായമായവരുമൊക്കെ ഷൂട്ട് കഴിഞ്ഞ് തിരികെ വീട്ടിലെത്താന്‍ വളരെ ബുദ്ധിമുട്ടാറുണ്ട്. പ്രത്യേകിച്ചും രാത്രികാലങ്ങളില്‍.
സിനിമയില്ലാത്ത അവസരങ്ങളില്‍ ലോട്ടറി കച്ചവടവും, മറ്റ് തൊഴിലുകളും ചെയ്യുന്നവരുമുണ്ട്. നൂറിലേറെ സിനിമകളില്‍ സഹകരിച്ചിട്ടും, ഒരു ഡയലോഗ് പോലും കിട്ടാത്തവരും, സ്വന്തം മുഖം ഒന്ന് സ്‌ക്രീനില്‍ വ്യക്തമായി കാണാന്‍ കഴിയാത്തവരും ഉണ്ട്. എങ്കിലും അവര്‍ വീണ്ടും പോകും, അടുത്ത സിനിമയിലെങ്കിലും ആഗ്രഹം സാധിക്കാം എന്ന പ്രതീക്ഷയില്‍. എന്നെങ്കിലുമൊരിക്കല്‍ ആ മായിക ലോകത്തെ താരപദവി തങ്ങളെയും തേടിയെത്തും എന്ന ശുഭപ്രതീക്ഷയില്‍

കൊറോണ ഭീതിയില്‍ ചിത്രീകരണങ്ങള്‍ നിലച്ച് പോയത് ഇവരുടെ ജീവിതത്തേയും സാരമായി ബാധിച്ചിരിക്കുകയാണ്. മരുന്നിനും, ജീവിതച്ചിലവിനും ഒക്കെ നന്നേ ബുദ്ധിമുട്ടുന്നവരാണ് പലരും. ചില കോ ഓര്‍ഡിനേറ്റര്‍മാര്‍ അവര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ച് കൊടുത്തതായി അറിയാന്‍ കഴിഞ്ഞു. കൊറോണക്കാലം കഴിഞ്ഞാല്‍ ചിത്രീകരണങ്ങള്‍ തുടരും, അപ്പോള്‍ നമുക്ക് ഇവരുടെ സേവനം ആവശ്യമായി വരും. സിനിമയുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഘടനകള്‍ ഇവരുടെ കാര്യം കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ഷാജി പട്ടിക്കര
Content Highlights: junior artists from cinema industry facing problems due to complete lockdown
Published: 30 Mar 2020, 04:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented