കൊച്ചി: അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍ പോളിനുണ്ടായത് വലിയ അവഗണനയും ദുരനുഭവവുമായിരുന്നെന്ന് ചലച്ചിത്രപ്രവര്‍ത്തകന്‍ ജോളി ജോസഫ്. ആംബുലന്‍സിനെയും ഫയര്‍ ഫോഴ്‌സിനെയും മാറി മാറി വിളിച്ചെങ്കിലും ആരും സഹായിക്കാന്‍ തയ്യാറായില്ലെന്ന് ജോളി ജോസഫ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കിടക്കയില്‍ നിന്ന് താഴെവീണ ജോണ്‍പോളിനെ എഴുന്നേല്‍പ്പിക്കാന്‍ സഹായം തേടിയിട്ടും ആരുമെത്തിയില്ലെന്ന് നടന്‍ കൈലാഷാണ് ആദ്യമായി പറഞ്ഞത്. ഫയര്‍ഫോഴ്‌സിന്റെ സഹായം തേടിയിട്ടും ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതേസംഭവം തന്നെയാണ് ജോളി ജോസഫും തുറന്നുപറയുന്നത്.
ആംബുലന്‍സ് വിളിച്ചപ്പോള്‍ അവര്‍ ആശുപത്രിയിലേക്കാണെങ്കില്‍ മാത്രം വരാമെന്ന് പറയുകയായിരുന്നു. ഫയര്‍ഫോഴ്‌സിനെ വിളിക്കാന്‍ ആവശ്യപ്പെട്ടു. ഫയര്‍ഫോഴ്‌സിനെ വിളിച്ചപ്പോള്‍ അവര്‍ ആംബുലന്‍സ് വിളിക്കാന്‍ പറഞ്ഞു. ഒടുവില്‍ പോലീസിനെ വിളിച്ചു. രണ്ടു നല്ല പോലീസുകാര്‍ വന്നു. അവരും ആംബുലന്‍സിനെയും ഫയര്‍ഫോഴ്‌സിനെയും വരുത്താന്‍ ശ്രമിച്ചുവെങ്കിലും തുടക്കത്തില്‍ ആരും വന്നില്ല. ഒടുവില്‍ അവര്‍ നേരിട്ട് പോയി ആംബുലന്‍സുമായി വന്നു. നല്ല ഭാരമുള്ള വ്യക്തിയാണ് ജോണ്‍ പോള്‍. സ്‌ട്രെക്ചറിന്റെ സഹായത്തോടെയാണ് അദ്ദേഹത്തെ ഒടുവില്‍ കിടക്കയിലേക്ക് എടുത്തുകിടത്തിയത്. അത്രയും നേരം തറയിലാണ് അദ്ദേഹം കിടന്നത്.
ഫയര്‍ഫോഴ്‌സ് അധികൃതര്‍ സഹായത്തിന് എത്തിയില്ല എന്ന പരാതി അന്വേഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മനുഷ്യരെ മാത്രമല്ല പൂച്ചയെയും പട്ടിയെയും എല്ലാം ഇങ്ങോട്ട് ആവശ്യപ്പെടാതെ രക്ഷിക്കുന്നവരാണ് ഫയര്‍ഫോഴ്‌സ്. ഇനി എന്തെങ്കിലും വീഴ്ച സംഭവിച്ചുവെങ്കില്‍ തീര്‍ച്ചയായും പരിശോധിക്കും, അധികൃതര്‍ പറഞ്ഞു.
കൈലാഷിന്റെ വാക്കുകള്‍
ജനുവരിയിലായിരുന്നു സംഭവം. താനന്ന് കൊച്ചിയിലേക്ക് എത്തിയതേ ഉണ്ടായിരുന്നുള്ളൂ എന്ന് കൈലാഷ് പറഞ്ഞു. ജോണ്‍പോള്‍ സാറിന്റെ വളരെ വേണ്ടപ്പെട്ടയാളും തന്റെ സുഹൃത്തുമായ നിര്‍മാതാവ് ജോളി ജോസഫിനെ ജോണ്‍പോള്‍ സര്‍ വിളിച്ച് പെട്ടന്നെത്താന്‍ പറഞ്ഞു. എന്നെ വിളിക്കുന്നത് ജോളി ജോസഫാണ്. 20 മിനിറ്റുകൊണ്ട് പാലാരിവട്ടത്തെ സാറിന്റെ വീട്ടിലെത്തി. അവിടെയത്തിയപ്പോള്‍ ജോണ്‍ പോള്‍ സാര്‍ വീണുകിടക്കുന്നതാണ് കണ്ടതെന്ന് കൈലാഷ് പറഞ്ഞു.
'കട്ടിലില്‍ എഴുന്നേറ്റിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ബെഡ് പുറകോട്ടുപോയതായിരുന്നു. പക്ഷേ സാര്‍ സംസാരിക്കുന്നുണ്ടായിരുന്നു. നടുവിന് പ്രശ്‌നമുള്ളതുകൊണ്ട് തന്നെ പൊക്കാന്‍ ശ്രമിക്കരുതെന്ന് സാര്‍ പറഞ്ഞു. ഒരു സ്‌ട്രെച്ചര്‍ കിട്ടിയാല്‍ നന്നാവുമെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞത്. അങ്ങനെ ആംബുലന്‍സിനായി വിളിച്ചു. ആശുപത്രിയിലേക്ക് മാറ്റുന്നതിനു മാത്രമേ അവര്‍ക്ക് എത്താന്‍ സാധിക്കൂ എന്നാണ് മറുപടി കിട്ടിയത്. പിന്നെ ഫയര്‍ ഫോഴ്‌സിനെ വിളിച്ച് കാര്യം പറഞ്ഞു. വൈദ്യസഹായമാണ് വേണ്ടതെന്നും ആംബുലന്‍സ് വിളിക്കാനുമാണ് അവർ പറഞ്ഞത്, കൈലാഷ് പറഞ്ഞു.
സാറിന്റെ ഭാര്യ മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. അവര്‍ ആകെ ഭയന്നിരുന്നു. ഇതിനിടെ സുഹൃത്തും നടനുമായ ദിനേഷ് പ്രഭാകര്‍ വിളിക്കുകയും വരികയും ചെയ്തു. എന്താണ് ചെയ്യാന്‍ പറ്റുക എന്ന് എല്ലാവരും ശ്രമിച്ചുകൊണ്ടേയിരുന്നു. അങ്ങനെ പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടു. പാലാരിവട്ടം സ്റ്റേഷനില്‍ നിന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വന്നു. സാറിനെ പൊക്കിയെടുക്കാന്‍ സാധിക്കില്ലെന്ന് കണ്ടപ്പോള്‍ത്തന്നെ അവര്‍ക്ക് മനസിലായി. രാവിലെ പത്ത് പത്തരയായപ്പോഴാണ് സാര്‍ വീഴുന്നത്. പോലീസ് എത്തുമ്പോള്‍ ഉച്ചയ്ക്ക് 12 മണി കഴിഞ്ഞിരുന്നു. അത്രയും സമയം അദ്ദേഹം വെറും നിലത്ത് ഇരിക്കുകയായിരുന്നു. പോലീസും ആംബുലന്‍സിനായി വിളിച്ചപ്പോഴും നേരത്തേ ലഭിച്ച മറുപടി തന്നെയായിരുന്നു. ഒടുവില്‍ കുറേനേരം കാത്തിരുന്നശേഷം മെഡിക്കല്‍ സെന്ററില്‍ നിന്ന് ഒരു ആംബുലന്‍സ് വന്നിട്ടാണ് സ്‌ട്രെച്ചര്‍ കിട്ടിയത്.
ശേഷം സാറിനെ ബെഡ്ഡിലേക്ക് ചരിച്ച് കിടത്തുകയായിരുന്നു. അത്രയും സമയം നമുക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല എന്നതാണ് വിഷമം. സഹായിക്കാന്‍ വിളിക്കാമായിരുന്നില്ലേ എന്ന് ചോദിച്ച് ഒരുപാടുപേര്‍ വിളിച്ചിരുന്നു. പക്ഷേ ആളുകൂടിയിട്ട് കാര്യമില്ലല്ലോ. പരിശീലനം ലഭിച്ച ഒരാളെയായിരുന്നു അവിടെ ആവശ്യമെന്നും കൈലാഷ് പറഞ്ഞു.
Content Highlights: John Paul demise, Ambulance service, Fire force face Criticism, Jolly Joseph reacts
Published: 25 Apr 2022, 06:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented