അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളില്‍ മറുപടിയുമായെത്തിയ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിക്കെതിരെയുണ്ടായ സൈബറാക്രമണങ്ങളോട് പ്രതികരിച്ച് ഗായകനും സംഗീത സംവിധായകനും ബാലഭാസ്‌കറിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഇഷാന്‍ ദേവിന്റെ ഭാര്യ ജീന. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് ലക്ഷ്മിക്കെതിരായ പ്രതികരണങ്ങളോട് ജീന പ്രതികരിച്ചത്. 

To advertise here,

ലക്ഷ്മിയുടെ മൗനം ചിലര്‍ എന്തും പറയാനുള്ള അവസരമാക്കിയതുകൊണ്ടും അടുപ്പം ഉണ്ടെന്ന് പറയുന്ന പറയുന്ന ചിലര്‍ ലക്ഷ്മി പറഞ്ഞുവെന്ന് പറഞ്ഞ് അനാവശ്യം പറഞ്ഞതുകൊണ്ടും തുറന്നു സംസാരിക്കാന്‍ സ്‌നേഹമുള്ളവര്‍ ആവശ്യപ്പെട്ടതുകൊണ്ടുമാണ് ലക്ഷ്മി ഇപ്പോള്‍ മാധ്യമത്തിന് മുന്നില്‍ സംസാരിച്ചതെന്ന് ജീന പറയുന്നു. 

'ലക്ഷ്മി നന്നായി സംസാരിക്കാന്‍ വേണ്ടി ആണ് ഇത്രയും നാള്‍ എടുത്തത്. കുറച്ചു നാള്‍ മുമ്പുവരെ ആ ദിവസത്തെ കുറിച്ച് സംസാരിക്കാന്‍ ചേച്ചിക്ക് നല്ല പാടായിരുന്നു.' ലക്ഷ്മിയുടെ പ്രതികരണം വൈകിയെന്ന് വിമര്‍ശിച്ചവരോട് ജീന പറയുന്നു. 

ലക്ഷ്മി ചിരിച്ചുകൊണ്ടാണ് സംസാരിക്കുന്നത്, വല്യ സങ്കടം ഒന്നുമില്ലല്ലോ എന്ന് വിമര്‍ശിച്ചവരോട് അവരുടെ സങ്കടം അവരുടെ മാത്രം ആണെന്നും വളരെ അടുത്തുള്ള ആളുകള്‍ കണ്ടാല്‍ മതി മനസിലാക്കിയാല്‍ മതിയെന്നും ഓരോ ആളുകളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഇത് മത്സരപരീക്ഷ അല്ലല്ലോ. സ്റ്റുഡിയോയില്‍ ഉണ്ടായിരുന്നവര്‍ക്ക് അറിയാം അവരുടെ മാനസികാവസ്ഥ.

അവര്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ ആണ് പറഞ്ഞത്. അവര്‍ക്കു അറിയാത്ത എന്തെങ്കിലും സംഭവിച്ചു എങ്കില്‍ അത് കണ്ടു പിടിക്കണം എന്ന് തന്നെയാ അവര്‍ അന്ന് മുതലേ പറയുന്നത്. കാറിനുള്ളില്‍ നടന്നതേ അവര്‍ക്കറിയൂ. വളരെ യഥാര്‍ത്ഥമായാണ് ചേച്ചി സംസാരിക്കുന്നത്. കഴിഞ്ഞ ആറ് വർഷമായി ഇതുതന്നെ ആണ് ഞങ്ങളോട് പറഞ്ഞിട്ടുള്ളത്. അതില്‍ ഒരു മാറ്റവും ഇല്ല.. ഇപ്പോള്‍ അല്ല കണ്ട നാള്‍ മുതലേ ചേച്ചി ഇങ്ങനെയാണ്. പക്ഷെ ബാലുഅണ്ണന്‍ കൂടെ ഉണ്ടായിരുന്നപ്പോള്‍ ഉള്ള ലക്ഷ്മിയുടെ ഒരു നിഴല്‍ മാത്രം ആണ് ഇപ്പോള്‍ പല കാര്യങ്ങളിലും. 

ബാലുവിനെ പറ്റി പറയുമ്പോള്‍ ലക്ഷ്മി പുഞ്ചിരിക്കുകയാണെന്ന ചിലരുടെ പരിഹാസത്തിനും ജീന മറുപടി നല്‍കി.

പുഞ്ചിരിയോടെ അല്ലാതെ ചേച്ചിക്ക് ബാലുഅണ്ണനെ ഓര്‍ക്കാന്‍ പറ്റില്ല. അവരുടെ ജീവിതം ഓര്‍ക്കാന്‍ പറ്റില്ല. പലപ്പോഴും ചേച്ചി അണ്ണനെ സംസാരിക്കുമ്പോള്‍ ബാലുഅണ്ണന്‍ അപ്പുറത്തെ റൂമില്‍ ഉണ്ടെന്നു തോന്നീട്ടുണ്ട് എനിക്ക് ഇപ്പോഴും.' ഈ ബാലു ഉണ്ടല്ലോ' എന്ന് പറഞ്ഞു തുടങ്ങുമ്പോള്‍. ജീന കൂട്ടിച്ചേര്‍ത്തു. 

ബാലഭാസ്‌കറിന്റെ ജീവനെടുത്ത അപകടം നടന്ന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാര്യ ലക്ഷ്മി ഒരു അഭിമുഖത്തില്‍ അന്നത്തെ കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. എന്നാല്‍ വലിയ സൈബറാക്രമണമാണ് ഇവര്‍ക്കെതിരെ ഉണ്ടായത്.

കുറിപ്പിന്റെ പൂർണരൂപം

ഇന്ന് കേട്ടതും കണ്ടതും ആയ ചില പ്രതികരണങ്ങളിലേക്കു..

*ലക്ഷ്മി നന്നായി സംസാരിക്കുന്നുണ്ടല്ലോ…

ഉണ്ടല്ലോ , ലക്ഷ്മി നന്നായി സംസാരിക്കാൻ വേണ്ടി ആണ് ഇത്രയും നാൾ എടുത്തത്.. കുറച്ചു നാളെ മുൻപ് വരെ ആ ദിവസത്തെ കുറിച്ച് സംസാരിക്കാൻ നല്ല പാടായിരുന്നു ചേച്ചിക്ക്..

*ലക്ഷ്മി ചിരിയോടെ ആണല്ലോ സംസാരിക്കുന്നതു.. വല്യ സങ്കടം ഒന്നും കാണാൻ ഇല്ലാലോ .. ഇങ്ങനെ അല്ല പ്രതീക്ഷിച്ചതു..

അവരുടെ സങ്കടം അവരുടെ മാത്രം ആണ്.. വളരെ അടുത്തുള്ള ആളുകൾ കണ്ടാൽ മതി മനസിലാക്കിയാൽ മതി.. ഓരോ ആളുകളുടെ പ്രതീക്ഷക്കു ഒത്തു ഉയരാൻ ഇത് മത്സരപരീക്ഷ അല്ലാലോ.. പിന്നെ ആ സ്റ്റുഡിയോയിൽ ഉള്ള ആളുകൾ പറയും എന്താരുന്നു ചേച്ചിയുടെ അപ്പോഴത്തെ മാനസികാവസ്ഥ എന്നത്..

* കണ്ടാൽ അറിയാം കള്ളം ആണ് പറയുന്നത് എന്ന്

സത്യം അറിയേണ്ടവർക്കു സത്യം അറിയാൻ പറ്റി.. കള്ളം കണ്ടുപിടിക്കാൻ ഇരുന്നവർക്കു അതെ കാണാൻ പറ്റൂ..

* ഇവൾക്ക് എല്ലാം അറിയാം

അറിയാം.. അവർക്കു അറിയാവുന്ന കാര്യങ്ങൾ ആണ് പറഞ്ഞത്.. അവർക്കു അറിയാത്ത എന്തേലും സംഭവിച്ചു എങ്കിൽ അത് കണ്ടു പിടിക്കണം എന്ന് തന്നെയാ അവർ അന്ന് മുതലേ പറയുന്നത്.. കാറിനുള്ളിൽ നടന്നതേ അവർക്കു അറിയൂ..

* ഇപ്പൊ എന്തിനാണോ ഇറങ്ങിയത്

ചേച്ചിയുടെ മൗനം ചിലർ എന്തും പറയാൻ ഉള്ള അവസരം ആക്കി.. ചേച്ചിയോട് അടുപ്പം ഉണ്ടെന്നു പറയുന്ന ചിലർ ചേച്ചി പറഞ്ഞു എന്ന് പറഞ്ഞു വെറും അനാവശ്യം പറഞ്ഞു തുടങ്ങിയപ്പോൾ.. ചേച്ചിയോട് സ്നേഹം ഉള്ളവർ ലക്ഷ്മി ഇനി മിണ്ടാതെ ഇരിക്കരുത് എന്ന് പറഞ്ഞപ്പോൾ.. ഒരു വട്ടം ലക്ഷ്മിക്ക് അറിയാവുന്നതു പറയൂ എന്ന് പറഞ്ഞപ്പോൾ.. ബാലു അണ്ണന് വേണ്ടി സംസാരിക്കാൻ ചേച്ചി മാത്രേ ഉള്ളൂ എന്ന് തോന്നിയത് കൊണ്ട് ..

* ലക്ഷ്മിയെ എന്തോ കുഴിയിൽ ചാടിച്ചു

ഈ ഉള്ളത് പറയുന്നേ എങ്ങനെയാ കുഴിയിൽ ചാടിക്കുന്നെ ആകുന്നെ?? അപ്പൊ ശരിക്കും എന്താണു ചേച്ചി പറയെണ്ടത്‌ ??
അപ്പോൾ നിങ്ങൾ ഒക്കെ പറഞ്ഞു നടക്കുന്നത് ലക്ഷ്മിയെ മലമുകളിൽ കൊണ്ടാക്കുന്നതാണോ??

* ലക്ഷ്മി വളരെ genuine ആയാണ് സംസാരിക്കുന്നത്

അതെ.. ലക്ഷ്മിചേച്ചി വളരെ genuine ആണ്.. കഴിഞ്ഞ ആറ് വര്ഷം ആയി ഇത് തന്നെ ആണ് ഞങ്ങളോട് പറഞ്ഞിട്ടുള്ളത്, അതിൽ ഒരു മാറ്റോം ഇല്ല.. ഇപ്പോൾ അല്ല കണ്ട നാൾ മുതലേ ചേച്ചി ഇങ്ങനെയാ.. പക്ഷെ ബാലുഅണ്ണൻ കൂടെ ഉണ്ടായിരുന്നപ്പോൾ ഉള്ള ലക്ഷ്മിയുടെ ഒരു നിഴൽ മാത്രം ആണ് ഇപ്പോൾ പല കാര്യങ്ങളിലും..

* ബാലുവിന്റെ പേര് പറയുമ്പോൾ തന്നെ ലക്ഷ്മി പുഞ്ചിരിക്കുന്നു..

അതെ… ചേച്ചിക്ക് പുഞ്ചിരിയോടെ അല്ലാതെ ബാലുഅണ്ണനെ ഓർക്കാൻ പറ്റില്ല.. അവരുടെ ജീവിതം ഓർക്കാൻ പറ്റില്ല.. പലപ്പോഴും ചേച്ചി അണ്ണനെ സംസാരിക്കുമ്പോൾ ബാലുഅണ്ണൻ അപ്പുറത്തെ റൂമിൽ ഉണ്ടെന്നു തോന്നീട്ടുണ്ട് എനിക്ക് ഇപ്പോഴും.. ‘ ഈ ബാലു ഉണ്ടല്ലോ’ എന്ന് പറഞ്ഞു തുടങ്ങുമ്പോൾ…