നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സിനിമാ ലോകത്തേക്ക് ചുവടുവെക്കുകയാണ്. സിഗ്മ എന്ന ചിത്രം സംവിധാനംചെയ്തുകൊണ്ടാണ് ജെയ്‌സൺ അരങ്ങേറ്റം കുറിക്കുന്നത്. പിതാവിന്റെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് വരുമെന്ന് പലരും കരുതിയിരുന്നെങ്കിലും, തനിക്ക് താൽപ്പര്യം സംവിധാനത്തോടാണെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തന്റെയുള്ളിലും ഒരു നടനുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

To advertise here,

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് തന്നിലെ നടനെക്കുറിച്ച് ജെയ്‌സൺ വെളിപ്പെടുത്തിയത്. സംവിധായകൻ അൽഫോൺസ് പുത്രൻ ഒരു സിനിമയിൽ അഭിനയിപ്പിക്കാനായി തന്നെ ക്ഷണിച്ചിരുന്നെന്ന് ജേസൺ പറഞ്ഞു. 'സിഗ്മ സ്റ്റൈൽ' എന്ന പ്രൊമോഷണൽ വീഡിയോയിൽ അഭിനയിക്കുകയും നൃത്തം ചെയ്യുകയും ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ, അത് വെറും വിനോദത്തിന് വേണ്ടിയും ചിത്രത്തിന്റെ പ്രമേയവും ശൈലിയും പ്രേക്ഷകരിലേക്ക് എത്തിക്കാനുമാണ് ചെയ്തതെന്ന് അദ്ദേഹം വിശദീകരിച്ചു.

"സിനിമയുടെ കഥാപാത്രങ്ങൾക്ക് പുറത്തുള്ള ഒന്നാണ് ഈ പാട്ട്. ഞാൻ അത് രസകരമായി ചെയ്തു. സിനിമയിലെ ആളുകളെ പരിചയപ്പെടുത്താനും സിനിമയുടെ തീമും സ്റ്റൈലും പ്രേക്ഷകർക്ക് മനസിലാക്കിക്കൊടുക്കാനുമുള്ളതാണ് പ്രൊമോഷണൽ ഗാനം. അതുകൊണ്ടാണ് ഞാൻ അതിൽ നൃത്തം ചെയ്തത്.

നിങ്ങൾ ഒരു സംവിധായകനാകുമ്പോൾ, സെറ്റിൽ നടന്മാർക്ക് ഒരു രംഗം വിശദീകരിച്ച് കൊടുക്കുമ്പോൾ... ഉള്ളിൽ ഒരു നടനും കൂടിയുണ്ട്. ഇപ്പോൾ മറ്റെന്തിനേക്കാളും വലിയ ഉത്തരവാദിത്തം സിഗ്മ റിലീസ് ചെയ്യുകയും വിജയിപ്പിക്കുക എന്നതുമാണ്. അതാണ് എന്റെ മുഴുവൻ ശ്രദ്ധയും. സിനിമ റിലീസ് ചെയ്തതിന് ശേഷം മാത്രമേ ഞാൻ അഭിനയിക്കണോ അതോ സംവിധാനം തുടരണോ എന്ന് ചിന്തിക്കൂ," അദ്ദേഹം കൂട്ടിച്ചേർത്തു.

ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഒരു ഹീസ്റ്റ് ചിത്രമാണ് സിഗ്മ. സുന്ദീപ് കിഷൻ, ഫരിയ അബ്ദുള്ള എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ജൂലൈ 31-ന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും, വിജയ് ചിത്രം 'ജനനായകൻ' റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ സിഗ്മയുടെ റിലീസ് ഓഗസ്റ്റിലേക്ക് നീട്ടിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.