സിനിമകളിലിനി മലയാളം സംസാരിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാനില്ലെന്ന് നടി ജാൻവി കപൂർ. ഭാഷ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായതിനാലാണ് പിന്മാറ്റമെന്ന് നടി പറഞ്ഞു. ഏറെ ട്രോളുകൾക്ക് വിധേയമായ പരംസുന്ദരി എന്ന ബോളിവുഡ് ചിത്രത്തിൽ ജാൻവി മലയാളം സംസാരിച്ചിരുന്നു.

To advertise here,

'ഇനി മലയാളം ശ്രമിക്കേണ്ടതില്ലെന്ന് എനിക്ക് തോന്നുന്നു. എനിക്ക് ആ ഭാഷ കൈകാര്യംചെയ്യാൻ വളരേ ബുദ്ധിമുട്ടാണ്. മനോഹരമായ, മധുരതരമായ ഭാഷയാണത്. ഉച്ചാരണത്തിന്റെ കാര്യത്തിൽ തമിഴും തെലുങ്കും എനിക്ക് പരിചിതമായി തോന്നുന്നു. തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്നത് ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്. തമിഴിലും കൂടുതൽ വേഷം ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു', എന്നായിരുന്നു ജാൻവിയുടെ വാക്കുകൾ.

മലയാളം സിനിമകൾ പൂർണ്ണമായും ഒഴിവാക്കുകയാണോ എന്ന കാര്യത്തിൽ ജാൻവിയുടെ വാക്കുകളിൽ സൂചനയില്ല. മലയാളം പറയുന്ന കഥാപാത്രങ്ങൾ ഒഴിവാക്കുകയാണോ, മറ്റൊരാൾ ഡബ്ബ് ചെയ്യുന്ന ചിത്രങ്ങളിൽ അഭിനയിക്കുമോ എന്നീ കാര്യങ്ങളിൽ ജാൻവി വ്യക്തതവരുത്തിയിട്ടില്ല.

മലയാളിയായ തെക്കേപ്പാട്ട് സുന്ദരി ദാമോദരൻ പിള്ള എന്ന കഥാപാത്രത്തെയായിരുന്നു പരംസുന്ദരിയിൽ ജാൻവി അവതരിപ്പിച്ചത്. ചിത്രത്തിൽ ജാൻവി മലയാളം പറഞ്ഞത് വലിയ ട്രോളായി. കേരളത്തെ ചിത്രീകരിച്ച രീതിയുടെ പേരിലും ചിത്രം വ്യാപകമായി വിമർശിക്കപ്പെട്ടു.

ഒരു സമ്പൂർണ്ണമലയാള ചിത്രത്തിൽ ജാൻവി ഇതുവരെ അഭിനയിച്ചിട്ടില്ല. ജൂനിയർ എൻടിആറിനൊപ്പം അഭിനയിച്ച ദേവരയാണ് ജാൻവിയുടെ ആദ്യ തെലുങ്ക് ചിത്രം. രാംചരൺ നായകനാകുന്ന പെദ്ധി റിലീസിന് ഒരുങ്ങുകയാണ്. മലയാളം ചിത്രം ഹെലൻ, മിലി എന്ന പേരിൽ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോൾ ജാൻവിയായിരുന്നു നായിക. അന്തരിച്ച നടി ശ്രീദേവിയുടേയും നിർമാതാവ് ബോണി കപൂറിന്റേയും മകളാണ് ജാൻവി കപൂർ.