പുറത്തിറങ്ങി 25 വർഷം പിന്നിടുമ്പോഴും സിനിമാ ആസ്വാദകരുടെ മനസിലെ മനോഹര പ്രണയകാവ്യമാണ് ടൈറ്റാനിക്. 1997- ഡിസംബർ 19-നാണ് ജെയിംസ് കാമറൂൺ സംവിധാനത്തിൽ ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രവുമായി ബന്ധപ്പെട്ട് ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സംവിധായകൻ. ചിത്രത്തിന്റെ ക്ലൈമാക്സുമായി ബന്ധപ്പെട്ടാണത്.

To advertise here,

കപ്പലപകടത്തിൽ നായകനായ ജാക്ക് മരിക്കുന്നതായിട്ടാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. എന്നാൽ ഒപ്പമുണ്ടായിരുന്ന നായിക റോസിന് ജാക്കിനെ രക്ഷിക്കാനുള്ള സാഹചര്യമുണ്ടായിരുന്നല്ലോ എന്ന തരത്തിൽ ചർച്ചകൾ സജീവമായിരുന്നു. ഇതിനുള്ള വിശദീകരണം കൂടിയാണ് കാമറൂണിന്റെ ഇപ്പോഴത്തെ പ്രതികരണം. സിനിമയിൽ ജാക്ക് മരിക്കേണ്ടത് അനിവാര്യമായിരുന്നെന്നും അത് തെളിയിക്കാനായി ശാസ്ത്രീയപഠനങ്ങൾ നടത്തിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.  

കനേഡിയൻ മാധ്യമമായ പോസ്റ്റ് മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കാമറൂണിന്റെ വെളിപ്പെടുത്തൽ. റോസും ജാക്കുമുണ്ടായിരുന്ന സാഹചര്യത്തിൽ ആരെങ്കിലും ഒരാളേ രക്ഷപ്പെടുമായിരുന്നുള്ളൂ എന്നും ഇതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്നും ജെയിംസ് കാമറൂൺ വാദിച്ചു. ടൈറ്റാനിക്കിനെ ചുറ്റിപ്പറ്റിയുള്ള തർക്കങ്ങൾക്ക് അവസാനം കാണുക എന്ന ഉദ്ദേശത്തോട് കൂടി തന്നെയാണ് ജാക്കിന്റെയും റോസിന്റെയും അപ്പോഴത്തെ അവസ്ഥ പുനരാവിഷ്‌കരിച്ചിരുന്നു. അങ്ങനെയാണ് ജാക്ക് മരിക്കേണ്ടത് ആവശ്യമായിരുന്നു എന്ന് ശാസ്ത്രീയമായി തെളിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

"ഒരു ഹൈപ്പോതെർമിയ വിദ​ഗ്ധന്റെ സഹായത്തോടെ ഫോറൻസിക് വിശകലനം നടത്തി. ചിത്രത്തിന്റെ ക്ലൈമാക്‌സിൽ ഉപയോ​ഗിച്ച അതേ രീതിയിലുള്ള റാഫ്റ്റ് അദ്ദേഹം പുനഃസൃഷ്ടിച്ചു. കേറ്റിന്റെയും ലിയോയുടെയും അതേ ശരീരഭാരമുള്ള സ്റ്റണ്ട് കലാകാരന്മാരെ വെച്ച് നടത്തിയ പരീക്ഷണത്തിൽ തെളിഞ്ഞത്, അത്തരമൊരു സാഹചര്യത്തിൽ ആർക്കെങ്കിലും ഒരാൾക്ക് മാത്രമേ അതിജീവിക്കാനാവൂ എന്നാണ്". കാമറൂൺ വിശദീകരിച്ചു. ഫെബ്രുവരിയിൽ ഇറങ്ങാനിരിക്കുന്ന ടൈറ്റാനിക് 4കെ റീമാസ്റ്റേർഡ് പതിപ്പിൽ ഈ പരീക്ഷണത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തുമെന്ന സൂചനയും അദ്ദേഹം നൽകി.

1997-ൽ തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സോഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമാണ്. ലിയനാഡോ ഡികാപ്രിയോ, കേറ്റ് വിൻസ്ളെറ്റ് എന്നിവരായിരുന്നു യഥാക്രമം ജാക്കും റോസുമായെത്തിയത്. ജെയിംസ് ഹോണർ ഈണമിട്ട എവരി നൈറ്റ്സ് ഇൻ മൈ ഡ്രീം എന്ന ​ഗാനം ഇപ്പോഴും സൂപ്പർഹിറ്റാണ്. ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത അവതാർ: ദ വേ ഓഫ് വാട്ടർ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.