അവിചാരിതമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ചിലരുണ്ട്. ഒരു പക്ഷേ ചിലപ്പോൾ പിന്നീടുള്ള നമ്മുടെ ജീവിതത്തിന്‍റെ ഗതിവിഗതികള്‍ അവരെ ചുറ്റിപ്പറ്റിയാകാം സംഭവിക്കുന്നത്. ഈയൊരു പ്രമേയവുമായി പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുകയാണ് 'ഇമ്പം' എന്ന ചിത്രം. ലാലു അലക്സും ദീപക് പറമ്പോലുമാണ് പ്രധാന വേഷത്തിലെത്തുന്നത്‌.

To advertise here,

ഒടിടിയിലെത്തി പ്രേക്ഷകരേവരും ഏറ്റെടുത്ത 'ബ്രോ ഡാഡി'യ്ക്ക് ശേഷം ലാലു അലക്സ് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മാമ്പ്ര സിനിമാസിന്‍റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. മീര വാസുദേവും ദർശന സുദര്‍ശനുമാണ്‌ ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തിലേതായി എത്തിയ ഫസ്റ്റ് ലുക്കും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'മായികാ മധുനിലാ...' എന്ന ഗാനവും സോഷ്യൽമീഡിയയിൽ ഇതിനകം ഏറെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. 

ശബ്‍ദം എന്നു പേരുള്ള ഒരു പബ്ലിഷിംഗ് ഹൗസിന്‍റെ നടത്തിപ്പുകാരനായ കരുണാകരൻ എന്നയാളുടേയും അയാളുടെ സ്ഥാപനത്തിലേക്ക് അവിചാരിതമായി കടന്നു വരുന്ന കാർട്ടൂണിസ്റ്റായ നിധിൻ എന്ന ചെറുപ്പക്കാരന്‍റേയും കൂടിക്കാഴ്ചയും അതിന് ശേഷം നടക്കുന്ന രസകരവും ഉദ്വേഗജനകവുമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. പല തലമുറകളിലെ പ്രണയ ഭാവങ്ങളുടെ വ്യത്യസ്തമായ അനുഭവങ്ങളും സിനിമയിൽ അവതരിപ്പിക്കുന്നുമുണ്ട്. ഒരു ടോട്ടൽ ഫാമിലി എന്‍റർടെയ്നറായി തിയേറ്ററുകളിലെത്തുന്ന സിനിമയ്ക്ക് പി.എസ് ജയഹരിയാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്. അപർണ ബാലമുരളി, ശ്രീകാന്ത് ഹരിഹരൻ, സിതാര കൃഷ്ണകുമാർ തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്‌.

ഇർഷാദ്, കലേഷ് രാമാനന്ദ് (ഹൃദയം ഫെയിം), ദിവ്യ എം നായർ, ശിവജി ഗുരുവായൂർ, നവാസ് വള്ളിക്കുന്ന്, വിജയൻ കാരന്തൂർ, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബൻ സാമുവൽ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളായുണ്ട്. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്സും, ചിത്രത്തിൻ്റെ വിതരണവും സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബർ ആദ്യവാരം ചിത്രം പ്രദർശനത്തിനെത്തും.