ലാലു അലക്‌സും ദീപക് പറമ്പോലും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ഇമ്പം. ബ്രോ ഡാഡി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാലു അലക്‌സ് ഒരു പ്രധാന
വേഷം കൈകാര്യം ചെയ്യുന്നുവെന്ന് പ്രത്യേകതയും ഉണ്ട്. ടോട്ടല്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ എന്ന ലേബലില്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. 

To advertise here,

കോഴിക്കോട് നഗരത്തെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. ഒരു ആര്‍ട്ട്‌സ് കോളേജിലെ വിദ്യാര്‍ഥികളുടെ ചില പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ചാണ് കഥയുടെ ആരംഭം. കോളേജിലെ പ്രിന്‍സിപ്പിളിന്റെ ചങ്ങാതിയാണ് കരുണാകരന്‍. ശബ്ദം എന്ന പേരിലുള്ള പബ്ലിഷിംഗ് ഹൗസ് ഉടമ കൂടിയാണ് ഇദ്ദേഹം. 

കരുണാകരന്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ ജീവിതത്തിലേക്ക് അവിചാരിതമായി പലരുമെത്തുന്നു. അങ്ങനെയാണ് നിധി എന്ന ചെറുപ്പക്കാരനും കരുണാകരനെ പരിചയപ്പെടുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കരുണാകരന്‍ ഒരു പാര്‍ട്ടിയുടെ യൂത്ത് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന പ്രേമരാജനുമായു ഒരു പ്രശ്‌നത്തിലകപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് കഥാ പശ്ചാത്തലം. 

പ്രണയം, സൗഹൃദം, കുടുംബ ബന്ധങ്ങള്‍ എന്നിവയുടെ ചരടിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. കരുണാകരനായി ലാലു അലക്‌സ് എത്തുമ്പോള്‍ നിധിയായി എത്തുന്നത് ദീപക് പറമ്പോലാണ്. ഇരുവരുടെയും പ്രകടനം തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. പ്രേമരാജന്‍ എന്ന കഥാപാത്രം ഇര്‍ഷാദിന്റെ കൈകളില്‍ ഭദ്രമായിരുന്നു. 

കാദംബരി എന്ന നായികാ കഥാപാത്രമായി എത്തുന്നത് ദര്‍ശന സുദര്‍ശനാണ്. നിധി എന്ന നായക കഥാപാത്രവുമായുള്ള കാദംബരിയുടെ പ്രണയരംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്ന് തന്നെയാണ്. അതിമനോഹരങ്ങളായ ഗാനങ്ങളാണ് മറ്റൊരു പ്രത്യേകത. 

കഥാപാത്രങ്ങളില്‍ തന്നെ പരമാവധി പുതുമ നിലനിര്‍ത്താന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഏറെ നാളുകള്‍ക്ക് ശേഷം മീര വാസുദേവ് സിനിമാ രംഗത്തേക്ക് വീണ്ടുമെത്തുകയാണ് ഇമ്പത്തിലൂടെ. 

ഹൃദയം ഫെയിം കലേഷ് രാമാനന്ദ്, ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 

പല തലമുറകളിലെ വ്യത്യസ്ത പ്രണയ ഭാവങ്ങള്‍ തിരക്കഥയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ രചിയതാവിന് സാധിച്ചു. ഒരു വ്യക്തിയുടെ ജീവിതത്തില്‍ കലയ്ക്കും സാഹിത്യത്തിനുമുള്ള പങ്ക് എത്രത്തോളമായിരിക്കുമെന്നതും ചിത്രം ചര്‍ച്ച ചെയ്യുന്നു. അടുത്ത കാലത്ത് രാഷ്ട്രീയ സംസാരിച്ച ചിത്രങ്ങളില്‍ നിന്ന് ഇമ്പം വേറിട്ട് നില്‍ക്കുന്നു. 

നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്‌സും ചിത്രത്തിന്റെ വിതരണവും സ്വന്തമാക്കിയിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാമ്പ്ര സിനിമാസിന്റെ ബാനറില്‍ ഡോ.മാത്യു മാമ്പ്ര ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നിങ്ങളെ നിരാശപ്പെടുത്തില്ല, ധൈര്യമായി ടിക്കറ്റെടുക്കാം ഇമ്പത്തിന്.