കഴിഞ്ഞദിവസം വളരെ കൗതുകമുള്ള പേരോടുകൂടി ഒരു ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൗബിൻ ഷാഹിറിനെ നായകനാക്കി തിരക്കഥാകൃത്ത് ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്ന ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന്റേതായിരുന്നു അത്. ഇലവീഴാപൂഞ്ചിറയിലെ വയർലസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോ​ഗസ്ഥരുടെ കഥയാണ് ചിത്രം. സിനിമയുടെ തിരക്കഥാകൃത്തുക്കളായ നിധീഷ്. ജി, ഷാജി മാറാട് എന്നിവർ അങ്ങനെയൊരു ജോലി ചെയ്ത പോലീസുകാരാണ് എന്ന വാർത്തയാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.

To advertise here,

പോലീസ് ഉദ്യോ​ഗസ്ഥനായ ഉമേഷ് വള്ളിക്കുന്ന് തന്റെ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മൊബൈൽ റേഞ്ച് പോലുമില്ലാത്ത ഒരു മലമുകളിൽ, ഏകാന്തമായ വയർലസ് സ്റ്റേഷന് കാവലിരിക്കേണ്ട ഡ്യൂട്ടിയുണ്ട് പോലീസിൽ. ഏതു നിമിഷവും ഇടിമിന്നലേറ്റ് മരിച്ചു പോകാവുന്ന അവിടെ ഡ്യൂട്ടിക്കിട്ടാൽ എങ്ങനെയെങ്കിലും ഒരാഴ്ച ഒപ്പിച്ച് അടുത്തയാളെത്തുമ്പോൾ രക്ഷപ്പെട്ടു പോരും പോലീസുകാർ.

എന്നാൽ, ആ ഏകാന്തത കുടിച്ച് ലഹരി പിടിച്ച രണ്ടുപേരുണ്ട് കേരളത്തിലെ പോലീസുകാരിൽ. പരാതിയില്ലാതെ പൂഞ്ചിറയിൽ വർഷങ്ങളോളം പുസ്തകം വായിച്ചും എഴുതിയും ഇടയ്ക്ക് നാട്ടിലിറങ്ങുമ്പോൾ സിനിമ കണ്ടും അവർ പൂഞ്ചിറക്കാരായി ജീവിച്ചു. ആ രണ്ട് പോലീസുകാരാണ് ഈ സിനിമയുടെ എഴുത്തുകാർ എന്നാണ് അദ്ദേഹം ഈ സിനിമയേക്കുറിച്ചും രചയിതാക്കളേക്കുറിച്ചും എഴുതിയിരിക്കുന്നത്.

സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന 'ഇലവീഴാപൂഞ്ചിറ' എന്ന വിനോദസഞ്ചാര മേഖലയിലാണ്‌ സിനിമ ചിത്രീകരിച്ചിരിക്കുന്നത്‌. മലയാളത്തിൽ ആദ്യമായി DOLBY VISION 4 K HDR-ൽ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും 'ഇലവീഴാപൂഞ്ചിറ'യ്ക്ക്‌ ഉണ്ട്‌. സുധി കോപ്പ, ജൂഡ്‌ ആന്റണി ജോസഫ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.