കുനാൽ കോലി സംവിധാനം ചെയ്ത 'ഹം തും' എന്ന ബോളിവുഡ് ചിത്രം റിലീസ് ചെയ്തിട്ട് 22 വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു. ഇപ്പോഴും ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച പ്രണയകഥകളിലൊന്നാണത്. ചിത്രത്തിൽ സെയ്ഫ് അലി ഖാനും റാണി മുഖർജിയും അവതരിപ്പിച്ച പ്രധാന കഥാപാത്രങ്ങളേയും അഭിനേതാക്കൾ തമ്മിലുള്ള കെമിസ്ട്രിയും ആരാധകർ ഇരുകയ്യുംനീട്ടി സ്വീകരിച്ചിരുന്നു. എന്നാൽ, സിനിമയുടെ ചിത്രീകരണ സമയത്ത് ഇരുവരും തമ്മിൽ ഒട്ടും സൗഹൃദത്തിലായിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കുനാൽ കോലി.

To advertise here,

എൻഡിടിവിയോട് സംസാരിക്കവെയാണ് അന്ന് ഇരുവരെയും സൗഹൃദത്തിലാക്കാനും മികച്ച രംഗങ്ങളെടുക്കാനും താൻ അനുഭവിച്ച കഷ്ടപ്പാട് എന്തെന്ന് കുനാൽ വെളിപ്പെടുത്തിയത്.

"ഓഫ് സ്ക്രീനിൽ അവർക്ക് പരസ്പരം വലിയ താല്പര്യമൊന്നുമില്ലായിരുന്നു. ചിത്രീകരണത്തിന്റെ ആദ്യ പകുതിയിൽ ഞാനും റാണിയും ഒരു ഭാഗത്തും സെയ്ഫ് ഒറ്റയ്ക്കും എന്ന രീതിയിലായിരുന്നു. സെയ്ഫിനും എനിക്കും പരസ്പരം ഇഷ്ടമല്ലായിരുന്നു, സെയ്ഫിനും റാണിക്കും പരസ്പരം ഇഷ്ടമല്ലായിരുന്നു. പിന്നീട് ആംസ്റ്റർഡാമിലെ ചിത്രീകരണ വേളയിലുടനീളം സെയ്ഫും ഞാനും സംസാരിച്ചു. ഞാൻ പറഞ്ഞു, 'നോക്കൂ, ഈ സിനിമ വളരെ പ്രധാനപ്പെട്ടതാണ്. ഇത് വിജയിച്ചില്ലെങ്കിൽ, നിങ്ങൾ ഒരു സോളോ ഹീറോ ആയിരിക്കില്ല. 'കൽ ഹോ നാ ഹോ'യിലേതുപോലെ ഷാറുഖ് ഖാന്റെ ഒപ്പം രണ്ടാമത്തെ നായകനായി മാത്രമേ നിങ്ങൾക്ക് അഭിനയിക്കേണ്ടി വരൂ. അതുകൊണ്ട് നമുക്കിത് വിജയിപ്പിച്ചെടുക്കാം.'" സെയ്ഫിന് നൽകിയ ആ മുന്നറിയിപ്പിന് ശേഷം സെറ്റിൽ എല്ലാവരും വളരെ മെച്ചപ്പെട്ട രീതിയിൽ ഒത്തുപോയതായി സംവിധായകൻ പറഞ്ഞു.

സിനിമയിലെ ചുംബന രംഗങ്ങളിൽ അഭിനയിക്കാൻ റാണി ആദ്യം വിസമ്മതിച്ചതിനെ കുറിച്ചും കുനാൽ വെളിപ്പെടുത്തി. ആ രാത്രി മുഴുവൻ ഷൂട്ട് ആയിരുന്നു. ചുംബനരംഗത്തിൽ അഭിനയിക്കില്ലെന്നാണ് അവൾ ആദ്യം പറഞ്ഞത്. ഒടുവിൽ അവൾ പറഞ്ഞു, 'ശരി, ഞാൻ ഒരു ടേക്ക് ചെയ്യാം.' 'നിങ്ങൾ ആ ടേക്ക് കാണുകയാണെങ്കിൽ കാണാം അവൾ യഥാർത്ഥത്തിൽ ചിരിക്കുകയാണ്; അവൾ ഒരു വശത്തേക്ക് ചരിഞ്ഞു കിടന്ന് ചിരി കാരണം അനങ്ങുന്നുണ്ട്. എഡിറ്റിങ്ങിൽ അത് കണ്ടപ്പോൾ അവൾ ചിരിക്കുകയാണെന്ന് എനിക്ക് തോന്നി. ചിലപ്പോൾ, ഹിന്ദി സിനിമയിലെ ഏറ്റവും മോശം ചുംബനങ്ങളിലൊന്നായിരിക്കണം അത്", കുനാൽ പറഞ്ഞു.

2004-ൽ കുനാൽ കോലി രചനയും സംവിധാനവും നിർവഹിച്ച് യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമ്മിച്ച റൊമാന്റിക് കോമഡി ചിത്രമാണ് ഹം തും. സെയ്ഫ് അലി ഖാൻ, റാണി മുഖർജി എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഋഷി കപൂർ, കിരൺ ഖേർ, രതി അഗ്നിഹോത്രി, ജിമ്മി ഷെയർഗിൽ എന്നിവർ സഹതാരങ്ങളായുണ്ട്. അമേരിക്കൻ സിനിമയായ വെൻ ഹാരി മെറ്റ് സാലി എന്ന ചിത്രത്തിൽനിന്ന് പ്രചോദനം ഉൾകൊണ്ടാണ് ഹം തും ഒരുക്കിയത്.

സെയ്ഫ് അലി ഖാന്റെ കരിയറിൽ വലിയ മാറ്റമുണ്ടാക്കിയ ചിത്രമാണ് ഹം തും. അക്കാലത്ത് റാണി മുഖർജി വലിയ താരമായി മാറിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്കാരവും സെയ്ഫ് സ്വന്തമാക്കി.