സിനിമയിൽ തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളിൽ അതൃപ്തി പരസ്യമാക്കി ബോളിവുഡ് താരം ഹൃത്വിക് റോഷൻ. ചോക്ലേറ്റ് ഹീറോ, അല്ലെങ്കിൽ 'നല്ലവൻ' ഇമേജുള്ള വേഷങ്ങളിൽ നിന്ന് മാറി നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങൾ ചെയ്യാൻ തനിക്ക് താല്പര്യമുണ്ടെന്ന് താരം വ്യക്തമാക്കി. എന്നാൽ സംവിധായകർ എപ്പോഴും തന്നെ പോസിറ്റീവ് വേഷങ്ങളിലേക്ക് മാത്രമേ പരിഗണിക്കാറുള്ളൂ എന്നും ഹൃത്വിക് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

To advertise here,

പാരീസിലെ ഈഫൽ ടവറിന് മുന്നിൽ നിന്നുള്ള ഒരു സെൽഫി പങ്കുവെച്ചുകൊണ്ടാണ് താരം മനസ്സ് തുറന്നത്.

"ഏതുതരം വേഷങ്ങളാണ് ഇനി ചെയ്യാൻ ആഗ്രഹിക്കുന്നത് എന്ന് ഒരാൾ എന്നോട് ചോദിച്ചു. മറുപടി പെട്ടെന്നാണ് എന്റെ മനസ്സിലേക്ക് വന്നത്. 'ലക്ക് ബൈ ചാൻസ്' എന്ന ചിത്രത്തിലെ 'സഫർ' എന്ന കഥാപാത്രം ഓർമ്മയില്ലേ? അങ്ങനെയൊന്ന് ചെയ്യാനാണ് എനിക്കിപ്പോൾ ആഗ്രഹം. അത്തരം വേഷങ്ങൾ ഇരുകൈയും നീട്ടി ഞാൻ സ്വീകരിക്കും. പക്ഷേ, സംവിധായകർക്ക് എന്നെ എപ്പോഴും ഒരു നല്ലവനായി കാണാനാണ് ഇഷ്ടം. കഷ്ടം തന്നെ!" - ഹൃത്വിക് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

സോയ അക്തർ സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ 'ലക്ക് ബൈ ചാൻസ്' എന്ന ചിത്രത്തിൽ ഹൃത്വിക് അതിഥി വേഷത്തിലാണ് എത്തിയത്. ചിത്രത്തിൽ സ്വാർത്ഥനും എന്നാൽ രസകരവുമായ ഒരു സിനിമാതാരത്തിന്റെ വേഷമായിരുന്നു ഹൃത്വികിന്. ചെറിയ സ്ക്രീൻ ടൈം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും വലിയ പ്രേക്ഷകപ്രീതി നേടാൻ ഈ കഥാപാത്രത്തിന് സാധിച്ചിരുന്നു. ഹൃത്വികിന്റെ പോസ്റ്റിന് താഴെ സംവിധായിക സോയ അക്തർ തന്നെ ആദ്യമേ കമന്റുമായി എത്തിയിട്ടുണ്ട്. നമുക്കൊരുമിച്ച് കോഫി കുടിച്ചാലോ എന്നാണ് സോയ കമന്റ് ചെയ്തിരിക്കുന്നത്.

'വാർ 2' ആണ് ഹൃത്വികിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നിലവിൽ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ക്രിഷ് 4' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് താരം. യാഷ് രാജ് ഫിലിംസും രാകേഷ് റോഷനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ഹൃത്വിക് തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും. ഇതുകൂടാതെ ആമസോൺ പ്രൈമിന് വേണ്ടി സ്റ്റോം എന്ന ത്രില്ലർ വെബ് സീരീസ് നിർമ്മിച്ച് ഒടിടി മേഖലയിലേക്കും താരം ചുവടുവെക്കുകയാണ്.