പതിനഞ്ചു വർഷത്തെ വിവാഹജീവിതത്തിനുശേഷം വേർപിരിഞ്ഞ ഹൃത്വിക്-സൂസൈൻ ബന്ധം വലിയ വാർത്തയായത് മറ്റൊരു കാര്യം കൊണ്ടാണ്, വേർപിരിയലിന് പിന്നാലെ സൂസൈൻ 400 കോടി രൂപ ജീവനാംശമായി ആവശ്യപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സൂസൈന്റെ സഹോദരിയും പ്രമുഖ ജ്വല്ലറി ഡിസൈനറുമായ ഫറാ ഖാൻ അലി ആ റിപ്പോർട്ടുകൾ തള്ളിക്കളയുന്നു. അത്തരത്തിൽ പണം ആവശ്യപ്പെടേണ്ട സാഹചര്യമോ ആവശ്യമോ സൂസൈന് ഇല്ലായിരുന്നുവെന്നാണ് അവർ വ്യക്തമാക്കിയത്.

To advertise here,

മാധ്യമപ്രവർത്തകൻ വിക്കി ലാൽവാനിയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫറ സഹോദരിയെയും മുൻഭർത്താവിനെയുംക്കുറിച്ച് പറഞ്ഞത്. "ആ വാർത്ത എല്ലാവരെയും ഞെട്ടിച്ചു. വലിയ ചർച്ചകളും വിവാദങ്ങളും ഉണ്ടായി. അവരുടെ വ്യക്തിജീവിതത്തെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളും ഉണ്ടായിരുന്നു. പക്ഷേ ഇരുവരും ആ സാഹചര്യം വളരെ മാന്യമായും പക്വമായും കൈകാര്യം ചെയ്തു. അത് പരസ്പര ധാരണയോടെയുള്ള ഒരു വിവാഹമോചനമായിരുന്നു.

"സൂസൈൻ 400 കോടി ജീവനാംശം ആവശ്യപ്പെട്ടുവെന്നും അതിലൂടെ സമ്പന്നയായെന്നുമൊക്കെ പറയുന്നതു വെറുതെയാണ്. പൂർണമായും അസത്യമായ ആ കാര്യങ്ങൾ പ്രചരിക്കുന്നത് എനിക്ക് വല്ലാതെ വിഷമമുണ്ടാക്കുന്നു. എന്റെ സഹോദരി ഒന്നും സ്വീകരിച്ചിട്ടില്ല. സമ്പത്തിനെക്കാൾ ബന്ധങ്ങൾക്ക് പ്രാധാന്യമുള്ള കുടുംബത്തിലാണ് ഞങ്ങൾ വളർന്നത്. അതുകൊണ്ടുതന്നെയാണ് അവൾക്ക് ഇപ്പോഴും ഹൃത്വിക്കുമായി അദ്ദേഹത്തിന്റെ കുടുംബവുമായും നല്ല ബന്ധമുള്ളത്. അവരെല്ലാം സൂസൈനെ ഇപ്പോഴും സ്നേഹിക്കുന്നു." ഫറ പറഞ്ഞു.

"സൂസൈനും ഹൃത്വിക്കും മാന്യരായ രണ്ട് വ്യക്തികളാണ്. അവരുടെ വിവാഹജീവിതം വേണ്ടത്ര വിജയിച്ചില്ല എന്നത് ശരിയാണ്. എന്നാൽ മാധ്യമശ്രദ്ധയ്ക്കോ വാർത്തയ്ക്കോ വേണ്ടി ആ ബന്ധം വലിച്ചിഴച്ച് വാർത്തയാക്കേണ്ട കാര്യം അവർക്കില്ല. ഈ വിവാഹമോചനത്തിൽ ജീവനാംശം നൽകിയെന്നത് തികച്ചും തെറ്റായ വാർത്തയാണ്. 2014ലെ വിവാഹമോചനത്തിനുശേഷം പലതവണ ഈ വിവാദങ്ങളോട് പ്രതികരിക്കാതിരുന്നത് എന്തെന്ന് ഞാൻ സൂസൈനോട് ചോദിച്ചതാണ്. എന്നാൽ ആളുകൾ എന്നെക്കുറിച്ച് എന്ത് വിചാരിച്ചാലും അതെനിക്ക് പ്രശ്നമല്ല എന്നായിരുന്നു സൂസൈന്റെ മറുപടി." ഫറാ ഖാൻ അലി വ്യക്തമാക്കി.

ഹൃത്വിക് റോഷനും സൂസൈനും ബാല്യകാലസുഹൃത്തുക്കളാണ്. 2000 ഡിസംബറിൽ വിവാഹിതരായ ഇവർ 2013ൽ വിവാഹമോചിതരായി. ഈ ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ്. വിവാഹമോചിതരായെങ്കിലും ഇരുവരും സൗഹൃദത്തിലാണ്. മക്കൾക്കൊപ്പം ഒരുമിച്ച് സമയം ചെലവഴിക്കാൻ ഇരുവരും ശ്രദ്ധിക്കാറുണ്ട്.