
പ്രഥമരാത്രിയുടെ അനുഭൂതി നിറയണം പാട്ടിൽ. വരികളിൽ ശൃംഗാരമാകാം, രതികൽപ്പനകൾ കലരാം. അത്തരം സൃഷ്ടികൾ പലതുണ്ടല്ലോ മലയാളസിനിമാ ചരിത്രത്തിൽ: മനസ്സു മനസ്സിന്റെ കാതിൽ, പിന്നെയും ഇണക്കുയിൽ പിണങ്ങിയല്ലോ, ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം, ആദ്യരാത്രി മധുവിധു രാത്രി....
എന്നാൽ സംഗീത സംവിധായകൻ എം ജി രാധാകൃഷ്ണൻ നിർദേശിച്ചത് ഒരു സ്വാതി തിരുനാൾ കൃതിയാണ്: "എന്തു മമസദനത്തിൽ ഇന്നു വന്നു രമണൻ, ഹന്ത മാർഗം മറന്നിതോ ചെന്താർശര സമകാന്താ.."
Also Read
കല്യാണിരാഗത്തിലുള്ള ആ കൃതി, വരികളുടെ സാരാംശവും ഭാവവും ഉൾക്കൊണ്ട് രാധാകൃഷ്ണൻ പാടിക്കേൾപ്പിച്ചപ്പോൾ മനസ്സു നിറഞ്ഞുവെന്ന് "സ്നേഹപൂർവ്വം മീര"യുടെ സംവിധായകൻ ഹരികുമാർ. "ഞാൻ ഉദ്ദേശിച്ച രംഗത്തെ ദീപ്തമാക്കാൻ ആ വരികൾക്കും ഈണത്തിനും കഴിയുമെന്ന് അപ്പോൾ മനസ്സിലായി."-- ഹരികുമാറിന്റെ ഓർമ്മ.
പാട്ട് പാടേണ്ടയാളെ നിശ്ചയിക്കുകയാണ് അടുത്ത ദൗത്യം. എസ് ജാനകിയും വാണിജയറാമുമൊക്കെ തിളങ്ങി നിൽക്കുന്ന സമയമാണെങ്കിലും രാധാകൃഷ്ണൻ നിർദ്ദേശിച്ചത് ഒരു പുതുഗായികയുടെ പേര്: കെ.എസ് ചിത്ര. അതുവരെ ആ പേരുകാരിയുടെ പാട്ട് ശ്രദ്ധിച്ചിരുന്നില്ല ഹരികുമാർ. "സത്യത്തിൽ ചിത്രയുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ച തന്നെ അന്നാണ്. പാട്ടുകളുടെ കമ്പോസിംഗിന് തൈക്കാട്ടെ രാധാകൃഷ്ണന്റെ വീട്ടിൽ ചെന്നതായിരുന്നു ഞാൻ. രാധാകൃഷ്ണന്റെ ഹാർമോണിയതിൽ താരണിമാനം എന്ന പാട്ടിന്റെ ഈണങ്ങൾ മാറിമാറി വന്നുകൊണ്ടിരിക്കേ, ഒരു പാട്ടുപാവാടക്കാരി അകത്തേക്ക് ഓടിപ്പോയത് ശ്രദ്ധിച്ചിരുന്നു. രാധാകൃഷ്ണന്റെ സഹോദരി ഓമനക്കുട്ടി ടീച്ചറുടെയടുത്ത് സംഗീതം പഠിക്കാൻ വന്ന ചിത്രയാണ് ആ കുട്ടി എന്നറിഞ്ഞത് പിന്നീട് രാധാകൃഷ്ണൻ പറഞ്ഞാണ്.."
അതിനകം എം.ജി രാധാകൃഷ്ണന് വേണ്ടി സിനിമയിൽ രണ്ടുമൂന്ന് പാട്ടുകൾ പാടിയിരുന്നു ചിത്ര. ആദ്യം പാടിയ "അട്ടഹാസം" എന്ന സിനിമ പുറത്തിറങ്ങിയിരുന്നില്ല. "നവംബറിന്റെ നഷ്ട"ത്തിൽ അരുന്ധതിയോടൊപ്പം പാടിയ "അരികിലോ അകലെയോ" എന്ന ഗാനം അത്ര കണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നുമില്ല. "ചിത്രയുടെ കഴിവുകളിൽ പൂർണ്ണ വിശ്വാസമായിരുന്നു രാധാകൃഷ്ണന്. കൂടുതൽ നല്ലൊരു ബ്രേക്ക് ആ കുട്ടിക്ക് ലഭിക്കട്ടെ എന്ന ആഗ്രഹം കൂടി ഉണ്ടായിരുന്നിരിക്കണം എന്റെ സിനിമയിലെ പാട്ടിന് ചിത്രയുടെ പേര് നിർദ്ദേശിച്ചതിന് പിന്നിൽ."-- ഹരികുമാർ ഓർക്കുന്നു.
രാധാകൃഷ്ണന്റെ മേടയിൽ വീട്ടിൽ വെച്ചു തന്നെയായിരുന്നു റിഹേഴ്‌സൽ. "അധികനേരം വേണ്ടിവന്നില്ല ചിത്രക്ക് പാട്ടു പഠിച്ചെടുക്കാൻ. എന്നാൽ പാടിക്കേട്ടപ്പോൾ രാധാകൃഷ്ണന് എന്തോ ഒരു തൃപ്തിക്കുറവ്. സിനിമയിലെ അങ്ങേയറ്റം വികാരോഷ്മളമായ മുഹൂർത്തമാണ്. പശ്ചാത്തലത്തിൽ വരുന്ന പാട്ടിന് കുറച്ചു കൂടി കനം ആവാം -- അദ്ദേഹം പറഞ്ഞു. പാട്ടിൽ അരുന്ധതി കൂടി പങ്കാളിയാവട്ടെ എന്ന നിർദ്ദേശം വരുന്നത് അങ്ങനെയാണ്. എന്നാൽ എന്തോ കാരണത്താൽ അരുന്ധതി റെക്കോർഡിംഗിനെത്തിയില്ല. പകരം ബീനയെ നിർദ്ദേശിച്ചതും രാധാകൃഷ്ണൻ തന്നെ. അങ്ങനെയാണ് സഹോദരിമാരായ കെ.എസ് ബീനയുടെയും കെ.എസ് ചിത്രയുടെയും ശബ്ദങ്ങളിൽ യുഗ്മഗാനമായി "എന്തു മമസദനത്തിൽ" തരംഗിണി സ്റ്റുഡിയോയിൽ വെച്ച് റെക്കോർഡ് ചെയ്യപ്പെടുന്നത്.
റെക്കോർഡിംഗിന് മുൻപ് ശാസ്ത്രീയ സംഗീത വിശാരദനായ ചേർത്തല ഗോപാലൻ നായരെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് കണ്ട് പാട്ടു പാടിക്കേൾപ്പിച്ചതോർക്കുന്നു ചിത്ര. അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെയാണ് പാട്ട് റെക്കോർഡ് ചെയ്യാൻ പോയത്. തരംഗിണി സ്റ്റുഡിയോയിൽ രണ്ടു മക്കളും ഒരുമിച്ചു പാടുന്ന ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ അച്ഛൻ കരമന കൃഷ്ണൻ നായരും എത്തിയിരുന്നു. ആത്മനിർവൃതിയോടെ ആ കാഴ്ച കണ്ടുനിന്ന അച്ഛന്റെ മുഖം ഇന്നുമുണ്ട് ചിത്രയുടെ ഓർമ്മയിൽ.
"സ്നേഹപൂർവ്വം മീരയിൽ" നെടുമുടി വേണുവിന്റെയും പൂർണ്ണിമ ജയറാമിന്റെയും ആദ്യരാത്രിയുടെ പശ്ചാത്തലത്തിൽ കടന്നുവരുന്ന പാട്ടാണ് "എന്തു മമസദനത്തിൽ." വധൂവരന്മാരുടെ ആദ്യസമാഗമ ലഹരിയുമായി ചേർന്നുനിന്നു ആ ഗാനം. സിനിമയ്ക്ക് വേണ്ടി ബീന പാടിയ അവസാന ഗാനമായി അതെന്നത് വിധിനിയോഗം. അതിനകം വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചിരുന്ന ബീന സിനിമയിലേക്കും സംഗീതത്തിലേക്കും പിന്നീട് തിരിച്ചുവന്നതേയില്ല. കുടുംബജീവിതത്തിന്റെ തിരക്കിലും ബഹളത്തിലും മുഴുകിപ്പോയതാണ് കാരണമെന്ന് പറയും ബീന.
എന്നാൽ ചിത്രയുടെ കാര്യത്തിൽ ഒരു യുഗാരംഭം കുറിക്കുകയായിരുന്നു ആ ഗാനം. "എന്റെ സിനിമയിൽ പാടിയിരുന്നില്ലെങ്കിലും ചിത്രയുടെ കഴിവുകൾ സിനിമാലോകം തിരിച്ചറിയുമായിരുന്നു." -- ഹരികുമാറിന്റെ വാക്കുകൾ. "പിൽക്കാലത്ത് എന്റെ സിനിമകളിൽ തന്നെ എത്രയോ ഹിറ്റ് ഗാനങ്ങൾ അവർ പാടി. പക്ഷേ സ്നേഹപൂർവ്വം മീരയിലെ പാട്ട് ഒരിക്കലും മറന്നില്ല ചിത്ര. ഏത് അഭിമുഖത്തിലും ആ ഗാനം ഓർത്തെടുത്തു പരാമർശിക്കാറുണ്ട് അവർ. സിനിമാജീവിതം സമ്മാനിച്ച സൗഭാഗ്യങ്ങളിൽ ഒന്നായിത്തന്നെ കരുതുന്നു ഞാനതിനെ..."
Content Highlights: harikumar director passed away, snehapoorvam meera movie, ks chithra, sister beena
Published: 06 May 2024, 08:42 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented