സക്കറിയ സംവിധാനം ചെയ്യുന്ന ഹലാൽ ലൗ സ്റ്റോറിയുടെ ട്രൈലര്‍ ആമസോൺ പ്രൈം വീഡിയോ പുറത്തിറക്കി. പ്രധാന കഥാപാത്രങ്ങളായ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ എന്നിവരോടൊപ്പം മറ്റു കഥാപാത്രങ്ങളായി പാർവതി തിരുവോത്ത്, സൗബിൻ ഷാഹിർ എന്നിവരും എത്തുന്നു. ആഷിക് അബു, ഹർഷാദ് അലി, ജസ്ന ആശിം എന്നിവർചേർന്നാണ് ഹലാൽ ലൗ സ്റ്റോറി നിർമ്മിച്ചിരിക്കുന്നത് .

വളരെയധികം ആചാരനിഷ്ഠയുള്ള കുടുംബത്തിൽ നിന്നുള്ള ചലച്ചിത്ര നിർമ്മാണത്തിൽ തല്‍പ്പരനായ തൗഫീക്ക് എന്ന ചെറുപ്പക്കാരനും സമാന ആഗ്രഹമുള്ള തന്റെ സംഘടനാ സുഹൃത്തുക്കളായ റഹീമും ഷെരീഫും സിനിമ ചെയ്യാമെന്ന ആശയവുമായി മുന്നോട്ട് പോകുന്നതും ചലച്ചിത്രനിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും മതപരമായ മാർഗ്ഗനിർദ്ദേശങ്ങൾ ക്രൂ പാലിക്കുമ്പോൾ വലിയ ആശയക്കുഴപ്പങ്ങൾ സംഭവിക്കുന്നതുമാണ്‌‌ ട്രെയ്ലറില്‍ പറയുന്നത്.

ചിത്രത്തിന്റെ തിരക്കഥ സക്കരിയയും മുഹ്‌സിൻ പരാരിയും ചേർന്നാണ് രചിച്ചത്.അജയ് മേനോന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ബിജിബാല്‍, ഷഹബാസ് അമന്‍, റെക്‌സ് വിജയന്‍, യാക്‌സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്.

ഇന്ത്യയിലും മറ്റ്  200 രാജ്യങ്ങളിലും പ്രദേശങ്ങളിലും ഉള്ള  പ്രൈം അംഗങ്ങൾക്ക് 2020 ഒക്ടോബർ 15 മുതൽ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ ആമസോൺ പ്രൈം വീഡിയോയിൽ മാത്രമായി ഹലാൽ ലൗ സ്റ്റോറി കാണാൻ സാധിക്കും.

Content Highlights : Halal Love Story Movie Trailer Indrajith Grace Antony Soubin Parvathy Sharafudheen