ബോളിവുഡിൽ തനിക്ക് ഇനി അവസരങ്ങളില്ലെന്ന് പലരും വിധിയെഴുതിയിരുന്നെങ്കിലും വീണ്ടും ശക്തമായി തിരിച്ചെത്തുന്നുവെന്ന് പ്രഖ്യാപിച്ച് നടൻ ഗോവിന്ദ. പുതിയ ചിത്രം 'രൂപ'യിലൂടെയാണ് താരം വീണ്ടും വെള്ളിത്തിരയിലെത്തുന്നത്. ചിത്രത്തിൽ പുതുമുഖ നടി റാണി സ്വർണകർ ആണ് നായിക. അഭിനയിക്കുന്നതിനൊപ്പം ചിത്രത്തിന്റെ നിർമ്മാണവും ഗോവിന്ദ തന്നെയാണ് നിർവഹിക്കുന്നത്.

To advertise here,

പുതിയ ചിത്രത്തിന്റെ പ്രഖ്യാപനച്ചടങ്ങിൽ സംസാരിച്ചപ്പോഴാണ് തന്റെ കരിയറിലെ ഉയർച്ചതാഴ്ചകളെക്കുറിച്ച് ഗോവിന്ദ മനസുതുറന്നത്. 'വിധിയുടെ തീരുമാനമായിരിക്കാം പലവട്ടം ആളുകൾ എന്നെ സിനിമയിൽ നിന്ന് എഴുതിത്തള്ളിയത്. ഇനി ഇയാൾ സിനിമകളിൽ അഭിനയിക്കില്ലെന്ന് പലരും പറഞ്ഞു. പക്ഷേ ഞാൻ ഓരോ തവണയും വീണ്ടും തുടങ്ങുകയായിരുന്നു. ഈ ചിത്രം വിജയിക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. യുവതലമുറയ്ക്കായി ഒരുക്കുന്ന സിനിമയാണിത്. അവർ തീയറ്ററിൽ ഈ സിനിമ കാണുമ്പോൾ, ഒരു സ്വപ്‌നം യാഥാർഥ്യമാകുന്നതുപോലെ തോന്നും,' എന്നാണ് ഗോവിന്ദ പറഞ്ഞത്.

'14' എന്റെ ഭാഗ്യസംഖ്യ

ജീവിതത്തിൽ 14 എന്ന് സംഖ്യയ്ക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും ഗോവിന്ദ പറഞ്ഞു. സംഖ്യാശാസ്ത്രത്തിൽ വിശ്വസിക്കുന്ന ആളാണ് താനെന്നും അതനുസരിച്ചാണ് പേരുപോലും ക്രമീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

'14 വയസ്സുള്ളപ്പോൾ ദൈവത്തിന്റെ അനുഗ്രഹം ലഭിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ 14 കരാറുകളിൽ ഒപ്പിട്ടു. പിന്നീട് 14 വർഷം സൂപ്പർതാരമായി. പിന്നീട് 14ാമത് ലോക്‌സഭയിൽ എംപിയായി. അതിനുശേഷം 14 വർഷം കഠിനമായി പോരാടി. പിന്നീട് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. ഇത്തവണ അഞ്ച് വർഷത്തിലേറെ കാത്തിരിക്കേണ്ടെന്ന് ഞാൻ തീരുമാനിച്ചു. വീണ്ടും തുടങ്ങുകയാണ്. ഇനി മുതൽ പുതിയ യാത്ര ആരംഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,' ഗോവിന്ദ പറഞ്ഞു.

ഭാര്യയുമായി ലോക്ക് അപ്പിൽ

അടുത്തിടെ സംപ്രേഷണം ചെയ്ത 'ലോക്ക് അപ്പ് സീസൺ 2' എന്ന റിയാലിറ്റി ഷോയിലും ഗോവിന്ദ ശ്രദ്ധ നേടിയിരുന്നു. ഭാര്യ സുനിത അഹൂജ മത്സരാർഥിയായെത്തിയ പരിപാടിയിൽ അവതാരക ഫറാ ഖാൻ നടത്തിയ തമാശകൾക്ക് ഗോവിന്ദയും രസകരമായി മറുപടി നൽകി.

'എല്ലാവർക്കും കാണാൻ കഴിയുന്ന ലോക്ക് അപ്പ് ഇതാണ്. എന്നാൽ ആരും കാണാത്ത നിരവധി ലോക്ക് അപ്പുകളിൽ നിന്നാണ് ഞാൻ ഇപ്പോൾ വരുന്നത്' എന്ന് പറഞ്ഞ് ഗോവിന്ദ ചിരി പടർത്തി.

തുടർന്ന് മുമ്പ് അബദ്ധത്തിൽ സ്വയം കാൽമുട്ടിൽ വെടിയേറ്റ സംഭവത്തെ ഫറാ ഖാൻ തമാശ പറഞ്ഞപ്പോൾ, 'ഞാൻ പോക്കറ്റിൽ വെടിയുണ്ടയുമായി വന്നിട്ടുണ്ട്. നെഞ്ചിൽ വെടിവെക്കണമെന്നല്ലേ പറഞ്ഞത്, ഇനി വെച്ചോളൂ' എന്നായിരുന്നു ഗോവിന്ദയുടെ ചിരിയുണർത്തുന്ന മറുപടി.

'രൂപ'യിലൂടെ ഏറെ ഇടവേളയ്ക്ക് ശേഷം ഗോവിന്ദ വീണ്ടും പ്രധാന കഥാപാത്രമായി എത്തുന്നതിനാൽ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.