
ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങി സംഗീത സംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്തയും പങ്കാളി രഞ്ജിനി അച്യുതനും. നിറവയറോടെയുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവെച്ച് രഞ്ജിനിയാണ് ഇക്കാര്യം അറിയിച്ചത്. നീണ്ട 12 വർഷത്തെ കാത്തിരുപ്പിനൊടുവിലാണ് ഗോവിന്ദ് വസന്തയും രഞ്ജിനിയും മാതാപിതാക്കളാകാനൊരുങ്ങുന്നത്.
'എന്റെ അചഞ്ചലമായ വിശ്വാസത്തിന് പ്രപഞ്ചം ഉത്തരം നൽകി’ എന്ന അടിക്കുറിപ്പോടെയാണ് താൻ അമ്മയാകാനൊരുങ്ങുന്ന വിവരം രഞ്ജിനി അറിയിച്ചത്. അമ്മയാകാനുള്ള ദീർഘകാലത്തെ കാത്തിരിപ്പിനെക്കുറിച്ചുള്ള വികാരനിർഭരമായ കുറിപ്പും അവർ ചിത്രങ്ങൾക്കൊപ്പം പങ്കുവച്ചു. പ്രിയപ്പെട്ട ലോകമേ, ഞങ്ങൾ ഗർഭം ധരിച്ചു എന്ന തലക്കെട്ടിലും രഞ്ജിനി ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.
‘എൻ്റെ ഗർഭകാല ജേണലിൽ നിന്നുള്ള ഉദ്ധരണികൾ...: 12 വർഷത്തെ ഇതിഹാസകാവ്യം... ഇത്രയും കാലം അമ്മമാരുടെ ഒരു കടൽ തന്നെ എനിക്കു ചുറ്റുമുണ്ടായിരുന്നു. അപ്പോഴെല്ലാം ഞാൻ കാത്തിരുന്നു. പക്ഷേ ചിലപ്പോഴൊക്കെ ചില സംശയങ്ങൾ എന്നെ അലട്ടി. അമ്മയാകാനൊരുങ്ങുന്ന സ്ത്രീകളുടെ വയർ കാണുമ്പോൾ, എന്റെ വയറിനും ഭാരമുള്ളതായി എനിക്കു തോന്നി. അമ്മമാരുടെ പാൽ ചുരത്തുന്ന സ്തനങ്ങൾ കാണുമ്പോൾ എന്റെ നെഞ്ചിലും നനവ് പടരുന്ന പോലെ തോന്നി. എന്നിട്ടും ഞാൻ തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ഈ മറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തിയത് എന്നെ സംബന്ധിച്ച് ഒരു സ്വപ്നസാക്ഷാത്കാരമാണ്’, രഞ്ജിനി അച്യുതൻ കുറിച്ചു.
സിനിമാരംഗത്തിനകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് ഇരുവർക്കും ആശംസകളറിയിച്ച് എത്തിയത്. നടിമാരായ നിഖിലാ വിമൽ, രജിഷാ വിജയൻ, അഹാന കൃഷ്ണ, അദിതി ബാലൻ, ഗായികമാരായ ആര്യാ ദയാൽ, ജ്യോത്സ്ന എന്നിവർ അവരിൽ ചിലരാണ്. 2012ലായിരുന്നു ഗോവിന്ദിന്റെയും രഞ്ജിനിയുടേയും വിവാഹം. തൈക്കൂടം ബ്രിഡ്ജ് എന്ന സംഗീത ബാൻഡിലൂടെയാണ് ഗോവിന്ദ് വസന്ത ശ്രദ്ധ നേടിയത്. മലയാളത്തിലും അന്യഭാഷകളിലും സംഗീത സംവിധായകനെന്ന നിലയിൽ ഇരിപ്പിടമുറപ്പിച്ച സംഗീതജ്ഞനാണ് ഗോവിന്ദ്. സിനിമാരംഗത്ത് എഴുത്തുമായി ബന്ധപ്പെട്ട് സജീവമാണ് രഞ്ജിനി അച്യുതൻ.
Content Highlights: govind vasantha's wife ranjini about pregnancy and maternity photoshoot
Published: 10 Aug 2024, 09:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented