ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചുരുളിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. ഒരു കാടാണ് ചിത്രത്തിന്റെ പശ്ചാത്തലം. അവിടെ അരങ്ങേറുന്ന ദുരൂഹമായ സംഭവങ്ങളിലൂടെയാണ് ട്രെയിലർ  സഞ്ചരിക്കുന്നത്. പതിനെട്ട് വയസ്സിന് മുകളിലുള്ളവരെ മാത്രം ഉദ്ദേശിച്ചാണ് ട്രെയിലർ പുറത്തിറക്കിയത്. 

To advertise here,

സിനിമയുടെ ട്രെയിലറിൽ കേൾക്കുന്ന സ്ത്രീ ശബ്ദം ആരുടേതാണെന്നായിരുന്നു ചിലർ സംശയം ഉന്നയിച്ചിരുന്നു. അതിന് മറുപടി നൽകുകയാണ് നടി ​ഗീതി സം​ഗീത. ക്യൂബന്‍ കോളനി, നാൽപത്തിയൊന്ന് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഗീതി ചുരുളിയിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ​ഗീതിയുടേത് തന്നെയാണ് ഈ ശബ്​ദം

ചിത്രത്തെക്കുറിച്ച് നടിയുടെ കുറിപ്പ് വായിക്കാം

അതെ.. അത് എന്റെ ശബ്ദമാണ്..

ഏറ്റവും കൂടുതൽ പേര് ചോദിച്ച ചോദ്യമാണ്, ചുരുളിയുടെ ട്രെയിലറിൽ കേട്ട ആ വോയിസ് ഓവർ എന്റെ ശബ്ദമാണോ എന്ന്. ലിജോ സർ, താങ്കളോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല, ഡിപ്രഷന്റെ ഈ കാലത്ത് എനിക്ക് ഒരു പുനർജന്മം തന്നതിന്.

ചുരുളി ടീമിന് മൊത്തം എന്റെ സ്നേഹവും, കടപ്പാടും അറിയിക്കുന്നു. ഇതിൽ കൂടുതൽ എന്ത് പറയണമെന്ന് എനിക്കറിയില്ല. ചെമ്പൻ ചേട്ടാ, വിനോയ് ചേട്ടാ, ഹരീഷേട്ടാ, ടിനു, രംഗാ, മധുച്ചേട്ടാ, ശ്യാം ലാൽ, വിനയ് ഫോർട്ട് എല്ലാവരോടും സ്നേഹം..സ്നേഹം.. സ്നേഹം..

ലിജോ പെല്ലിശേരിസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. 19 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്. ഹരീഷാണ്. ജോജു, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കിവരും ചിത്രത്തിൽ വേഷമിടുന്നു. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍.