
ചുരുളി എന്ന സിനിമയിൽ അഭിനയിച്ചതിന് പണം ലഭിച്ചില്ലെന്ന നടൻ ജോജു ജോർജിന്റെ ആരോപണത്തിന് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ജോജുവിന് കൃത്യമായി പ്രതിഫലം നൽകിയതാണെന്ന് അദ്ദേഹം പറഞ്ഞു. ജോജുവിന് പണം നൽകിയതിന്റെ രേഖയും ലിജോ പുറത്തുവിട്ടു. സിനിമ ചിത്രീകരണ വേളയിൽ ആരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓർമയില്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കി.
'പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്, സുഹൃത്തുക്കളായ നിർമാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈക്കോടതി വിധിയുണ്ട്. സിനിമ ചിത്രീകരണ വേളയിൽ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓർമയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ. Nb : streaming on sony liv. ഒരവസരമുണ്ടായാൽ ഉറപ്പായും cinema തീയേറ്ററുകളിൽ റിലീസ് ചെയ്യും. മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പള വിവരം ചുവടെ ചേർക്കുന്നു.' ലിജോയുടെ പ്രതികരണം ഇങ്ങനെ.
ചുരുളി എന്ന ചിത്രത്തിന് തെറി ഇല്ലാത്ത ഒരു വേർഷനുണ്ടെന്നും തെറിയുള്ള പതിപ്പാണ് അവർ റിലീസ് ചെയ്തെന്നുമാണ് ജോജു ഉന്നയിച്ച വിമർശനം. താൻ ഇപ്പോൾ അത് ചുമന്നുകൊണ്ട് നടക്കുകയാണ്. തെറിയുള്ള പതിപ്പ് അവാർഡിനേ അയയ്ക്കൂ എന്നു പറഞ്ഞിരുന്നു. അത് റിലീസ് ചെയ്യുന്നെങ്കിൽ പറയേണ്ട ഒരു മര്യാദയുണ്ടായിരുന്നു. ചുരുളിയിൽ അഭിനയിച്ചതിന് പണം ഒന്നും ലഭിച്ചിട്ടില്ല. ഇക്കാര്യം താൻ നേരിട്ട് പ്രകടിപ്പിച്ചിട്ടുമുണ്ട്. അതിന്റെ പേരിൽ കേസ് വന്നതും തനിക്കാണ്. ഒരു മര്യാദയുടെ പേരിൽ പോലും ആരും വിളിച്ചുചോദിച്ചില്ല. പക്ഷേ, താൻ ജീവിക്കുന്ന നാട്ടിൽ ഇതൊക്കെ വലിയ പ്രശ്നമായിരുന്നു. പറഞ്ഞിട്ട് കാര്യമില്ല, അത് അങ്ങനെ സംഭവിച്ചുവെന്നും ജോജു പറഞ്ഞു.
ലിജോ പെല്ലിശേരിസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ് പെന്റയും ചേർന്ന് നിർമിച്ച ചിത്രമായിരുന്നു ചുരുളി. ഒരു കാടായിരുന്നു ചിത്രത്തിന്റെ പശ്ചാത്തലം. വെറും 19 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് എസ്. ഹരീഷാണ്. ജോജുവിന് പുറമെ, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ഗീതി സംഗീത തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനതാരങ്ങൾ. സൗബിൻ ഷാഹിർ, ജാഫർ ഇടുക്കിവരും ചിത്രത്തിൽ വേഷമിട്ടിരുന്നു. മധു നീലകണ്ഠനായിരുന്നു ഛായാഗ്രഹണം.
Content Highlights: Lijo Jose Pellissery refutes Joju George`s claim of unpaid dues for Churuli, providing payment proof
Published: 26 Jun 2025, 08:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented