പിടികിട്ടാപ്പുള്ളി ഡോക്ടര്‍ ഓമന ഈഡന്റെ ജീവിതത്തെ ആസ്പദാക്കി സിനിമ വരുന്നു. നടനും ആക്ടിങ്ങ് ട്രെയ്‌നറുമായ നവജിത് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ദീപക് വിജയനാണ്. 'പടക്കളം' എന്ന ആക്ടിങ്ങ്-ഗ്രൂമിങ്ങ് ടീമിന്റെ അമരക്കാരന്‍ കൂടിയാണ് നവജിത്. ആറു വര്‍ഷത്തോളമെടുത്താണ് സിനിമയുടെ തിരക്കഥ ഒരുക്കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

To advertise here,

മലയാളത്തിലെയും തമിഴിലെയും നിരവധി താരങ്ങളെ അണിനിരത്തിക്കൊണ്ട്, തമിഴ്-മലയാളം ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. തമിഴിലെ മുന്‍നിര താരമാണ് ചിത്രത്തിലെ നായിക. ചിത്രം എല്ലാ അര്‍ത്ഥത്തിലും ഒരു മികച്ച ദൃശ്യാനുഭവമായിരിക്കുമെന്ന് നവജിത് പറയുന്നു. 

placeholder
നവജിത് നാരായണന്‍

അടുത്ത വര്‍ഷം ജനുവരിയോട്കൂടി സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങളും, ചിത്രത്തിന്റെ പേരും വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കും. 

ഇരുപത് വര്‍ഷമായി ഡോ. ഓമന തമിഴ്‌നാട് പോലീസിന്റെയും ഇന്റര്‍പോളിന്റെയും കണ്ണുവെട്ടിച്ച് കാണാമറയത്ത് കഴിയുകയാണ്. മനുഷ്യമനസാക്ഷിയെ തന്നെ മരവിപ്പിച്ച ആ കൊലപാതകം നടന്നിട്ട് ഇന്ന് ഇരുപത്തിയാറ് വര്‍ഷം പിന്നിടുന്നു. 1996 ജൂലയ് 11-നാണ് തന്റെ സുഹൃത്തായിരുന്ന കണ്ണൂര്‍ സ്വദേശി മുരളീധരനെ ഡോ. ഓമന അരുംകൊല ചെയ്തത്.  ഊട്ടി റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍ മുരളീധരനെ കൊലപ്പെടുത്തി കഷണങ്ങളാക്കി സ്യൂട്‌കേസില്‍ നിറച്ച് കാറില്‍ യാത്രചെയ്യവേയാണ് പോലീസിന്റെ പിടിയിലാകുന്നത്. 2001ല്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം മുങ്ങി. പിന്നെ ഒരു വിവരവുമില്ല. ലേഡി സുകുമാരക്കുറുപ്പ് എന്ന പേരിലാണ് ഓമന അറിയപ്പെടുന്നത്.