ആദിത്യ ധറിന്റെ 'ധുരന്ധർ' എന്ന ചിത്രത്തിൽ റഹ്മാൻ ഡക്കൈത്ത് എന്ന ഗുണ്ടാത്തലവനായെത്തി വലിയ രീതിയിൽ പ്രശംസ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന നടനാണ് അക്ഷയ് ഖന്ന. എന്നാൽ അക്ഷയ് ഖന്നയോടൊപ്പം ജോലി ചെയ്തിരുന്നത് മാനസികമായി തളർത്തുന്ന കാര്യമായിരുന്നുവെന്ന് പറയുകയാണ് സംവിധായക ഫറാ ഖാൻ. അടുത്തിടെ രൺവീർ അല്ലാബാദിയയുടെ പോഡ്കാസ്റ്റിൽ അതിഥിയായി എത്തിയപ്പോഴാണ് മുമ്പ് അക്ഷയ് ഖന്നയോടൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവങ്ങൾ സംവിധായിക പങ്കുവെച്ചത്.

To advertise here,

അദ്ദേഹവുമായി ഊഷ്മളമായ ബന്ധം പുലർത്തുന്നയാളാണ് ഫറാ ഖാൻ. എന്നാൽ ഒരു കാലത്ത് അക്ഷയ് ഖന്നയുടെ കൂടെ ജോലി ചെയ്യുന്നത് ഒഴിവാക്കിയിരുന്ന കാലം തനിക്കുണ്ടായിരുന്നുവെന്ന് ഫറാ ഖാൻ പറയുന്നു. എപ്പോഴും പ്രകോപിതനാവുന്ന നടനൊപ്പം ജോലി ചെയ്യുന്നത് മാനസികമായി തളർത്തിയിരുന്നുവെന്നും അവർ പറഞ്ഞു. തൊണ്ണൂറുകളിൽ അക്ഷയ് മുടികൊഴിച്ചിൽ സംബന്ധമായ പ്രശ്നങ്ങൾ നേരിട്ടിരുന്നുവവെന്നും അത് അദ്ദേഹത്തെ പലപ്പോഴും പ്രകോപിതനാക്കിയിരുന്നതായും ഫറാ ഓർത്തെടുക്കുന്നു.

"90-കളിൽ അക്ഷയ്യോടൊപ്പം ഞാൻ രണ്ട് സിനിമകൾ ചെയ്തിരുന്നു. അതോടെ ഞാൻ മാനസികമായി തളർന്നുപോയി. കാരണം അദ്ദേഹം തീർത്തും വ്യത്യസ്തനായ ഒരാളായിരുന്നു. ഉൾവലിഞ്ഞ സ്വഭാവമായിരുന്നു. സെറ്റിൽ നല്ല പെരുമാറ്റം ആയിരുന്നില്ല. സിനിമയിൽ അക്ഷയ് ഖന്ന ഉണ്ടെന്നറിഞ്ഞാൽ 'എനിക്ക് ആ സമയത്ത് ഡേറ്റില്ല' എന്ന് ഞാൻ പറയുമായിരുന്നു

ആ സമയത്ത് തനിക്ക് മുടി കൊഴിയുന്നതിനെക്കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം എപ്പോഴും പ്രകോപിതനായിരുന്നു. സാധനങ്ങൾ വലിച്ചെറിയുകയും 'ഇതെന്തോന്ന് ഡയലോഗാണ്?' എന്നൊക്കെ ചോദിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഒരാളായിരുന്നു അദ്ദേഹം." ഫറ ഓർത്തെടുത്തു.

എന്നാൽ, ദിൽ ചാഹ്താഹേ എന്ന ചിത്രത്തിൽ ഒന്നിച്ച് പ്രവർത്തിച്ചതിന് ശേഷം അക്ഷയ്യോടുള്ള തന്റെ മനോഭാവം മാറിയതായി ഫറ പറഞ്ഞു. തന്റെ ബന്ധുവായ ഫർഹാൻ അക്തർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ തനിക്ക് ആ പ്രോജക്ട് നിരസിക്കാൻ കഴിയുമായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

"അപ്പോഴേക്കും അദ്ദേഹം പൂർണ്ണമായും മാറിയിരുന്നു. തന്റെ മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോട് അദ്ദേഹം പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. 'ദിൽ ചാഹ്താ ഹേ'യിൽ അദ്ദേഹം വളരെ ശാന്തനായി. അതിനുമുമ്പ് ഏതെങ്കിലും സീനിൽ വെള്ളമോ മഴയോ ഉണ്ടെങ്കിൽ അദ്ദേഹം എപ്പോഴും തൊപ്പി ധരിക്കുമായിരുന്നു; 'താൽ' സിനിമയിലെ മഴരംഗങ്ങൾ നോക്കിയാൽ അത് മനസ്സിലാകും. എന്നാൽ 'ദിൽ ചാഹ്താ ഹേ'യ്ക്ക് ശേഷം എന്തോ മാറ്റം സംഭവിച്ചു. അദ്ദേഹം മികച്ചൊരു നർത്തകനാണ്, 'കോയി കഹെ കെഹ്താ രഹെ' എന്ന പാട്ട് നോക്കിയാൽ ആമിറിനേക്കാളും സെയ്ഫിനേക്കാളും നന്നായി അദ്ദേഹം നൃത്തം ചെയ്യുന്നത് കാണാം." ഫറ പറഞ്ഞു.

ഇപ്പോൾ അക്ഷയുമായി നല്ല ബന്ധത്തിലാണെന്നും 'ധുരന്ധർ' കണ്ടയുടനെ അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്നും ഫറ പറയുന്നു. പിന്നീട് അലിബാഗിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ പോകുകയും ചെയ്തു. അദ്ദേഹം പുറമെ കാണിക്കുന്ന ആർഭാടങ്ങളിലല്ല, മറിച്ച് തന്റെ ജോലിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നതാണ് തനിക്ക് അദ്ദേഹത്തിൽ ഇഷ്ടപ്പെട്ട കാര്യമെന്നും അദ്ദേഹം അഭിനയം ആസ്വദിക്കുന്നുവെന്നും ഫറ കൂട്ടിച്ചേർത്തു.