യഥാർഥ മലയാളം പതിപ്പിന്റെ പ്രഖ്യാപനത്തിന് മുമ്പേ 'ദൃശ്യം 3' ഹിന്ദി പതിപ്പിന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. അടുത്ത വർഷം ഒക്ടോബർ രണ്ടിന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് പ്രഖ്യാപനം. നിർമാതാക്കളായ സ്റ്റാർ സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച അനൗൺസ്‌മെന്റ് ടീസറിലാണ് തീയതി പ്രഖ്യാപനം.

To advertise here,

രണ്ടാംഭാഗമിറങ്ങി നാലുവർഷത്തിന് ശേഷമാണ് ഹിന്ദി 'ദൃശ്യം 3' എത്തുന്നത്. മലയാളത്തിൽ മോഹൻലാലിന്റെ ജോർജുകുട്ടി എന്ന കഥാപാത്രം വിജയ് സാൽഗോൺകർ എന്ന പേരിൽ അജയ് ദേവ്ഗൺ ആണ് അവതരിപ്പിക്കുന്നത്. തബു, ശ്രിയ ശരൺ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. നിലവിൽ ഷൂട്ടിങ് പുരോഗമിക്കുകയാണ്. അടുത്തവർഷം ആദ്യപകുതിയിൽ ചിത്രീകരണം അവസാനിച്ചേക്കും. അഭിഷേക് പഥക് ആണ് ചിത്രം സംവിധാനംചെയ്യുന്നത്.

ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന മലയാളം പതിപ്പിന്റെ ഷൂട്ടിങ് ഡിസംബർ ആദ്യം അവസാനിച്ചിരുന്നു. റിലീസ് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു.

സിനിമയുടെ ആദ്യരണ്ടുഭാഗങ്ങളും സൂപ്പർ ഹിറ്റായിരുന്നു. 2013 ഡിസംബർ 19-ന് പുറത്തിറങ്ങിയ ആദ്യഭാഗം മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. 2021 ഫെബ്രുവരി 19 നാണ് 'ദൃശ്യം' രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. മൂന്നാംഭാഗത്തിന്റെ തിയേറ്റർ- ഡിജിറ്റൽ അവകാശങ്ങൾ വൻതുകയ്ക്ക് ബോളിവുഡ് നിർമാണക്കമ്പനിയായ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും സ്വന്തമാക്കിയിരുന്നു.