വാഷിങ്ടണ്‍: മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം പാരസൈറ്റിനു നല്‍കിയതിനെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊളോറാഡോ സ്പ്രിങ്‌സില്‍ വച്ചു നടന്ന തിരഞ്ഞെടുപ്പ്‌ റാലിയില്‍ പങ്കെടുക്കവെ ജനങ്ങളോടു സംസാരിക്കുകയായിരുന്നു ട്രംപ്.

To advertise here,

ദക്ഷിണ കൊറിയന്‍ സിനിമയായ പാരസൈറ്റിന് മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം നല്‍കിയതിനെയാണ് ട്രംപ് വിമര്‍ശിച്ചത്. 'ദക്ഷിണകൊറിയയുമായി വാണിജ്യതലത്തില്‍ ഒരുപാടു പ്രശ്‌നങ്ങള്‍ നമുക്കുണ്ട്. അതിനിടയിലാണ്‌ ഇപ്പോള്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം അവര്‍ക്ക് നല്‍കിയിരിക്കുന്നത്. ആ സിനിമ അത്ര നല്ലതായിരുന്നോ? എനിക്കറിയില്ല.' ട്രംപ് പ്രതികരിച്ചു. 

ട്രംപിന്റെ പ്രതികരണത്തെ വിമര്‍ശിച്ച് പാരസൈറ്റിന്റെ യു എസ് വിതരണ അവകാശം ഏറ്റെടുത്ത നിയോണ്‍ ഇങ്ങനെ ട്വീറ്റ് ചെയ്തു- സബ്‌ടൈറ്റിലുണ്ടായിട്ടും ട്രംപിന് സിനിമ മനസ്സിലായില്ല. അദ്ദേഹത്തിന് വായിക്കാന്‍ അറിയില്ലായിരിക്കും. 

പഴയ ഹോളിവുഡ് ക്ലാസിക്കുകള്‍ പോലുള്ള ചിത്രങ്ങള്‍ തിരികെയെത്തണമെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഗോണ്‍ വിത്ത് ദ വിന്റ്, സണ്‍സെറ്റ് ബോള്‍വാര്‍ഡ് പോലുള്ള ചിത്രങ്ങള്‍ ഒന്നുകൂടി റിലീസിനെത്തിക്കാമോ എന്നും നിയോണ്‍ വിമര്‍ശനഭാഷയില്‍ ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം മികച്ച സഹനടനുള്ള പുരസ്‌കാരം ബ്രാഡ്പിറ്റിനു നല്‍കിയതില്‍ ട്രംപ് അതീവ സന്തുഷ്ടനായിരുന്നു. കുറച്ചെങ്കിലും ബുദ്ധിയുള്ള നടന്‍ എന്നാണ് ബ്രാഡ് പിറ്റിന്റെ അവാര്‍ഡ് നേട്ടത്തെക്കുറിച്ച്‌ ട്രംപ് പ്രതികരിച്ചത്. പുരസ്‌കാരവേദിയില്‍ ബ്രാഡ് പിറ്റ് ട്രംപിനെ അനുകൂലിച്ച് സംസാരിച്ചിരുന്നു.

Content Highlights : donald trump criticizes oscar award for best picture parasite