'വിനുവാണ് എന്റെ ജീവൻ തിരിച്ചുകൊണ്ടുവന്നത്. അതുകൊണ്ട് ഇനിയങ്ങോട്ടുള്ള എന്റെ ജീവിതച്ചെലവൊക്കെ വിനു വഹിക്കണം. എന്നെ ജീവിപ്പിച്ചത് പുള്ളി അല്ലേ. ജനിപ്പിച്ചുകഴിഞ്ഞാൽ ബാക്കി കാര്യങ്ങൾ രക്ഷിതാക്കൾ നോക്കണമല്ലോ. അതുപോലെ ഇനിയുള്ള കാര്യങ്ങൾക്ക് വിനുവാണ് ഉത്തരവാദി' -ഹൃദയാഘാതം വന്ന് മരണത്തെ മുഖാമുഖംകണ്ട് അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോൾ ശ്രീനിവാസന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. അന്ന് കടന്നുപോയ നിമിഷങ്ങൾ തനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നുവെന്ന് ഓർക്കുന്നു സംവിധായകൻ വി.എം. വിനു.

To advertise here,

2019-ൽ എറണാകുളത്തെ ലാൽമീഡിയയിൽ 'കുട്ടിമാമ' എന്ന സിനിമയുടെ ഡബ്ബിങ് നടക്കുകയാണ്. ശ്രീനിയേട്ടന് എന്തോ അസ്വസ്ഥയുള്ളതുപോലെ തോന്നി. ആശുപത്രിയിൽ പോവാം എന്നു പറഞ്ഞപ്പോൾ 'വേണ്ട ഞാൻ ഡബ്ബിങ് തീർത്തുതന്നാൽ പോരേ, വിനു വേറെ ഒന്നും ബേജാറാവേണ്ട' എന്നായിരുന്നു മറുപടി. പക്ഷേ എനിക്ക് മനസ്സിലായി എന്തോ കുഴപ്പമുണ്ടെന്ന്. ഞാൻ വേഗം എന്റെ അസി. ഡയകറക്ടറോട് പറഞ്ഞു നീ ബൈക്കെടുത്ത് മെഡിക്കൽ സെന്ററിൽ പോയി പറയണം നടൻ ശ്രീനിവാസൻ വരുന്നുണ്ട്. വളരെ സീരിയസാണെന്ന്. ബാക്കി കാര്യങ്ങൾ അറേഞ്ച് ചെയ്യണമെന്നുപറഞ്ഞ് അവനെ വിട്ട് സെക്കൻഡുകൾ കഴിഞ്ഞപ്പോൾത്തന്നെ ശ്രീനിയേട്ടന്റെ മുഖംമാറി വല്ലാത്ത അവസ്ഥയിലായി. ഹോസ്പിറ്റലിൽ പോവണമെന്ന് പറഞ്ഞെങ്കിലും വീണ്ടും നിഷേധിച്ചു. ഒടുവിൽ എന്റെ നിർബന്ധത്തിന് വഴങ്ങിയാണ് തയ്യാറായത്.

ഡബ്ബിങ് സ്റ്റുഡിയോയിൽനിന്ന് എങ്ങനെയോ താഴെയിറക്കി. അവിടെയുണ്ടായിരുന്ന െപ്രാഡക്ഷൻ ടീമിന്റെ കാറുമെടുത്ത് എറണാകുളത്തെ ട്രാഫിക്കിലൂടെ ഒരു ഓട്ടമായിരുന്നു. ശ്വാസംമുട്ടിയുള്ള ശ്രീനിയേട്ടന്റെ ജീവൻമരണപ്പോരാട്ടം വണ്ടിയിൽവെച്ച് ഞാൻ കാണുന്നുണ്ടായിരുന്നു. എങ്ങനെയൊക്കേയോ ആണ് അവിടെയെത്തിയതെങ്കിലും എല്ലാം സജ്ജമായിരുന്നു. ഞാനാണ് കൊണ്ടുവന്നതെന്ന് അറിയുന്നതുകൊണ്ട് ഡോക്ടർ ഇറങ്ങിവന്ന് എന്നോട് പറഞ്ഞു. 'വളരെ നന്ദിയുണ്ട് നിങ്ങളോട്. നിങ്ങൾ കറക്ട് സമയത്ത് എത്തിച്ചതുകൊണ്ട് നമുക്ക് മഹാനടനെ കിട്ടി.'

24 മണിക്കൂർ കഴിഞ്ഞാണ് ശ്രീനിവാസന് പിന്നെ ബോധംവന്നത്. അന്നു പോയിയെന്ന് കരുതിയതാണ്. പുനർജന്മംപോലെയാണ് പിന്നീട് വന്നത്. ആശുപത്രി വിട്ടശേഷം ശ്രീനിയേട്ടന്റെ വീട്ടിൽപ്പോയി അവിടത്തെ ഹോംതിയേറ്ററിൽ എല്ലാം സെറ്റ് ചെയ്താണ് സിനിമയുടെ ഡബ്ബിങ് നടത്തിയത്. അതിനുശേഷം അധികം സിനിമകളിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിത്തുടങ്ങിയിരുന്നു. സിനിമക്കാർ എന്നതിലപ്പുറത്തേക്ക് അടുത്തബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. കഴിഞ്ഞ ആഴ്ചയും വിളിച്ച് അടുത്ത സിനിമ എപ്പോഴാണ് പ്‌ളാൻചെയ്യുന്നത് എന്നൊക്കെ ചോദിച്ചിരുന്നു.

സ്വതന്ത്രസംവിധായകൻ ആയതിനുശേഷം മൂന്നുസിനിമകളാണ് അദ്ദേഹത്തിനൊപ്പം ചെയ്തത്. 'യെസ് യുവർ ഓണർ' ആയിരുന്നു ആദ്യം. ഇത്ര റിലാക്‌സ്ഡായ ആർട്ടിസ്റ്റിനെ ഞാൻ വേറെ കണ്ടിട്ടില്ല. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെങ്കിലും ഏഴുമണിയാവുമ്പോഴേക്കും ലൊക്കേഷനിൽ വരും. ചെയ്യുന്ന സിനിമയുടെ സ്‌ക്രിപ്റ്റിൽ പോലും ശ്രീനിയേട്ടന്റെ ഇടപെടലുണ്ടാവും. ഭയങ്കര ആത്മവിശ്വാസമാണ് ശ്രീനിയേട്ടൻ ഉണ്ടാവുമ്പോൾ. അദ്ദേഹത്തിന്റെ സിനിമകളാണ് സിനിമയെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചത്. കണ്ണിനുമുന്നിൽ ആ ചിരിയും തമാശകളും നിറഞ്ഞുനിൽക്കുകയാണ്.