രാഷ്ട്രീയ നേതാക്കൾ വിശ്വസനീയരായിരിക്കണമെന്ന് സംവിധായകൻ വിനയൻ. പറയുന്ന വാക്കുകൾ സത്യസന്ധമായിരിക്കണം. ഡിജിറ്റൽ യുഗത്തിൽ ഉഡായിപ്പ് ഡയലോഗുകൾ പറഞ്ഞ് ഗോളടിക്കാമെന്ന് കരുതിയാൽ അത് സെൽഫ് ഗോൾ ആവുമെന്നും വിനയൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

To advertise here,

'നമ്മുടെ രാഷ്ട്രീയനേതാക്കൾ ജനതയ്ക്കുവിശ്വസനീയരായിരിക്കണം. അവർ പറയുന്ന വാക്കുകൾ സത്യസന്ധമാകണം. അത് വസ്തുതയ്ക്കുനിരക്കുന്നതാകണം. ഉഡായിപ്പു ഡയലോഗുകൾ പറഞ്ഞ് ഗോളടിക്കാമെന്ന് ഇന്നത്തെ കാലത്ത് ആരെങ്കിലും ധരിക്കുന്നെങ്കിൽ അത് സെൽഫ് ഗോൾ ആകുമെന്നോർക്കുക. അതും ഈ ഡിജിറ്റൽ യുഗത്തിൽ', അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

വീണ ജോർജിനെ പരോക്ഷമായി പരിഹസിച്ച് ജോയ് മാത്യു

അതേസമയം, ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ പരോക്ഷപരിഹാസവുമായി ജോയ് മാത്യുവും നേരത്തേ രംഗത്തെത്തിയിരുന്നു. അപ്രതീക്ഷിതമായ വേദികളിലൂടെ മികച്ച അഭിനേതാക്കൾ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നായിരുന്നു ജോയ് മാത്യുവിന്റെ പരിഹാസം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രതിഷേധത്തിനിടയിൽപ്പെട്ടതിന് പിന്നാലെ ആശുപത്രിയിൽ ചികിത്സതേടിയ മന്ത്രിയെ ലക്ഷ്യമിട്ടായിരുന്നു പോസ്റ്റ്.

'എഐ വന്നതോടെ അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നു. അപ്രതീക്ഷിതമായ വേദികളിലൂടെ മികച്ച അഭിനേതാക്കൾ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നത് യാഥാർഥ്യമാണ്. എങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണ്. മാറാത്തത് ഒന്നുമാത്രം, ക്യാമറ എടുത്ത ദൃശ്യങ്ങളെന്ന് മാർക്‌സ്. എന്നും മികച്ച അഭിനേതാക്കൾക്കൊപ്പം. നാടകം വളരട്ടെ!', എന്നായിരുന്നു ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.