സാംസ്‌കാരിക-സിനിമാ മന്ത്രി സജി ചെറിയാന്റെ കാലത്ത് കൊടുത്ത അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നീതിപൂര്‍വമാണെന്ന മന്ത്രിയുടെ വാദത്തിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍. സ്വജനപക്ഷപാതത്തിലും രാഷ്ട്രീയക്കളിയിലും ആരും മോശമല്ലെന്നും വെറുതെ തള്ളി മറിച്ചിട്ട് ഒരു കാര്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പത്തൊന്‍പതാം നൂറ്റാണ്ട് എന്ന തന്റെ സിനിമയ്ക്ക് 2022-ല്‍ പുരസ്‌കാരം നിഷേധിക്കപ്പെട്ടതിന് പിന്നില്‍ നടന്നുവെന്ന് അന്ന് ആരോപണമുയര്‍ന്ന ഇടപെടലുകള്‍ വിനയന്‍ ഓര്‍മിപ്പിച്ചു. പുരസ്‌കാരം നിഷേധിക്കാന്‍ ചലച്ചിത്ര അക്കാദമി ഇടപെട്ടുവെന്ന് പറഞ്ഞത് താനോ നിര്‍മാതാവോ അല്ല മറിച്ച് ജൂറി അംഗങ്ങള്‍ തന്നെയാണെന്ന് പറഞ്ഞ വിനയന്‍, ഇക്കാര്യങ്ങള്‍ മന്ത്രി മറന്നുപോയെങ്കില്‍ ഇക്കാര്യം പച്ചയ്ക്ക് പറയുന്ന വോയ്‌സ് ക്ലിപ്പുകള്‍ താന്‍ അയച്ചുതരാമെന്നും കൂട്ടിച്ചേര്‍ത്തു.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്
ബഹു: മന്ത്രി സജി ചെറിയാന്റെ കാലത്ത് കൊടുത്ത അഞ്ച് സംസ്ഥാന സിനിമാ അവാര്‍ഡുകള്‍ക്കും കൈയ്യടിയോടു കൈയടി ആയിരുന്നെന്നും ഭയങ്കര നീതിപൂര്‍വ്വം ആയിരുന്നെന്നും മന്ത്രി പറയുന്നു. ഈ അഭിപ്രായത്തോട് നിങ്ങളെല്ലാം യോജിക്കുന്നുണ്ടോ?
ഏതായാലും എനിക്ക് ഒന്നറിയാം.. 2022-ലെ അവാര്‍ഡ് അവാര്‍ഡ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ പത്തൊമ്പതാം നൂറ്റാണ്ട് എന്ന എന്റെ സിനിമയ്ക് അവാര്‍ഡ് നിഷേധിക്കാന്‍ ചലച്ചിത്ര അക്കാദമി ഇടപെട്ടു എന്ന വിവരം വെളിയില്‍ പറഞ്ഞത് ഞാനോ അതിന്റെ നിര്‍മ്മാതാവോ അല്ല. സാക്ഷാല്‍ ജൂറി അംഗങ്ങള്‍ തന്നെയാണ്.
അന്നത്തെ ജൂറി മെമ്പര്‍മാരായ ശ്രീ നേമം പുഷ്പരാജും ശ്രീമതി ജെന്‍സി ഗ്രിഗറിയും അക്കാര്യം പച്ചയ്ക്കു പറയുന്ന വോയിസ് ക്ലിപ്പുകള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ കിടപ്പുണ്ട്.. മിനിസ്റ്റര്‍ മറന്നു പോയെങ്കില്‍ ഞാന്‍ ഒന്നു കുടി എടുത്തയച്ചു തരാം..
സ്വജന പക്ഷപാതത്തിലും വിലകുറഞ്ഞ രാഷ്ട്രീയക്കളിയിലും ആരും ഒട്ടും മോശമല്ല.. വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല.
Content Highlights: Director Vinayan slams Minister Saji Cheriyan's defense of State Film Awards, offering to send a 'voice clip' as evidence of unfair intervention.
Published: 04 Nov 2025, 03:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented