കൊച്ചി: യുവനടിയുടെ പീഡനപരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് രണ്ടുദിവസമായി പോലീസ് നിരീക്ഷണത്തിലായിരുന്നുവെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ് കുമാർ. ഇവിടെനിന്ന് മാറാൻ ശ്രമിക്കുമ്പോഴാണ് പോലീസ് അറസ്റ്റുചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ഷൂട്ടിങ് സെറ്റിലുണ്ടായ അതിക്രമത്തെക്കുറിച്ച് അവിടെയുണ്ടായിരുന്നവർക്ക് അറിവുണ്ട്. സംഭവം ഉണ്ടായ ഉടനെ തന്നെ പരാതിക്കാരി പുറത്തുവന്ന് അവിടെയുണ്ടായിരുന്നവരോട് പറഞ്ഞിരുന്നു. അവർ നടിയെ ആശ്വസിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നുവെന്നും കമ്മിഷണർ പറഞ്ഞു.

കഴിഞ്ഞയാഴ്ച കുടുംബവുമായെത്തിയാണ് നടി പരാതി നൽകിയത്. പരാതിക്കാരി ട്രോമയിലായിരുന്നു. സംഭവത്തിന്റെ ഞെട്ടലിൽനിന്ന് മോചിതയായിരുന്നില്ല. ആവശ്യമായ സൈക്യാട്രിക് ചികിത്സ നൽകി. നടിയുമായി സംസാരിച്ചപ്പോൾ തൊഴിലിടത്തെ അതിക്രമത്തെക്കുറിച്ച് വിവരം ലഭിച്ചു. ഉടൻ തന്നെ വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. മൊഴി രേഖപ്പെടുത്തി, പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് അറസ്റ്റുൾപ്പെടെ നടപടികളിലേക്ക് നീങ്ങിയതെന്നും അദ്ദേഹം അറിയിച്ചു.

ഇരയുടെ സ്വകാര്യത വെളിപ്പെടുത്താതെ അന്വേഷണം നടത്തുക എന്നതായിരുന്നു വെല്ലുവിളി. തൊഴിലിടങ്ങളിൽ ഒരു സ്ത്രീയ്ക്കും ഇങ്ങനെ സംഭവിക്കരുത്. തന്നേക്കാൾ ഉയർന്ന സ്ഥാനത്തുള്ള ആൾക്കെതിരായാണ് പരാതിയെന്നതും ഇത്തരം മുൻ അനുഭവില്ലാത്തതും പരാതിക്കാരിക്ക് മുന്നിലെ വെല്ലുവിളിയായിരുന്നു. നടിയുടെ സ്വകാര്യത വെളിപ്പെടുത്തുന്ന തരത്തിൽ ഒരു വാർത്തയും കൊടുക്കരുതെന്ന് അദ്ദേഹം മാധ്യമങ്ങളോട് അഭ്യർഥിച്ചു.

അതേസമയം, പരാതി നൽകാതിരിക്കാൻ നടിയെ സ്വാധീനിക്കാൻ ശ്രമിച്ചോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് പ്രത്യേക അന്വേഷണസംഘത്തെ നയിക്കുന്ന കൊച്ചി ഡിസിപി അശ്വതി ജിജി അറിയിച്ചു. പരാതിക്കാരിയുടെ മൊഴിയിൽ പറഞ്ഞ സാക്ഷികളുടെ മൊഴിയെടുക്കുമെന്നും അവർ പറഞ്ഞു.