
സവർക്കറുടെ ജീവിതം പ്രമേയമാവുന്ന സ്വതന്ത്ര്യ വീർ സവർക്കർ എന്ന ചിത്രം സംവിധാനം ചെയ്യുന്നതിൽ നിന്ന് മഹേഷ് മഞ്ജരേക്കർ പിൻമാറി. നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ രൺദീപ് ഹൂഡയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഈ പിന്മാറ്റം. ചിത്രം രൺദീപ് ഹൂഡ തന്നെയാവും ഇനി സംവിധാനം ചെയ്യുക. രൺദീപ് സംവിധാനം ചെയ്യുന്ന ആദ്യചിത്രം കൂടിയാവും ഇത്. ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ മഹേഷ് മഞ്ജരേക്കർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
മഹേഷ് മഞ്ജരേക്കർ സംവിധായകനായി 2021-ൽ പ്രഖ്യാപിച്ച ചിത്രമാണ് സ്വതന്ത്ര്യ വീർ സവർക്കർ. ടൈറ്റിൽ റോളിൽ രൺദീപ് ഹൂഡയേയും നിശ്ചയിച്ചു. എന്നാൽ 2022 സെപ്റ്റംബർ മുതൽ മഹേഷ് മഞ്ജരേക്കർ ചിത്രത്തിന്റെ ഭാഗമല്ല. ഇതിനേക്കുറിച്ച് ഇപ്പോൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് മഞ്ജരേക്കർ. തന്നെ ചിത്രത്തിൽ നിന്നും അകറ്റിനിർത്താൻ രൺദീപ് ശ്രമിച്ചിരുന്നുവെന്ന് സംവിധായകൻ പറഞ്ഞു.
തുടക്കത്തിൽ വളരെ ആത്മാർത്ഥമായാണ് രൺദീപ് ചിത്രത്തെ സമീപിച്ചിരുന്നത്. ഇതിനായി സ്വാതന്ത്ര്യസമരത്തേക്കുറിച്ചും ലോകമഹായുദ്ധങ്ങളേക്കുറിച്ചുമുള്ള പുസ്തകങ്ങൾ വായിച്ചു. അതുവളരെ നന്നായിത്തന്നെ തോന്നി. തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റിൽ ചില പ്രശ്നങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അതിന് യാതൊരു പ്രശ്നവുമില്ല. തിരക്കഥയിൽ മാറ്റം വരുത്തി രണ്ടാമത്തെ ഡ്രാഫ്റ്റ് കാണിച്ചപ്പോഴും വീണ്ടും പ്രശ്നങ്ങൾ പറഞ്ഞു. തിരക്കഥ ശരിയായാൽ വേറൊന്നും താൻ അന്വേഷിക്കില്ലെന്നും രൺദീപ് ഉറപ്പുനൽകിയിരുന്നു. പക്ഷേ അദ്ദേഹം പ്രശ്നങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നെന്നും മഹേഷ് മഞ്ജരേക്കർ വ്യക്തമാക്കി.
"മഹാരാഷ്ട്രയിലെ ആമ്പി വാലിയിൽ നടന്ന ചർച്ചയിൽ തിരക്കഥ ശരിയായി. ഞാനതിൽ സന്തോഷിച്ചിരിക്കുകയായിരുന്നു. പക്ഷേ രൺദീപിന്റെ ഭാഗത്തുനിന്നും കുഴപ്പങ്ങൾ വീണ്ടും ആരംഭിച്ചു. തിരക്കഥയിൽ ഹിറ്റ്ലർ, ഇംഗ്ലണ്ടിലെ രാജാവ്, പ്രധാനമന്ത്രി, ബാലഗംഗാധര തിലകന്റെ സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് തുടങ്ങിയ ഭാഗങ്ങൾ തിരക്കഥയിൽ ഉൾപ്പെടുത്തണമെന്ന് താരം നിർബന്ധംപിടിച്ചു. ഇതൊക്കെ എങ്ങനെ സവർക്കറുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഞാൻ അതിശയിച്ചു. പക്ഷേ രൺദീപ് വഴങ്ങാൻ കൂട്ടാക്കിയില്ല. അയാൾ ഒരുപാട് പുസ്തകങ്ങൾ വായിച്ചിരുന്നു. ആ വായന ഒരു ബാധ്യതയായി.”
ഇത്തര്യം കാര്യങ്ങൾ ശരിയാവില്ലെന്ന് പറഞ്ഞപ്പോൾ നടൻ തന്നോട് തർക്കിച്ചതായും ശരീരഭാരം കുറച്ചതിനേക്കുറിച്ചുമെല്ലാം സംസാരിച്ചു. ആവശ്യത്തിലേറെ ഭാരം കുറയ്ക്കാൻ ആരാണ് അയാളോട് പറഞ്ഞതെന്ന് മഹേഷ് മഞ്ജരേക്കർ ചോദിക്കുന്നു. നാളെ ഒരു മൃതശരീരമായി കിടക്കേണ്ട അവസ്ഥവന്നാൽ ശരിക്കും മരിക്കുമോയെന്നും എന്ത് വിഡ്ഢിത്തമാണിതെന്നും സംവിധായകൻ ചോദിച്ചു.
"സവർക്കറിനൊപ്പം ഭഗത് സിങ്ങിന്റെ ഒരു രംഗം ഉൾപ്പെടുത്താൻ രൺദീപ് ഹൂഡ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഇത് എവിടെയാണ് സംഭവിച്ചത്? 1857 ലെ ആൻഡമാൻ ജയിലിൽ നടന്ന കലാപത്തിലെ തടവുകാരെയും ഉൾപ്പെടുത്താൻ അദ്ദേഹം ആഗ്രഹിച്ചു. ഞങ്ങൾ അത് എങ്ങനെ കാണിക്കും എന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം നിർബന്ധിക്കുകയാണ് ചെയ്തത്. അതൊക്കെ സാധിക്കുമെന്നും സവർക്കർ അതേ ജയിലിൽ തടവിലാക്കപ്പെട്ടപ്പോൾ അവർക്ക് 90 വയസ്സ് കഴിഞ്ഞിട്ടുണ്ടാകുമെന്നുമാണ് താരം മറുപടിയായി പറഞ്ഞത്. രൺദീപിന്റെ ആത്മാർത്ഥതയ്ക്ക് ഞാൻ 100ൽ 100 മാർക്കും നൽകും. പക്ഷേ, അദ്ദേഹത്തിന്റെ അഭിനിവേശം എന്റെ സിനിമയെ കൊല്ലുകയാണ് ചെയ്തത്.” മഹേഷ് മഞ്ജരേക്കർ കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ കഥയുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട് രൺദീപ് ഹൂഡയും ചിത്രത്തിന്റെ നിർമാതാവ് സന്ദീപ് സിംഗും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഇതേത്തുടർന്ന് ചിത്രത്തിന്റെ പകർപ്പവകാശത്തിന്റെ പൂർണ ഉടമസ്ഥത അവകാശപ്പെട്ട് രൺദീപ് ഹൂഡ പ്രൊഡക്ഷൻസ് പത്രക്കുറിപ്പ് ഇറക്കി. സാമ്പത്തികവും മാനസികവുമായ വെല്ലുവിളികൾ നേരിട്ടുകൊണ്ട് എല്ലാ പ്രതിബന്ധങ്ങൾക്കിടയിലും താൻ ചിത്രം നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും പൂർത്തിയാക്കുകയും ചെയ്തതായി രൺദീപിന് വേണ്ടി എം/എസ് ഹലായ് ആൻഡ് കോ അഡ്വക്കേറ്റ്‌സ് ആൻഡ് ലീഗൽ കൺസൾട്ടന്റ്‌സിലെ കരൺ ഹലായ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ചിത്രം ഈ വർഷംതന്നെ തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.
Content Highlights: director Mahesh Manjrekar interview, Savarkar biopic, Swatantrya Veer Savarkar Update
Published: 10 Aug 2023, 09:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented