
ത്രില്ലറിൽ തന്നെ വ്യത്യസ്തത കണ്ടെത്താനാണ് 'വലതുവശത്തെ കള്ളനി'ലൂടെ താൻ ശ്രമിച്ചതെന്നും ട്വിസ്റ്റുകളും സസ്‌പെൻസും മാത്രമല്ല ത്രില്ലർ എന്ന് ഈ സിനിമയിലൂടെ തെളിയിക്കുകയായിരുന്നുവെന്നും സംവിധായകൻ ജീത്തു ജോസഫ്. ട്വിസ്റ്റുകളേക്കാൾ ഇമോഷൻസിനാണ് ഈ ചിത്രത്തിൽ പ്രാധാന്യം നൽകിയിരിക്കുന്നതെന്നും കീറിമുറിക്കേണ്ടവർക്ക് കീറിമുറിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജു മേനോനും ജോജു ജോർജ്ജും നായകന്മാരായി എത്തിയ 'വലതുവശത്തെ കള്ളൻ' സിനിമയുടെ റിലീസിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും വരുന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾ കാര്യമാക്കുന്നില്ലെന്നും സത്യസന്ധമായ വിമർശനങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നുവെന്നും ജീത്തു ജോസഫ് പറയുന്നു. 'എനിക്ക് സോഷ്യൽ മീഡിയയെ കുറിച്ചൊന്നും വലിയ ധാരണയില്ല. അതിലൊന്നും സജീവല്ല. വല്ലപ്പോഴും നോക്കും എന്ന് മാത്രം. അടുത്തിടെ എനിക്കെതിരെ നെഗറ്റീവ് കമന്റുകൾ വന്നപ്പോൾ നോക്കിയിരുന്നു. കൂടെ ജോലി ചെയ്യുന്ന ചെറുപ്പക്കാരാണ് അത് കാണിച്ചുതന്നത്. മാത്രമല്ല അതെല്ലാം ഫേക്ക് ഐഡികളിൽ നിന്നാണെന്നും അവർ എനിക്ക് മനസ്സിലാക്കി തന്നു. എനിക്കെതിരെ മാത്രമല്ല, ഒട്ടേറെ ഫിലിം മേക്കേഴ്‌സ്, രാഷ്ട്രീയക്കാർ ഇവർക്കൊക്കെ എതിരേയും ഇതുണ്ട്.
ഒളിഞ്ഞിരുന്ന് ഒരാൾക്കെതിരെ പല ഐഡികളിൽ നിന്നും ഇത്തരത്തിൽ പോസ്റ്റുകൾ ഇടുന്നവരുണ്ട്. നമ്മളെ ഒരാൾ മോശക്കാരനായി ചിത്രീകരിച്ച് നമ്മൾ വിചാരിക്കാത്ത കാര്യങ്ങൾ പറയുക എന്നതൊക്കെ സോഷ്യൽ മീഡിയ മനുഷ്യ മനസ്സിൽ തീർക്കുന്ന വലിയ സ്‌ട്രെസ്സ് ആണ്. ലൈഫിൽ വെല്ലുവിളികൾ ഉണ്ടാകും, നമ്മളെ കല്ലെറിയാൻ ആളുകളുണ്ടാകും, എതിര് പറയുന്നവരുണ്ടാകും, അതോടൊപ്പം പിന്തുണയ്ക്കുന്നവരുമുണ്ടാകും.
ഞാനൊരു കർഷക കുടുംബത്തിൽ നിന്നും വന്നയാളാണ്. ജീവിതത്തിലെ എല്ലാം കണ്ടു വളർന്നുവന്നയാളാണ്. ഇതൊന്നും പ്രശ്‌നമായി എടുക്കുന്നില്ല. അതേസമയം സത്യസന്ധമായ അഭിപ്രായ പ്രകടനങ്ങളും വിമർശനങ്ങളുമൊക്കെ നമുക്ക് ഗുണകരമായ രീതിയിൽ എടുക്കാറുമുണ്ട്. മറ്റുള്ളവയൊക്കെ അവഗണിക്കുകയാണ്'- ജീത്തു ജോസഫ് പറഞ്ഞു.
ടോക്‌സിക് പാരന്റിങ്ങിന്റെ ഭീകരതയാണ് സിനിമ ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ടിപ്പിക്കൽ ത്രില്ലറല്ല, ഇമോഷണൽ സൈഡ് ചിത്രത്തിലുണ്ട്. ഈ കാലഘട്ടത്തിൽ ഭയങ്കര പ്രസക്തമായിട്ടുള്ള ഒന്നാണ് പാരന്റിങ്. അത് ഭയങ്കര കോംപ്ലികക്കേറ്റഡ് ആണ്. ടോക്‌സിക് പാരന്റിങ്ങിന്റെ ഭീകരതയാണ് ചിത്രത്തിൽ പ്രധാനമായും ചർച്ച ചെയ്തിട്ടുള്ളത്. ഇമോഷൻസ് ആണ് ഈ കഥയുടെ കണക്ടിങ് ഫാക്ടർ.
പാരന്റിങ് എന്ന ടോപ്പിക്ക് ഞാനായിട്ട് എടുത്തതല്ല. ഡിനു തോമസ് ഈലൻ ഈ കഥയുമായി വന്നപ്പോൾ, ആദ്യം കഥ കേട്ട് തുടങ്ങിയപ്പോൾ ടിപ്പിക്കൽ ത്രില്ലറാണെന്ന് എനിക്ക് തോന്നി. പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ ത്രില്ലർ മാത്രമല്ല ഇമോഷണൽ സൈഡ് ഉണ്ടെന്ന് മനസ്സിലായി. സമൂഹത്തിന് നല്ലൊരു മെസ്സേജ് ഇതിലുണ്ട്. എന്റെ 'മമ്മി ആൻഡ് മി'യിൽ എനിക്കത് സാധിച്ചിരുന്നു. ഇതിലും ആ ഫാക്ടർ എന്നെ ആകർഷിച്ചു. ഇപ്പോൾ പാരന്റ്‌സിന്റെ രീതികൾ മാറി. രണ്ടുപേരും വർക്കിങ് ആകുമ്പോൾ മക്കളെ നോക്കാൻ സമയമില്ല, അത്തരത്തിലുള്ള വിഷയങ്ങളുണ്ട്. ത്രില്ലർ മൂഡിലുള്ള സിനിമയിൽ ഇങ്ങനെ പാരന്റിങ് കൂടി കടന്നുവന്നതാണ് എന്നെ ഏറെ ആകർഷിച്ചത്. അങ്ങനെയാണ് ഈ സിനിമ ചെയ്യാൻ തീരുമാനിച്ചതും'-ജീത്തു ജോസഫ് വ്യക്തമാക്കി.
ബിജു മേനോനും ജോജു ജോർജ്ജുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. എഡിറ്റിങ് വിനായകും സംഗീതം വിഷ്ണു ശ്യാമുമാണ്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമിച്ചിരിക്കുന്ന സിനിമയുടെ ഡിസ്ട്രീബ്യൂഷൻ ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സാണ്.
Content Highlights: director jeethu joseph talks about the movie valathuvashathe kallan
Published: 02 Feb 2026, 07:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented