
കോഴിക്കോട്: ആരാധ്യനായ എഴുത്തുകാരന്റെ ഒപ്പംനടന്ന് ആ ജീവിതത്തിന്റെ വഴികൾ പകർത്താൻ നിയോഗം ലഭിച്ച സംവിധായകനാണ് ഹരികുമാർ. പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ ജ്ഞാനപീഠമേറിയശേഷമാണ് അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് ‘കാലവും ജീവിതവും’ എന്നപേരിൽ ഡോക്യുമെന്ററിയൊരുക്കാൻ ഹരികുമാർ എത്തിയത്. കേരളസംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷനുവേണ്ടിയായിരുന്നു ആ ചിത്രീകരണം.
അതിനുംമുമ്പേ, ‘സുകൃത’ത്തിലൂടെ അദ്ദേഹവും എം.ടി.യും തമ്മിലുള്ള ആത്മബന്ധം മലയാളികൾ തിരിച്ചറിഞ്ഞിരുന്നു. ആ സിനിമയുടെ തിരക്കഥയ്ക്കായി എം.ടി.യെ പലകുറി കണ്ട കഥ ഹരികുമാർതന്നെ പറഞ്ഞിട്ടുണ്ട്. എം.ടി.യുടെ തന്നെ ജീവിതമാണ് സുകൃതത്തിലൂടെയും സഹൃദയർ വായിച്ചെടുത്തത്. കേന്ദ്രസാഹിത്യ അക്കാദമിക്കുവേണ്ടി ‘എം.ടി.’ എന്ന ഒരു ഡോക്യുമെന്ററികൂടി പത്തുവർഷങ്ങൾക്കുശേഷം അദ്ദേഹമൊരുക്കി. കോഴിക്കോട് നഗരത്തോടുള്ള എഴുത്തുകാരന്റെ പ്രിയം മിഴിവോടെ വെളിവാക്കുന്നതാണ് ആ ഡോക്യുമെന്ററി.
ഗുരുവിനോട് ശിഷ്യനെന്നവിധമായിരുന്നു എം.ടി.യോട് ഹരികുമാറിനുള്ള ബന്ധമെന്ന് ഓർത്തെടുക്കുന്നു അവരുടെ പല സമാഗമങ്ങൾക്കും സാക്ഷിയായ ഡോ. എം.എം. ബഷീർ. ഡോക്യുമെന്ററി ചിത്രീകരിക്കാൻ ഹരികുമാർ കോഴിക്കോട്ടെത്തിയപ്പോൾ പലവേളകളിലും ഒപ്പംകൂടാൻ അവസരം കിട്ടിയിട്ടുണ്ട് ബഷീറിന്. ‘എം.ടി.’ എന്ന ഡോക്യുമെന്ററിയിൽ അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചവരിലൊരാൾ ബഷീറായിരുന്നു. ‘‘എം.ടി.ക്ക് ഹരികുമാറിനെ വലിയ ഇഷ്ടമാണ്. അവരുടെ സംഭാഷണങ്ങളൊക്കെ കേട്ടിരിക്കുന്നതുതന്നെ സന്തോഷമായിരുന്നു’’ -എം.എം. ബഷീർ ഓർക്കുന്നു.
ഡോക്യുമെന്ററി ചിത്രീകരണത്തിന് മാതൃഭൂമി ഓഫീസും വേദിയായിട്ടുണ്ട്. എം.ടി. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരിക്കെയാണ് ഓഫീസിലെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്.
Content Highlights: director harikumar documentary about mt kalavum jeevithavum
Published: 07 May 2024, 06:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented