കഴിഞ്ഞ 35 വര്‍ഷത്തെ തന്റെ സിനിമാ ജീവിതത്തില്‍ ഇത് വരെ ചെയ്തിട്ടില്ലാത്ത ക്രൂരനായ ഒരു വില്ലന്‍ കഥാപാത്രവുമായി വന്നിരിക്കുകയാണ്  സുധീഷ്. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'സത്യം മാത്രമേ ബോധിപ്പിക്കു' എന്ന ചിത്രത്തിലാണ് സുധീഷ് നെഗറ്റീവ് ഷെയ്ഡ് ഉള്ള ജെയിംസ് എന്ന സ്‌റ്റൈലിഷ് വില്ലമാരുടെ പട്ടികയിലേക്ക് കയറിയിരിക്കുന്നത്. സഹനടനായും, ഹാസ്യ നടനായും, അനിയനായും, അയലത്തെ വീട്ടിലെ പയ്യനായും മലയാള സിനിമപ്രേമികള്‍ക്ക് സുപരിചിതനായ സുധീഷിന്റെ കരിയറിലെ തന്നെ ഏറ്റവും നല്ല പ്രകടനമായിരിക്കും ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സുധീഷിനെ കൂടാതെ മനു എന്ന കഥാപാത്രമായി ഡോ.റോണിയും ചിത്രത്തില്‍ എത്തുന്നു.

ഗംഭീരമായൊരു മേക്കിങ് ആണ് ചിത്രത്തിന്റേത്. സസ്പെന്‍സുകളിലൂടെ കടന്നു പോയി ഒരിക്കലും പ്രേക്ഷകന്‍ ചിന്തിക്കാത്തിടത്ത് കൊണ്ടെത്തിക്കുന്ന മികച്ച കഥ. ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ പോലീസ് കഥാപാത്രം ആരെയും തൃപ്തിപ്പെടുത്തുന്ന രീതിയില്‍ തന്നെ ചെയ്ത് സിനിമയുടെ മികവ് നിലനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. ശ്രീവിദ്യയാണ് ചിത്രത്തിലെ നായിക. 

അഞ്ചാം പാതിര എന്ന ചിത്രത്തില്‍ സുധീര്‍ സൂഫി  അഭിനയിച്ചു കയ്യൊപ്പ് ചാര്‍ത്തിയ സൈക്കോ സൈമണ്‍ എന്ന കഥാപാത്രത്തിന് ശേഷം ഏറെ പ്രശംസ ഏറ്റുവാങ്ങാന്‍ ഒരുങ്ങുന്ന  കഥാപാത്രമായിരിക്കും സുധീഷിന്റ ക്രിമിനോളജിസ്റ്റ് പ്രൊഫസര്‍ ജെയിംസ്. ആരും ഇതു വരെ പറയാത്ത ഒരു സസ്‌പെന്‍സ്  റിവഞ്ച്‌ക്രൈം ത്രില്ലര്‍ ചിത്രമാണ്  'സത്യം മാത്രമേ ബോധിപ്പിക്കു'. ചിത്രത്തിന്റെ ക്യാമറ   ധനേഷ് രവീന്ദ്രനാഥ് നിര്‍വ്വഹിക്കുന്നു, എഡിറ്റിങ്ങ്- അജീഷ് ആനന്ദ്, പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് വില്യംസ് ഫ്രാന്‍സിസ് ആണ്. പി.ആര്‍.ഒ: പി.ശിവപ്രസാദ്.

Content Highlights: Dhyan Sreenivasan, sathyam mathrame bodhipikkoo Film, Sudheesh to play villain character