കണ്ടാസ്വദിക്കാന്‍ ഒരുപാട് ചലച്ചിത്രങ്ങള്‍ ബാക്കിവെച്ചുകൊണ്ട് ബോളിവുഡ് ഇതിഹാസതാരം ധര്‍മേന്ദ്ര യാത്രയായി. ഷോലെ എന്ന ഒറ്റച്ചിത്രം മതി അദ്ദേഹത്തിന്റെ 'റെയ്ഞ്ച്' എന്തായിരുന്നു എന്ന് മനസിലാകാനെങ്കിലും ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ അദ്ദേഹത്തിന്റേതായി വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. സിനിമകള്‍ പോലെ തന്നെയായിരുന്നു ധര്‍മേന്ദ്രയുടെ പ്രണയവും വിവാഹങ്ങളുമെല്ലാം. ബോളിവുഡ് ചിത്രത്തെ അനുസ്മരിപ്പിക്കുന്ന ആ കഥകളിലേക്ക്.

To advertise here,

ധര്‍മേന്ദ്രയുടെ ആദ്യവിവാഹം

1954-ല്‍ തന്റെ 19-ാം വയസിലായിരുന്നു ധര്‍മേന്ദ്രയുടെ ആദ്യവിവാഹം. പ്രകാശ് കൗറായിരുന്നു വധു. ധര്‍മേന്ദ്ര സിനിമയിലെത്തുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. നാല് മക്കളാണ് ഇരുവര്‍ക്കും ഉണ്ടായത്. സണ്ണി ഡിയോള്‍, ബോബി ഡിയോള്‍ എന്നിവരെ അറിയാത്ത സിനിമാപ്രേമികളുണ്ടാകില്ല. ഇവര്‍ക്ക് പുറമെ വിജിത, അജിത എന്നീ പെണ്‍മക്കളും ധര്‍മേന്ദ്ര-പ്രകാശ് കൗര്‍ ദമ്പതിമാര്‍ക്ക് ഉണ്ടായിരുന്നു.

Also Read: 'സോവിയറ്റ് യൂണിയനില്‍ അടക്കം പ്രചാരം നേടിയ കഥാപാത്രങ്ങള്‍'; ധര്‍മേന്ദ്രയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

1960-ലാണ് ധര്‍മേന്ദ്ര സിനിമാലോകത്തേക്ക് ചുവടുവെക്കുന്നത്. ദില്‍ ഭി തേരേ എന്ന ആദ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ധര്‍മേന്ദ്ര ഒരു കുട്ടിയുടെ -സണ്ണി ഡിയോള്‍- പിതാവായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ കടന്നുപോകവെ ബോളിവുഡില്‍ ധര്‍മേന്ദ്ര വളര്‍ന്നു. ഫൂല്‍ ഔര്‍ പത്തര്‍, ഷോലെ, ചുപ്‌കേ ചുപ്‌കേ, മേരാ ഗാവോം മേരാ ദേശ്, ധരംവീര്‍ എന്നീ ഹിറ്റുകള്‍ അദ്ദേഹത്തിന് താരപരിവേഷം സമ്മാനിച്ചു.

ധര്‍മേന്ദ്രയുടേയും ഹേമമാലിനിയുടേയും പ്രണയം

1970-കളിലെ പത്രങ്ങളില്‍ പ്രധാനതലക്കെട്ടുകളായിരുന്നു ധര്‍മേന്ദ്രയുടേയും ഹേമമാലിനിയുടേയും പ്രണയം. സീത ഔര്‍ ഗീത, രാജാ ജനി, ജുംഗു, ഷോലെ എന്നിവ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. സ്‌ക്രീനിലെ പ്രണയം അധികം വൈകാതെ തിരശ്ശീലയ്ക്ക് പുറത്തും മൊട്ടിടുകയായിരുന്നു.

ഷോലെയുടെ സെറ്റില്‍ വെച്ചാണ് ധര്‍മേന്ദ്രയ്ക്ക് ഹേമമാലിനിയോടുള്ള പ്രണയം തീവ്രമായത്. ചിത്രീകരണത്തിനിടെ റീടേക്കുകള്‍ക്കായി താന്‍ പണം മുടക്കിയിരുന്നുവെന്ന വിവരം പിന്നീട് ധര്‍മേന്ദ്ര പലയിടത്തും തുറന്നുപറഞ്ഞിട്ടുണ്ട്. ധര്‍മേന്ദ്രയും ഹേമമാലിനിയും തമ്മില്‍ അടുത്തിടപഴകുന്ന പ്രണയരംഗങ്ങളുടെ ചിത്രീകരണത്തിനിടെയാണ് ധര്‍മേന്ദ്ര കുസൃതി ഒപ്പിച്ചിരുന്നത്.

സെറ്റിലെ ചില ജോലിക്കാരെയാണ് ഇതിനായി ധര്‍മേന്ദ്ര നിയോഗിച്ചത്. ചിത്രീകരണത്തിനിടെ അവര്‍ എന്തെങ്കിലും ചെറിയ കുഴപ്പങ്ങളുണ്ടാക്കുകയോ ഷോട്ട് ശരിയായില്ല എന്ന് പറയുകയോ ചെയ്ത് റീടേക്കിന് പോകും. ഓരോതവണയും ഇതിനായി 20 രൂപയാണ് ധര്‍മേന്ദ്ര നല്‍കിയത്. ഇത്തരത്തില്‍ 2000 രൂപ വരെ ചെലവഴിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഷോലെ ചിത്രീകരണത്തിനിടെ റിവോള്‍വര്‍ ഉപയോഗിക്കാന്‍ ഹേമയെ പഠിപ്പിച്ചതും ധര്‍മേന്ദ്രയായിരുന്നു.

താമസിയാതെ ഇരുവരും പ്രണയത്തിലായി. നേരത്തേ തന്നെ വിവാഹിതനും പിതാവുമായ ധര്‍മേന്ദ്രയുമായുള്ള ഹേമമാലിനിയുടെ പ്രണയം സ്വാഭാവികമായി പ്രശ്‌നങ്ങളിലേക്ക് നയിച്ചു. ഹേമയുടെ മാതാപിതാക്കള്‍ക്ക് ഈ ബന്ധത്തില്‍ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. അതുപോലെ വിവാഹമോചനത്തിന് പ്രകാശ് കൗറും തയ്യാറായിരുന്നില്ല.

ഒടുവില്‍ പ്രതിസന്ധികളെ വകവെക്കാതെ 1980-ല്‍ ധര്‍മേന്ദ്ര, ഹേമമാലിനിയെ വിവാഹം ചെയ്തു. പ്രകാശ് കൗറുമായുള്ള വിവാഹബമന്ധം നിലനില്‍ക്കെയായിരുന്നു ഇത്. ഇതിനിടെ, ബഹുഭാര്യത്വം അനുവദിക്കുന്നതിനാല്‍ ധര്‍മേന്ദ്രയും ഹേമമാലിനിയും ഇസ്ലാമിലേക്ക് മതംമാറിയെന്ന പ്രചാരണവും ഉണ്ടായി. എന്നാല്‍ ഇത് ധര്‍മേന്ദ്രയും ഹേമമാലിനിയും പരസ്യമായി നിഷേധിച്ചു.

അതേസമയം വിവാഹമോചനത്തിന് സമ്മതിച്ചില്ലെങ്കിലും പ്രകാശ് കൗര്‍ ഭര്‍ത്താവിന് വേണ്ടിയാണ് നിലകൊണ്ടത്. 'എന്റെ ഭര്‍ത്താവ് മാത്രമാണോ? ഏത് പുരുഷനും എന്നേക്കാള്‍ ഹേമമാലിനിയെ വേണമെന്നാണ് ആഗ്രഹിക്കുക' എന്ന് അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. 'എന്റെ ഭര്‍ത്താവ് പെണ്ണുപിടിയനല്ല. സിനിമാലോകത്തെ പാതി പേരും ഇതുതന്നെയല്ലേ ചെയ്യുന്നത്. എല്ലാ നായകന്മാര്‍ക്കും മറ്റ് ബന്ധങ്ങളുണ്ട്, രണ്ടാമത് വിവാഹവും ചെയ്യുന്നു. അദ്ദേഹം മികച്ച ഭര്‍ത്താവായിരിക്കില്ല. പക്ഷേ എന്നെ സംബന്ധിച്ച് അദ്ദേഹം നല്ലവനാണ്. മികച്ച പിതാവായിരിക്കില്ല. പക്ഷേ കുട്ടികള്‍ അദ്ദേഹത്തെ ഒരുപാട് സ്‌നേഹിക്കുന്നു. അവരെ ഒരിക്കലും അദ്ദേഹം അവഗണിച്ചിട്ടില്ല.' -ഇങ്ങനെ പോകുന്നു പ്രകാശ് കൗറിന്റെ വാക്കുകള്‍.

ഹേമമാലിനിയുമായുള്ള ബന്ധത്തില്‍ രണ്ട് പെണ്‍മക്കളാണ് ധര്‍മേന്ദ്രയ്ക്കുള്ളത് - ഇഷാ ഡിയോളും അഹാനാ ഡിയോളും. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ പ്രകാശ് കൗറിനും അവരുടെ മക്കള്‍ക്കുമൊപ്പമാണ് ധര്‍മേന്ദ്ര താമസിച്ചിരുന്നത്. ഹേമയും പെണ്‍മക്കളും മുംബൈയില്‍ മറ്റൊരു വീട്ടിലായിരുന്നു. എന്നാല്‍ ധര്‍മേന്ദ്ര ഇടയ്ക്കിടെ വീട്ടിലെത്തി അവരെ കാണുമായിരുന്നു. രണ്ട് കുടുംബങ്ങളും സ്വതന്ത്രമായാണ് ജീവിച്ചിരുന്നത്.