കൊച്ചി: ഒരു മനുഷ്യൻ ചെയ്യുന്ന നന്മയ്ക്ക് എത്രയധികം മനുഷ്യരെ പ്രചോദിപ്പിക്കാൻ കഴിയുമെന്നതിന്റെ ഹൃദയസ്പർശിയായ ഉദാഹരണമായി മാറുകയാണ് നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'കാതോട് കാതോരം' പദ്ധതി. പദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് അപ്രതീക്ഷിത സമ്മാനങ്ങളുടെ പെരുമഴയാണ്. ഒരു നേരത്തെ ബിരിയാണിയിൽ തുടങ്ങി ആജീവനാന്ത സൗജന്യ വിദ്യാഭ്യാസം വരെ നീളുകയാണ് ഈ സ്‌നേഹസമ്മാനങ്ങൾ.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ രാജഗിരി ആശുപത്രിയും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ചേർന്ന് നടപ്പാക്കുന്ന 'കാതോട് കാതോരം' പദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികളും അവരുടെ മാതാപിതാക്കളും കഴിഞ്ഞ ദിവസം കൊച്ചിയിൽ ഒത്തുചേർന്നിരുന്നു. ഇവരെ കാണാൻ മമ്മൂട്ടി അപ്രതീക്ഷിതമായി എത്തിയതും കുട്ടികൾക്കും കുടുംബങ്ങൾക്കുമൊപ്പം സമയം ചെലവഴിച്ചതും ഇതിനോടകം വലിയ വാർത്തയായി മാറിയിരുന്നു.
എന്നാൽ ആ കൂടിച്ചേരലിന്റെ ഭാഗമായി അരങ്ങേറിയ ചില നന്മയുടെ കഥകളാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്. ആദ്യ സമ്മാനം തലശ്ശേരിക്കാരൻ അബ്ദുവിന്റെ വകയായിരുന്നു.
പരിപാടിയിൽ പങ്കെടുത്തവർക്ക് ബിരിയാണി ഒരുക്കി വിളമ്പാനെത്തിയതായിരുന്നു പ്രീമിയം ബിരിയാണികളുടെ നിർമാണത്തിലും വിതരണത്തിലും ശ്രദ്ധേയനായ തലശ്ശേരിക്കാരൻ അബ്ദുൾ ഖാദർ. എന്നാൽ ചടങ്ങിനിടെ കുട്ടികളുടെ സംസാരവും മാതാപിതാക്കളുടെ അനുഭവങ്ങളും കേട്ടതോടെ അബ്ദുവിന്റെ മനസ്സ് മാറി.
താൻ ഒരുക്കിയ ബിരിയാണിക്ക് പ്രതിഫലം വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. കുട്ടികൾക്കായി മമ്മൂട്ടി നടത്തുന്ന നന്മനിറഞ്ഞ പ്രവർത്തനങ്ങളോടുള്ള ഐക്യദാർഢ്യമായിരുന്നു ആ തീരുമാനം. പരിപാടിക്കായി ഒരുക്കിയ ബിരിയാണിയും അതുമായി ബന്ധപ്പെട്ട ചെലവുകളും സൗജന്യമാക്കിക്കൊണ്ട് അബ്ദു തന്റെ സ്‌നേഹവും പിന്തുണയും പ്രകടിപ്പിച്ചു.
എന്നാൽ അതിലും വലിയൊരു സമ്മാനപ്രഖ്യാപനമാണ് പിന്നാലെ എത്തിയത്. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ചെയർമാനും കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലയായ എം.ജി.എം. ഗ്രൂപ്പിന്റെ ചെയർമാനുമായ ഗീവർഗീസ് യോഹന്നാനാണ് കുട്ടികൾക്ക് ജീവിതകാലം മുഴുവൻ പ്രയോജനപ്പെടുന്ന വാഗ്ദാനവുമായി രംഗത്തെത്തിയത്.
'കാതോട് കാതോരം' പദ്ധതിയുടെ ഗുണഭോക്താക്കളായ മുഴുവൻ കുട്ടികളുടെയും വിദ്യാഭ്യാസം ആജീവനാന്തം സൗജന്യമായി ഏറ്റെടുക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
കേരളത്തിലുടനീളമുള്ള എം.ജി.എം. ഗ്രൂപ്പിന്റെ മുപ്പതോളം സ്‌കൂളുകളിലും കോളേജുകളിലും കുട്ടികൾക്കും മാതാപിതാക്കൾക്കും താത്പര്യമുള്ള വിദ്യാഭ്യാസം തിരഞ്ഞെടുക്കാൻ അവസരമൊരുക്കും. സ്‌കൂൾ വിദ്യാഭ്യാസം മുതൽ ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനീയറിങ്, പോളിടെക്‌നിക് ഉൾപ്പെടെയുള്ള വിവിധ കോഴ്‌സുകൾ വരെ സൗജന്യമായി പഠിക്കാനുള്ള അവസരമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
കുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസജീവിതത്തിലെ ഏത് ഘട്ടത്തിലും ഈ അവസരം പ്രയോജനപ്പെടുത്താമെന്നതാണ് പ്രഖ്യാപനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്ന മാതാപിതാക്കൾക്ക് വലിയ ആശ്വാസവും പ്രതീക്ഷയുമാണ് പ്രഖ്യാപനം.
ഒരുകാലത്ത് മക്കളുടെ ആരോഗ്യത്തിനും ഭാവിക്കുമായി ഏറെ പ്രയാസങ്ങൾ അനുഭവിച്ച കുടുംബങ്ങളാണ് ഇന്ന് അവരെ തേടിയെത്തുന്ന സ്‌നേഹത്തിനും കരുതലിനും മുന്നിൽ സന്തോഷംകൊണ്ട് നിറയുന്നത്. അപ്രതീക്ഷിതമായി ലഭിക്കുന്ന ഈ സൗഭാഗ്യങ്ങൾക്ക് ഈശ്വരനോട് നന്ദി പറയുകയാണ് പല മാതാപിതാക്കളും.
ഒരു നല്ല പ്രവൃത്തി മറ്റനേകം നന്മകൾക്ക് വഴിതുറക്കുമെന്നതിന്റെ തെളിവായി മാറുകയാണ് ഈ സംഭവങ്ങൾ. മമ്മൂട്ടി തുടക്കമിട്ട കാരുണ്യപ്രവർത്തനത്തിന് സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്ന് പിന്തുണയെത്തുമ്പോൾ, 'കാതോട് കാതോരം' കേവലം ഒരു സാമൂഹിക സേവനപദ്ധതി എന്നതിനപ്പുറം മനുഷ്യസ്‌നേഹത്തിന്റെ വലിയൊരു കൂട്ടായ്മയായി വളരുകയാണ്.
ഒരു നേരത്തെ ഭക്ഷണത്തിന്റെ ചെലവ് ഏറ്റെടുത്ത അബ്ദു മുതൽ ഒരു ജീവിതകാലത്തെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ മുന്നോട്ടുവന്ന ഗീവർഗീസ് യോഹന്നാൻ വരെ നീളുന്ന ഈ നന്മയുടെ ശൃംഖല നൽകുന്ന സന്ദേശം ഒന്നുമാത്രം - നന്മയ്ക്ക് നന്മകൊണ്ടുതന്നെ മറുപടി നൽകുന്ന മനുഷ്യർ ഇന്നും നമുക്കിടയിലുണ്ട്.
Content Highlights: Children under Mammootty's 'Kaathodu Kaathoram' initiative were offered lifetime free education during a recent Kochi gathering. MGM Group Chairman Geevarghese Yohannan pledged free schooling and higher education across 30 institutions for all beneficiaries. Caterer Abdul Khader from Thalassery waived all charges for the biryani served at the event as a gesture of support. The initiative is jointly implemented by Rajagiri Hospital and Care and Share International Foundation under Mammootty's leadership.
Published: 14 Nov 2026, 03:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented