ക്രോസ് ബെൽറ്റ് മണി. photo: mathrubhhumi
തിരുവനന്തപുരം: പ്രമുഖ സിനിമ സംവിധായകനും ഛായാഗ്രഹകനുമായിരുന്ന ക്രോസ്ബെല്‍റ്റ് മണി (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ശനിയാഴ്ച രാത്രി എട്ട് മണിയോടെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.
ആദ്യകാല സിനിമാ മേഖലയിലെ ബഹുമുഖ പ്രതിഭയായിരുന്നു ക്രോസ് ബെല്‍റ്റ് മണി. അമ്പതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പത്തോളം സിനിമകളുടെ ഛായാഗ്രഹകനായും പ്രവര്‍ത്തിച്ചു. 1967-ല്‍ പുറത്തിറങ്ങിയ മിടുമിടുക്കിയാണ് ക്രോസ്ബെല്‍റ്റ് മണി സംവിധാനം ചെയ്ത ആദ്യ സിനിമ.
1970ല്‍ പുറത്തിറങ്ങിയ ക്രോസ്ബെല്‍റ്റ് എന്ന ചിത്രത്തോടെയാണ് പ്രശസ്തനാകുന്നത്. ഇദ്ദേഹം സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. തുടര്‍ന്നാണ് ക്രോസ് ബെല്‍റ്റ് മണി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. കെ.വേലായുധന് നായര്‍ എന്നാണ് യഥാര്‍ഥ പേര്. ആക്ഷന്‍ ചിത്രങ്ങളിലൂടെയാണ് ക്രോസ് ബെല്‍റ്റ് മണി സിനിമയില്‍ കൂടുതല്‍ പേരെടുത്തത്.
തിരുവനന്തപുരം വലിയശാലയില്‍ കൃഷ്ണപ്പിള്ളയുടെയും കമലമ്മയുടെയും മകനായി 1935 ഏപ്രില്‍ 22നായിരുന്നു ജനനം. ഭാര്യ: വള്ളി. മക്കള്‍: രൂപ (ഗള്‍ഫ്), സിനിമാ സംവിധായകനായ കൃഷ്ണകുമാര്‍. മരുമക്കള്‍: അശോക് കുമാര്‍ (ഗള്‍ഫ്), ശിവപ്രിയ.
ഫോട്ടോഗ്രാഫിയിലുള്ള താല്പര്യമാണ് വേലായുധന് നായരെ സിനിമയില്‍ എത്തിച്ചത്. 1956 മുതല്‍ 1961 വരെ പി.സുബ്രഹ്മണ്യത്തിന്റെ മെറിലാന്റ് സ്റ്റുഡിയോയില്‍ പ്രവര്‍ത്തിച്ചു. ഛായാഗ്രഹണത്തിന്റെയും സംവിധാനത്തിന്റെയും ബാലപാഠങ്ങള്‍ പഠിക്കുന്നത് ഇവിടെനിന്നാണ്. 1961-ല്‍ കെ.എസ് ആന്റണി സംവിധാനം ചെയ്ത കാല്‍പ്പാടുകളിലൂടെ സ്വതന്ത്ര ക്യാമറാമാനായി. യേശുദാസ് അരങ്ങേറ്റം കുറിച്ച സിനിമയായിരുന്നു ഇത്.
പ്രമുഖ എഴുത്തുകാരുടെ സൃഷ്ടികള്‍ സിനിമയാക്കാനാണ് ആദ്യ കാലത്ത് ക്രോസ്ബെല്‍റ്റ് മണി ശ്രദ്ധിച്ചിരുന്നത്. പിന്നീട് ആക്ഷന്‍ സിനിമകളിലേക്ക് ചുവട് മാറ്റി. സംഘട്ടന രംഗങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ ചിത്രീകരിക്കുക ഒരു ഹരമായിരുന്നു ക്രോസ്ബെല്‍റ്റ് മണിക്ക്.
content highlights: Crossbelt Mani passes away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..