തിയേറ്റർ റിലീസിന് മുൻപ് തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും ശ്രദ്ധ നേടിയ ചിത്രമാണ് ‘യേഴു കടൽ യേഴു മലൈ’.

തമിഴിലെ പ്രശസ്ത സംവിധായകൻ റാം രചനയും സംവിധാനവും നിർവഹിച്ച് നിവിൻ പോളി, അഞ്ജലി, സൂരി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘യേഴു കടൽ യേഴു മലൈ’ പ്രിവ്യൂ ഷോ കഴിഞ്ഞദിവസം നടന്നു. പ്രിവ്യൂ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചത്. ഇന്ന് ഒക്ടോബർ ഒന്നിന് ആഗോള റിലീസിനെത്തുന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പ്രിവ്യൂ പ്രദർശനത്തിൽ സിനിമ കണ്ടവരിൽ നിന്ന്, മനസ്സിനെ സ്പർശിക്കുന്ന മനോഹര സിനിമ എന്ന അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. വ്യത്യസ്തമായ പ്രമേയവും റാമിന്റെ വേറിട്ട ആഖ്യാനശൈലിയും നിവിൻ പോളി, സൂരി, അഞ്ജലി എന്നിവരുടെ പ്രകടനങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായി ചിത്രം കണ്ടവർ ചൂണ്ടിക്കാട്ടുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമിക്കുന്ന ചിത്രം കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് പ്രദർശനത്തിനെത്തിക്കുന്നത്.
നിവിൻ പോളിയും സൂരിയും അഞ്ജലിയും പ്രിവ്യൂ ഷോയിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം പങ്കെടുത്തു. തമിഴ് സംവിധായകൻ വിഘ്നേഷ് ശിവൻ, മലയാള നടൻ അജു വർഗീസ് തുടങ്ങി സിനിമാ മേഖലയിലെ നിരവധി പ്രമുഖരും പ്രിവ്യൂവിനെത്തി. ചിത്രത്തിന്റെ താരങ്ങളും അണിയറപ്രവർത്തകരും ഉൾപ്പെടെയുള്ള നിരവധി പേരുടെ സാന്നിധ്യം പ്രിവ്യൂ ഷോക്ക് ശ്രദ്ധേയമായ അന്തരീക്ഷമാണ് സമ്മാനിച്ചത്.
ത്രില്ലർ, മിസ്റ്ററി, ഫാന്റസി, പ്രണയം, നർമം, ആക്ഷൻ, വൈകാരികത തുടങ്ങി വ്യത്യസ്ത തലങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് ‘യേഴു കടൽ യേഴു മലൈ’. പ്രേക്ഷകർക്ക് മുന്നിൽ സ്ഥിരം കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായൊരു ലോകം തുറന്നിടുന്ന സിനിമയാണ് റാം ഒരുക്കിയിരിക്കുന്നതെന്നാണ് പ്രിവ്യൂവിന് ശേഷമുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. കഥയുടെ വ്യത്യസ്തമായ പശ്ചാത്തലവും കഥാപാത്രങ്ങളുടെ സ്വഭാവവും സിനിമയുടെ അവതരണ രീതിയും ചിത്രത്തെ വേറിട്ട അനുഭവമാക്കി മാറ്റുന്നുവെന്നും അഭിപ്രായങ്ങളുണ്ട്.
Also Read: മരണമില്ലാത്തയാളായി നിവിൻ പോളി; ‘യേഴു കടൽ യേഴു മലൈ’യുടെ ആദ്യ 3 മിനിറ്റ് പുറത്തുവിട്ട് അണിയറക്കാർ
8000-ത്തിലധികം വർഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രമായാണ് നിവിൻ പോളി ചിത്രത്തിലെത്തുന്നത്. കഥാപാത്രത്തിന്റെ വ്യത്യസ്ത ഭാവങ്ങളും പ്രകടനവും പ്രേക്ഷകർക്കിടയിൽ പ്രത്യേക ശ്രദ്ധ നേടുന്നുണ്ട്. നിവിൻ പോളിയും സൂരിയും ഒന്നിച്ചുള്ള രംഗങ്ങളിലെ കോമ്പിനേഷനും നർമ്മവും വൈകാരികതയും മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തുന്നുവെന്നാണ് പ്രിവ്യൂ ഷോക്ക് ശേഷമുള്ള പ്രതികരണങ്ങൾ പറയുന്നത്. അഞ്ജലിയുടെ കഥാപാത്രവും ചിത്രത്തിന്റെ കഥാഗതിയിൽ നിർണായക സാന്നിധ്യമാണ്.
‘റിച്ചി’ക്ക് ശേഷം നിവിൻ പോളി നായകനായെത്തുന്ന തമിഴ് ചിത്രം കൂടിയാണ് ‘യേഴു കടൽ യേഴു മലൈ’. റാം-നിവിൻ പോളി കൂട്ടുകെട്ടിലെ ആദ്യ ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലർ തന്നെ ചിത്രത്തിന്റെ പ്രമേയത്തിലെ കൗതുകവും കഥാപാത്രങ്ങളിലെ വ്യത്യസ്തതയും പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരുന്നു. പ്രിവ്യൂ ഷോക്ക് ശേഷമുള്ള പ്രതികരണങ്ങൾ കൂടി പുറത്തുവന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർന്നിരിക്കുകയാണ്.
തിയേറ്റർ റിലീസിന് മുൻപ് തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും ശ്രദ്ധ നേടിയ ചിത്രമാണ് ‘യേഴു കടൽ യേഴു മലൈ’. 53-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ചിത്രം വി പ്രൊ ബിഗ് സ്ക്രീൻ അവാർഡ് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളിൽ ഒന്നായിരുന്നു. രവി മരിയ, എൻ. അഴക പെരുമാൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
രചന, സംവിധാനം: റാം, നിർമാതാവ്: സുരേഷ് കാമാച്ചി, ബാനർ: വി ഹൗസ് പ്രൊഡക്ഷൻസ്, സംഗീതം: യുവൻ ശങ്കർ രാജ, അഡീഷണൽ മ്യൂസിക്: സന്തോഷ് ധയാനിധി, ഛായാഗ്രഹണം: എൻ. കെ. ഏകാംബരം, എഡിറ്റിംഗ്: മതി വി. എസ്, പ്രൊഡക്ഷൻ ഡിസൈൻ: ഉമേഷ് ജെ. കുമാർ, വരികൾ: മദൻ കാർക്കി, മതി പുകഴേന്തി, ആക്ഷൻ: സ്റ്റണ്ട് സിൽവ, നൃത്തസംവിധാനം: സാൻഡി മാസ്റ്റർ, വസ്ത്രാലങ്കാരം: ചന്ദ്രകാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, സൗണ്ട് ഡിസൈൻ & മിക്സ്: ടി. ഉദയകുമാർ, സൗണ്ട് ഡിസൈൻ: രഞ്ജിത്ത് വെങ്കിട്ടഗോപാൽ, ശരവണ കുമാർ, സൗണ്ട് എഫക്റ്റ്സ്: രാജശേഖർ, വിഎഫ്എക്സ്: ബീ സ്റ്റുഡിയോ, വിഎഫ്എക്സ് ഹെഡ്: സി. ഗജേന്ദ്രൻ, വിഎഫ്എക്സ് സൂപ്പർവൈസർ: കാർത്തിക് കംബെട്ടൻ, നിശ്ചല ഛായാഗ്രഹണം: ജയകുമാർ വൈരവൻ, കളറിസ്റ്റ്: രാജശേഖർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജഗദീഷ് കെ. എച്ച്, അമീർരാജ്, പ്രവീൺ കുമാർ ജി, മാലിക് ഐ.
Content Highlights: Director Ram's romantic fantasy thriller Yezhu Kadal Yezhu Malai, starring Nivin Pauly, Anjali, and Soori, received overwhelmingly positive reviews at its special preview show attended by major industry personalities, right ahead of its grand worldwide release today.
Published: 01 Oct 2026, 12:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented