കരുനാഗപ്പള്ളി : തായമ്പകയ്ക്കു പിന്നാലെ സിനിമയിലും താരമാകുകയാണ് കരുനാഗപ്പള്ളിയുടെ എം.എൽ.എ. സി.ആർ.മഹേഷ്. അനിൽ വി.നാഗേന്ദ്രൻ സംവിധാനം ചെയ്ത 'തീ' എന്ന സിനിമയിലാണ് മഹേഷും ഒരു പ്രധാന റോളിലെത്തുന്നത്.

To advertise here,

'വസന്തത്തിന്റെ കനൽവഴികൾ' എന്ന സിനിമയ്ക്കുശേഷം അനിൽ വി.നാഗേന്ദ്രൻ ഒരുക്കുന്ന സിനിമയാണ് 'തീ'. സമകാലിക സംഭവങ്ങളെ കോർത്തിണക്കി ഒരുക്കിയിരിക്കുന്ന സിനിമയിൽ അനീതിക്കെതിരേ പോരാടുന്ന ഒരുകൂട്ടം യുവാക്കളുടെ നേതാവായാണ് സി.ആർ.മഹേഷ് എത്തുന്നത്. ബൈക്കിലെത്തി വില്ലൻമാരെ അടിച്ചിടുന്ന കഥാപാത്രം. തൊടിയൂരിലും സമീപ സ്ഥലങ്ങളിലുമായിട്ടായിരുന്നു ചിത്രീകരണം. സിനിയുടെ ടീസറും ഗാനങ്ങളും പുറത്തിറങ്ങിക്കഴിഞ്ഞു. ചിത്രം ഉടൻ പ്രദർശനത്തിനെത്തും.

സിനിമയിൽ തുടക്കക്കാരനാണെങ്കിലും മികച്ച അഭിനയാണ് സി.ആർ.മഹേഷ് കാഴ്ചവെച്ചതെന്ന് സംവിധായകൻ അനിൽ വി.നാഗേന്ദ്രൻ പറയുന്നു. സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് സി.ആർ.മഹേഷ് നാടകങ്ങളെഴുതി അഭിനയിച്ചിട്ടുണ്ട്. പിന്നീട് പൊതുപ്രവർത്തനത്തിൽ സജീവമായതോടെ അഭിനയവഴി വിട്ടു. സി.ആർ.മഹേഷിന്റെ സഹോദരൻ അന്തരിച്ച സി.ആർ.മനോജ് അറിയപ്പെടുന്ന നാടകരചയിതാവും അഭിനേതാവുമെല്ലാമായിരുന്നു.

ഇന്ദ്രൻസ്, പ്രേംകുമാർ, വിനു മോഹൻ, രമേഷ് പിഷാരടി, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, മുഹമ്മദ് മുഹസിൻ, സാഗര, ഋതേഷ് എന്നിവർക്കൊപ്പം കെ.സോമപ്രസാദ് എം.പി., മുൻ എം.പി. കെ.സുരേഷ് കുറുപ്പ്, ഗായകൻ ഉണ്ണിമേനോൻ, ആർട്ടിസ്റ്റ് സുജാതൻ തുടങ്ങിയവരും സിനിമയിൽ പ്രധാന റോളുകളിൽ എത്തുന്നു. അധോലോകനായകനായാണ് ഇന്ദ്രൻസിന്റെ സിനിമയിലെ വേഷപ്പകർച്ച. അടുത്തകാലത്തായി സി.ആർ.മഹേഷ് തായമ്പകയിലും അരങ്ങേറ്റംകുറിച്ചിരുന്നു.

Content Highlights: CR Mahesh MLA in Thee Malayalam Movie, Anil V Nagendran