ചെന്നൈ: രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി' എ സര്‍ട്ടിഫിക്കറ്റുള്ള ചിത്രമായി തുടരും. മദ്രാസ് ഹൈക്കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്കിയ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ് നല്കിയ ഹര്‍ജി കോടതി തള്ളി. ജസ്റ്റിസ് ടി.വി. തമിഴ്സെല്വി അധ്യക്ഷയായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഇതോടെ മൂന്നര പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു രജനീകാന്ത് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. 1989-ല്‍ പുറത്തിറങ്ങിയ 'ശിവ' ആണ് ഇതിന് മുമ്പ് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച രജനി ചിത്രം.
ഭീകരമായ വയലന്‍സ് രംഗങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് സിബിഎഫ്സി (സെന്‍സര്‍ ബോര്‍ഡ്) ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സെന്‍സര്‍ ബോര്‍ഡിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യങ്ങള്‍ കോടതിയില്‍ വാദിച്ചു. അതേസമയം ചില ഭാഗങ്ങള്‍ മുറിച്ചുമാറ്റിയാല്‍ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് സിബിഎഫ്സി നിര്‍മാതാക്കളെ അറിയിച്ചതായും അദ്ദേഹം കോടതിയോട് പറഞ്ഞു. എന്നാല്‍ നിര്‍മാതാക്കള്‍ ഇത് അംഗീകരിച്ചില്ല.
കെജിഎഫ് ഒന്ന്, രണ്ട് ഉള്‍പ്പെടെയുള്ള പല ചിത്രങ്ങളിലും വയലന്‍സ് ഉണ്ടായിരുന്നിട്ടും അവയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത് എന്നാണ് സണ്‍ പിക്ചേഴ്സിന്റെ അഭിഭാഷകന് വാദിച്ചത്. കൂലിക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കുടുംബപ്രേക്ഷകരെ ചിത്രം തിയേറ്ററിലെത്തി കാണുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുമെന്നും അവര്‍ വാദിച്ചു. എന്നാല്‍ കോടതി ഈ വാദങ്ങള്‍ മുഖവിലയ്ക്കെടുത്തില്ല.
അതേസമയം സര്‍ട്ടിഫിക്കറ്റ് വിവാദം കോടതിയിലായിരുന്നിട്ടും തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ് കൂലി. റിലീസായി ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ തന്നെ ചിത്രം 400 കോടി രൂപ ആഗോളതലത്തില്‍ കളക്ട് ചെയ്തു.
Content Highlights: Madras High Court dismisses Sun Pictures’ plea against ‘A’ certificate for Rajinikanth’s Coolie
Published: 28 Aug 2025, 12:24 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented