പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റഫർ നോളൻ ചിത്രമാണ് ഓപ്പൺഹൈമർ. ആറ്റം ബോംബിന്റെ പിതാവ് എന്ന വിശേഷണമുള്ള ജൂലിയസ് റോബർട്ട് ഓപ്പൺഹൈമറുടെ ജീവിതമാണ് ചിത്രത്തിനാധാരം. കിലിയൻ മർഫിയാണ് ഈ അമേരിക്കൻ ന്യൂക്ലിയർ ഫിസിസ്റ്റായി വേഷമിടുന്നത്. ഈ ചിത്രത്തിനുവേണ്ടി താൻ നടത്തിയ തയ്യാറെടുപ്പുകൾ എന്തെല്ലാമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

To advertise here,

ഓപ്പൺഹൈമറെ അവതരിപ്പിക്കാൻ മനസിനെ ഒരുക്കിയത് ഭഗവത് ഗീത വായിച്ചാണെന്ന് കിലിയൻ മർഫി പറഞ്ഞു. ഭൗതികശാസ്ത്രജ്ഞനായ റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതത്തെ അനുകരിച്ച്​ താൻ സംസ്കൃതം പഠിച്ചതായും താരം വെളിപ്പെടുത്തി. 

‘ഞാൻ സിനിമയ്ക്കായുള്ള തയാറെടുപ്പിനിടെ ഭഗവത് ഗീത വായിച്ചു. വളരെ മനോഹരവും പ്രചോദനം നൽകുന്നതുമായ ഉള്ളടക്കമാണതിന്. ഓപ്പൺഹൈമറിന് സാന്ത്വനവും ആശ്വാസവും നൽകിയ പുസ്തകമാണത്.’-കിലിയൻ മർഫി പറഞ്ഞു. ലോക സിനിമാ പ്രേക്ഷകരെ ഞെട്ടിക്കാൻ ഇത്തവണ ​അണുബോംബിന്റെ പിറവിയുടെ കഥയുമായാണ് ക്രിസ്റ്റഫർ നോളൻ എത്തുന്നത്. 2020-ൽ‍ പുറത്തിറങ്ങിയ ടെനെറ്റിനു ശേഷം നോളൻ ഒരുക്കുന്ന ചിത്രം കൂടിയാണ് ’ഓപ്പൺഹൈമർ’.

2005-ലെ പുലിറ്റ്‌സർ സമ്മാനത്തിന് അർഹമായ ‘അമേരിക്കൻ പ്രൊമിത്യൂസ്: ദി ട്രയംഫ് ആൻഡ് ട്രാജഡി ഓഫ് ജെ. റോബർട്ട് ഓപ്പൺഹൈമർ’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. രണ്ടാം ലോകയുദ്ധവും അണുബോംബ് കണ്ടുപിടിച്ചതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. എമിലി ബ്ലണ്ട്, റോബർട്ട് ഡൗണി ജൂനിയർ, മാറ്റ് ഡാമൺ, ഫ്ലോറൻസ് പഗ്, റാമി മാലെക്ക് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

വി.എഫ്.എക്സിന്റെ ഉപയോഗം പരമാവധി കുറച്ചുകൊണ്ട് സ്ഫോടനങ്ങൾ ഉൾപ്പടെ യാഥാർഥ്യത്തോടെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് ക്രിസ്റ്റഫർ നോളൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ഹൊയ്തി വാൻ ഹൊയ്ടെമയാണ് ചിത്രത്തിന്റെ ക്യാമറ കെെകാര്യം ചെയ്തിരിക്കുന്നത്. 2023 ജൂലെെ 21-ന് ചിത്രം തിയേറ്ററുകളിലെത്തും.