Photo | Facebook, Vinay Forrt
തിരുവനന്തപുരം: ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരള പോലീസ് ചുരുളി സിനിമ കാണുന്നു. സിനിമയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പോലീസ് സിനിമ കാണുന്നത്.
എഡിജിപി പദ്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിന് എ.സി.പി എ നസീം എന്നിവരാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിനിമ കാണുക.
സിനിമയിലുപയോഗിച്ചിരിക്കുന്ന സഭ്യമല്ലാത്ത വാക്കുകള്‍ പരിശോധിക്കുന്നതിനാണ് സമിതി രൂപീകരിച്ചത്. ഇവര്‍ സിനിമ കണ്ടതിന് ശേഷം തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറും.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി' ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാന്‍ ഹൈക്കോടതി കുറച്ച് ദിവസം മുന്‍പ് ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കേസില്‍ ഡിജിപിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.
ചുരുളി പൊതു ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ്വില്‍ നിന്നും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങള്‍ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈ ഹര്‍ജി പരിഗണിക്കവെ സിനിമ പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
സിനിമ എന്നത് സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണ്. അതില്‍ കോടതിക്ക് കൈകടത്താന്‍ സാധിക്കില്ല. സിനിമ സംവിധായകന്റെ സൃഷ്ടിയാണ്. സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ആവിഷ്കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ചിത്രത്തിലെ വിവാദമായ ഭാഷാ പ്രയോഗത്തെ കുറിച്ചും ഹൈക്കോടതി പരമാര്‍ശം നടത്തി.
വള്ളുവനാടന്‍ ഭാഷയോ, കണ്ണൂര്‍ ഭാഷയോ സിനിമയില്‍ ഉപയോഗിക്കാന്‍ കോടതി എങ്ങിനെയാണ് ആവശ്യപ്പെടുക? ഗ്രാമത്തിലെ ജനങ്ങള്‍ ആ ഭാഷയായിരിക്കാം ഉപയോഗിക്കുന്നത്. സിനിമയില്‍ നിയമം ലഘനം നടന്നിട്ടുണ്ടോ എന്ന് മാത്രമേ ഹൈക്കോടതിക്ക് പരിശോധിക്കാന്‍ സാധിക്കുകയുള്ളു. നിലവില്‍ അത്തരം കണ്ടെത്തലുകള്‍ ഉണ്ടായിട്ടില്ലെന്നും ഹൈക്കോടതി വിലയിരുത്തി.
സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്നത് വഴി സെന്‍സര്‍ ബോര്‍ഡ് ക്രിമിനല്‍ നടപടിക്രമം ലംഘിക്കുകയായിരുന്നുവെന്നാണ് ഹര്‍ജിക്കാര്‍ ആരോപിച്ചത്. എന്നാല്‍ സിനിമ തിയേറ്ററുകളില്ല ഒടിടിയിലാണ് റിലീസ് ചെയ്തത്. അതിനാല്‍ ആരെയും നിര്‍ബന്ധിച്ച് സിനിമ കാണിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
Content Highlights: Churuli movie controversy, Kerala Police to watch movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..